HomeNewsShortവടക്കന്‍ ജില്ലകളില്‍ കനത്ത മഴ; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം; പാലക്കാട്ടെ എല്ലാ ഡാമുകളും തുറന്നു; പലയിടത്തും...

വടക്കന്‍ ജില്ലകളില്‍ കനത്ത മഴ; ജനങ്ങൾക്ക് ജാഗ്രതാ നിര്‍ദേശം; പാലക്കാട്ടെ എല്ലാ ഡാമുകളും തുറന്നു; പലയിടത്തും ഉരുള്‍പൊട്ടല്‍

മലബാര്‍ ജില്ലകളിലും ഇടുക്കിയിലും വീണ്ടും മഴയിൽ കനത്ത നാശനഷ്ടം. തീവ്രമായ മഴയെ തുടര്‍ന്ന് വയനാട്ടില്‍ പല പ്രദേശങ്ങളും ഒറ്റപ്പെട്ടു. വടക്കന്‍ ജില്ലകളായ കണ്ണൂരിന്റെയും മലപ്പുറത്തിന്റെയും കോഴിക്കോടിന്റെയും മലയോര മേഖലകളില്‍ നിരവധി ഉരുള്‍പൊട്ടലുണ്ടായി. വയനാട് ബാണാസുര സാഗര്‍ അണക്കെട്ടിന്റെ ഷട്ടര്‍ 210 സെന്റിമീറ്റര്‍ ഉയര്‍ത്തി. ജലനിരപ്പ് താഴ്ന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ വീണ്ടും ജലനിരപ്പ് ഉര്‍ന്നു. ഇതേ തുടര്‍ന്ന് തലപ്പുഴ ചുങ്കത്ത് വെള്ളം കയറുകയാണ്. കുറിച്യര്‍ മലയില്‍ മൂന്നാം തവണയും ഉരുള്‍പൊട്ടലുണ്ടായി. താമരശേരി ചുരത്തില്‍ രണ്ടിടത്ത് ഉരുള്‍പൊട്ടി. ഇതോടെ വയനാട്ടിലേക്കുള്ള ഗതാഗതം താറുമാറായി.

മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് ഇടുക്കി ജില്ലാ ഭരണകൂടത്തിന്റെ മുന്നറിയിപ്പ്. മുതിരപ്പുഴയാറില്‍ ജലനിരപ്പ് ഉയര്‍ന്ന് ദേശീയപാതയില്‍ ഉള്‍പ്പടെ വെള്ളം കയറിയ സാഹചര്യത്തിലാണ് മൂന്നാറിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ജലനിരപ്പ് ഉയര്‍ന്നതോടെ മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുകയും ചെയ്തിരുന്നു. പഴയ മൂന്നാര്‍ വെള്ളപ്പൊക്കത്തില്‍ ഒറ്റപ്പെട്ട സ്ഥിതിയിലാണ്. മൂന്നാറിന്റെ പരിസരങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ മണ്ണിടിച്ചിലും രൂക്ഷമാണ്.

കൂടാതെ, അടിമാലി കൊരങ്ങാട്ടി ആദിവാസി മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായി. തടയണ ഒലിച്ചുപോയതായും റിപ്പോര്‍ട്ടുകളുണ്ട്. അടിമാലി കൊന്നത്തടിയില്‍ മണ്ണിടിഞ്ഞ് വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു. മൂന്നാര്‍ ഗവണ്‍മെന്റ് കോളജിന് മുന്നില്‍ മണ്ണിടിച്ചിലും ഉണ്ടായി. മൂന്നാര്‍ ടൗണില്‍ വാഹനഗതാഗതം പൂര്‍ണമായും തടസപ്പെട്ടിരിക്കുകയാണ്. ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചൊവ്വാഴ്ച രാവിലെയാണ് മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകള്‍ തുറന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments