ജസ്നയടക്കമുളളവരെ ചെങ്ങന്നൂരിലെ അനാഥാലയത്തിലെത്തിച്ചതായി യുവാവിന്റെ പരാതി; ജസ്ന തിരോധാനത്തില്‍ വൻ വഴിത്തിരിവ്

മുണ്ടക്കയത്തെ ജസ്‌ന മരിയ ജെയിസിന്റെ തിരോധാനം ഒരു ചുരുളഴിക്കപ്പെടാത്ത രഹസ്യമായി തുടരുകയാണ്. ലക്ഷക്കണക്കിന് ഫോണ്‍ കോളുകളും കാട്ടിലും നാട്ടിലുമുള്ള അന്വേഷണവുമൊന്നും ഒരിടത്തും എത്തിയിട്ടില്ല. മുണ്ടക്കയത്തെ വസ്ത്ര വ്യാപാരസ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങളാണ് പോലീസിന് ഏറ്റവും ഒടുവിലായി കിട്ടിയിരിക്കുന്ന കച്ചിത്തുരുമ്ബ്.

അതിനിടെ ചെങ്ങന്നൂരിലെ അനാഥാലയത്തില്‍ ജസ്‌നയെ തേടി പോലീസ് പരിശോധന നടത്തിയിരിക്കുകയാണ്. ഇവിടുത്തെ ചാണകക്കുഴിയില്‍ നിന്നും ചില അസ്ഥിക്കഷങ്ങള്‍ പോലീസ് കണ്ടെടുത്തത് നിര്‍ണായക വഴിത്തിരിവായിരിക്കുകയാണ്. ജസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണം ഓരോ ഘട്ടത്തിലും കൂടുതല്‍ കൂടുതല്‍ ദുരൂഹമായിക്കൊണ്ടിരിക്കുന്നു. തമിഴ്‌നാട്ടില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ആ അന്വേഷണം ചെങ്ങന്നൂരിലെ ഒരു അനാഥാലയത്തിലെ ചാണകക്കുഴി വരെ എത്തി നില്‍ക്കുകയാണ്. ജസ്‌ന മരണപ്പെട്ടുവോ എന്ന് സംശയിക്കത്തക്ക വിധത്തിലാണ് നിലവില്‍ കാര്യങ്ങളുടെ കിടപ്പ്.

ചെങ്ങന്നൂര്‍ സ്വദേശിയായ മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പ്രദീപ് കോശി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിക്കും ജില്ലാ പോലീസ് മേധാവിക്കും ജസ്‌നയുടെ തിരോധാനം സംബന്ധിച്ച്‌ പരാതി നല്‍കിയിരുന്നു. ചെങ്ങന്നൂര്‍ മുളക്കുഴിയിലെ അനാഥാലയത്തിന് എതിരെയാണ് പരാതി നല്‍കിയത്. കാണാതായ ജസ്‌ന ഉള്‍പ്പെടെ നിരവധി പേരെ ഈ അനാഥാലയത്തില്‍ എത്തിച്ചതായി പരാതിയില്‍ പറയുന്നുവെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.

ഇത്തരത്തില്‍ അനാഥാലയത്തില്‍ എത്തിച്ചവരില്‍ ചിലര്‍ മരിച്ചിട്ടുണ്ടെന്നും പരാതിയില്‍ സൂചിപ്പിക്കുന്നു. മരിച്ചവരുടെ മൃതദേഹങ്ങള്‍ അനാഥാലയത്തിലെ തൊഴുത്തിന് സമീപത്തുള്ള ചാണകക്കുഴിയില്‍ കുഴിച്ചിട്ടിട്ടുണ്ട് എന്നും പ്രദീപ് കോശിയുടെ പരാതിയില്‍ ആരോപിക്കുന്നു. ഇത് പ്രകാരമാണ് പോലീസ് കഴിഞ്ഞ ദിവസം അനാഥാലയത്തിലെ ചാണകക്കുഴിയില്‍ തെരച്ചില്‍ നടത്തിയത്.