ഉപ്പും മുളകിലെ നീലുവിനൊപ്പമില്ലെന്നറിയിച്ച് സീരിയൽ സംവിധായകരുടെ സംഘടന; ഉണ്ണികൃഷ്ണനെ പുറത്താക്കിയാൽ…; പുതിയ വിവാദം

ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാംരംഗിനെ പീഡിപ്പിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണനെ മാറ്റി പുതിയ സംവിധായകനെ നിയമിച്ച്‌ ഫ്‌ളവേഴ്‌സ്. ഇതോടെ, ഉണ്ണികൃഷ്ണനെ മാറ്റിയാല്‍ സീരിയല്‍ രംഗത്തെ മൊത്തം സംവിധായകരും പണിമുടക്കുമെന്ന് സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘടനയായ മലയാളം ടെലിവിഷന്‍ ഫ്രറ്റേണിറ്റി രംഗത്തെത്തി. .

ജനപ്രിയ സീരിയലായ ഉപ്പുംമുളകിലെ നായിക നിഷ സാരംഗിനെ കുറേക്കാലമായി മോശം പെരുമാറ്റത്തിലൂടെയും ചീത്തവിളിയിലൂടെയും അപമാനിച്ചുവെന്ന വിവരം നടി തന്നെ വെളിപ്പെടുത്തിയതോടെയാണ് ഇക്കാര്യം വലിയ ചര്‍ച്ചയായത്. ഇതോടെ ഉണ്ണികൃഷ്ണന്റെ മുന്‍കാലങ്ങളിലെ മോശം അനുഭവങ്ങളും പലരും പറയുകയും അതുള്‍പ്പെടെ ചര്‍ച്ചയാകുകയും ചെയ്തു. ഉപ്പുംമുളകില്‍ തുടര്‍ന്ന് അഭിനയിക്കാനില്ലെന്ന് നിഷ സാരംഗ് തന്നെ അപമാനിച്ച സംവിധായകന്റെ ചെയ്തികള്‍ തുറന്നുപറഞ്ഞതിനൊപ്പം വെളിപ്പെടുത്തിയിരുന്നു. ഇതോടെ ഫ്‌ളവേഴ്‌സ് ചാനല്‍ രംഗത്തെത്തി. നായികയായി നിഷ തന്നെ തുടരുമെന്നും വ്യക്തമാക്കി. അതേസമയം സംവിധായകനെ മാറ്റുന്ന കാര്യം ഫ്‌ളവേഴ്‌സ് വ്യക്തമാക്കിയതുമില്ല.

നിഷ തന്നെയാണ് ഉണ്ണികൃഷ്ണനെ ഉപ്പുംമുളകും സീരിയലിന്റെ സംവിധാന ചുമതലയില്‍ നിന്ന് മാറ്റിയതായും താന്‍ വ്യാഴാഴ്ച മുതല്‍ സീരിയലില്‍ തുടര്‍ന്ന് അഭിനയിച്ച്‌ തുടങ്ങുമെന്നും വ്യക്തമാക്കിയത്. അതേസമയം പുതിയ സംവിധായകന്‍ ആരായിരിക്കുമെന്ന കാര്യം വെളിപ്പെടുത്തിയിട്ടില്ല. ഫ്‌ളവേഴ്‌സും ഇക്കാര്യത്തില്‍ മൗനം പാലിക്കുകയാണ്. സംവിധായകന്റെ പീഡനക്കാര്യങ്ങള്‍ ചാനല്‍ മേധാവി ശ്രീകണ്ഠന്‍ നായരേയും ഭാര്യയേയും അറിയിച്ചെങ്കിലും തുടര്‍ നടപടി ഉണ്ടായില്ലെന്നും പിന്നെയും ഉണ്ണികൃഷ്ണന്‍ പീഡനം തുടര്‍ന്നെന്നും വെളിപ്പെടുത്തിയാണ് താന്‍ പിന്മാറുന്നതായി നിഷ പൊട്ടിക്കരഞ്ഞുകൊണ്ട് ചാനല്‍ അഭിമുഖത്തിലൂടെ അറിയിച്ചത്.

ഇതോടെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയിലും സീരിയല്‍ രംഗത്തും ഉയര്‍ന്നത്. ഫ്‌ളവേഴ്‌സ് തന്നെ ഇടപെട്ട് നടിയെ മാറ്റുന്നില്ലെന്നും അവര്‍ തന്നെ ഉപ്പുംമുളകിലെ നായികയുടെ റോള്‍ അഭിനയിക്കുമെന്നും വ്യക്തമാക്കിയത്. നടിക്ക് പിന്തുണയുമായി വിവിധ സംഘടനകളും സഹപ്രവര്‍ത്തകരും രംഗത്തെത്തിയിരുന്നു. വനിതാകമ്മിഷന്‍ സംവിധായകനെതിരേ സ്വമേധയാ കേസെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഉണ്ണികൃഷ്ണനെ മാറ്റിയതായും പുതിയസംവിധായകന്റെ പേര് വെളിപ്പെടുത്തരുതെന്ന നിര്‍ദേശമുള്ളതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്നും വ്യക്തമാക്കി നിഷ തന്നെ രംഗത്തെത്തിയിട്ടുള്ളത്.