HomeWorld NewsEuropeഇമിഗ്രേഷൻ പരിശോധനയ്ക്കായി രണ്ടര മണിക്കൂർ വരെ; ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ ചെലവുചുരുക്കൽ യാത്രക്കാരെ വലയ്ക്കുന്നത് ഇങ്ങനെ:

ഇമിഗ്രേഷൻ പരിശോധനയ്ക്കായി രണ്ടര മണിക്കൂർ വരെ; ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിലെ ചെലവുചുരുക്കൽ യാത്രക്കാരെ വലയ്ക്കുന്നത് ഇങ്ങനെ:

ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിൽ ഇമിഗ്രേഷൻ പരിശോധനയ്ക്കായി യാത്രക്കാർ ക്യൂനിന്നു വലയുന്നതു രണ്ടര മണിക്കൂറിലേറെ. പത്തും പതിനഞ്ചും മണിക്കൂർ യാത്രചെയ്തു ക്ഷീണിച്ച് അവശരായി എത്തുന്ന യാത്രക്കാരെയാണ് ചെലവു ചുരുക്കലിന്റെ പേരിൽ ഹോം ഓഫിസ് അധികൃതർ (യുകെബിഎ) ക്യൂനിർത്തി വലയ്ക്കുന്നത്. അവധികഴിഞ്ഞു മടങ്ങിയെത്തുന്ന മലയാളികൾ ഉൾപ്പെടെയുള്ള യാത്രക്കാർക്ക് ഹീത്രൂവിലെ നീണ്ട ക്യൂവാണ് ഇപ്പോൾ ഏറ്റവും വലിയ തലവേദന.

രാജ്യാന്തര യാത്രികരെ പാസ്പോർട്ട്, വിസ പരിശോധനകൾ പൂർത്തിയാക്കി ഇമിഗ്രേഷൻ സീൽ പതിപ്പിച്ച് പരമാവധി 45 മിനിറ്റിനുള്ളിൽ വിമാനത്താവളത്തിൽനിന്നും പുറത്തുവരാൻ അനുവദിക്കണമെന്നാണു വ്യവസ്ഥ. എന്നാൽ ഇതിപ്പോൾ ഒരിക്കലും സാധ്യമാകുന്നില്ല. ജൂലൈയിലെ 31 ദിവസങ്ങളിൽ 30 ദിവസവും 45 മിനിറ്റ് എന്ന ലക്ഷ്യം കൈവരിക്കാനായില്ല. വേനൽക്കാലത്തെ തിരക്കു മറികടക്കാനായി 200 സ്റ്റാഫിനെ അധികമായി നിയോഗിച്ചിട്ടുണ്ടെന്നാണു സർക്കാർ പറയുന്നത്. എന്നാൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ രണ്ടോ മൂന്നോ പേരെ മാത്രമാണു കാണാനാകുന്നതെന്നാണു യാത്രക്കാരുടെ പരാതി.

ജൂലൈ ആറിനാണ് ക്യൂവിന്റെ സമയം റെക്കോർഡ് നീണ്ടത്. യൂറോപ്യൻ യൂണിയനു പുറത്തുള്ള യാത്രക്കാരുടെ ക്യൂവിൽ രണ്ടു മണിക്കൂർ 36 മിനിറ്റ് നിന്നാണു യാത്രക്കാർ അന്നു പുറത്തിറങ്ങിയത്. പ്രായമായവരും പിഞ്ചുകുഞ്ഞുങ്ങളുമായി ദീർഘദൂരയാത്ര കഴിഞ്ഞുള്ള ഈ നിൽപ് അഭയാർഥി ക്യാംപിലേതിനു തുല്യമാണെന്നായിരുന്നു മലയാളിയായ ഒരു യാത്രക്കാരന്റെ പ്രതികരണം. യൂറോപ്യൻ ഇക്കണോമിക് ഏരിയയ്ക്കുള്ളിലെ (ഇഇഎ) 31 രാജ്യങ്ങളിലെയും സ്വിറ്റ്സർലൻഡിലെയും യാത്രക്കാർക്ക് ഇത്തരത്തിൽ ക്യൂ നിൽക്കാതെ സ്വന്തമായി പാസ്പോർട്ട് സ്കാൻ ചെയ്ത് ഇലക്ട്രോണിക് ഗേറ്റിലൂടെ പുറത്തു വരാം.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments