പ്രിൻസിപ്പാൾ പോലുമില്ലാതെ കേരളത്തിലെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍; ഒഴിവുണ്ടായിട്ടും റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാതെ പിഎസ്‌സി

അധ്യാപകരില്ലാതെ സംസ്ഥാനത്തെ സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകള്‍ പ്രതിസന്ധിയില്‍. 3573 അധ്യാപകരുടെ ഒഴിവുണ്ടായിട്ടും പിഎസ്‌സി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചിട്ടില്ല. 2014ലെ വിജ്ഞാപനത്തില്‍ പരീക്ഷ നടത്തിയത് 2017ലാണ്. ഇന്റര്‍വ്യൂ ഇനിയും പൂര്‍ത്തിയായില്ല. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം വിജയത്തിലേക്കെന്ന് അവകാശപ്പെടുമ്പോഴാണിത്.

അതേസമയം, സംസ്ഥാനത്തെ സർക്കാർ ഹയർ സെക്കൻഡറി സ്കൂളുകളിൽ പ്രിൻസിപ്പൽമാരുടെ 171 ഒഴിവുകളിൽ ആളില്ല. സർക്കാർ യുപി സ്കൂളുകളിൽ 1085, എൽപി സ്കൂളുകളിൽ 2725 എന്ന ക്രമത്തിൽ അധ്യാപക തസ്തികകളും ഒഴിഞ്ഞു കിടക്കുന്നു. പ്രമോഷൻ നിയമനത്തിനായി ഒഴിച്ചിട്ടിരിക്കുന്ന പ്രിൻസിപ്പൽ ഒഴിവുകളാണിത്. നിലവിലുള്ള പ്രിൻസിപ്പൽമാരുടെ സ്ഥലംമാറ്റം ഏതാണ്ടു പൂർത്തിയായി. ഹയർസെക്കൻഡറി അധ്യാപകരിൽനിന്നു സ്ഥാനക്കയറ്റം ലഭിക്കുന്നവരെയാണ് ഈ 171 ഒഴിവിൽ നിയമിക്കേണ്ടത്.

ഹയർസെക്കൻഡറി അധ്യാപക സ്ഥലംമാറ്റത്തിനൊപ്പം സ്ഥാനക്കയറ്റവും നടത്തിയാലേ അധ്യാപക ഒഴിവുകൾ പൂർണമായി നികത്താനാവൂ. എന്നാൽ അധ്യാപക സ്ഥലംമാറ്റം കേസിൽ കുടുങ്ങിക്കിടക്കുകയാണ്.