HomeAround KeralaKozhikodeസദ്യക്കെത്തിയവർ കണ്ടത് കാലിയായ കലവറ; വധുവിന്റെ മാതാപിതാക്കള്‍ ബോധം കെട്ടുവീണു; നാടകീയ സംഭവങ്ങളുമായി പനങ്ങാട് ഒരു...

സദ്യക്കെത്തിയവർ കണ്ടത് കാലിയായ കലവറ; വധുവിന്റെ മാതാപിതാക്കള്‍ ബോധം കെട്ടുവീണു; നാടകീയ സംഭവങ്ങളുമായി പനങ്ങാട് ഒരു കല്യാണം നടന്നതിങ്ങനെ

വിവാഹം കഴിഞ്ഞ് വരനും കുടുംബവുമെത്തിയപ്പോള്‍ സദ്യ ഇല്ലാതായാൽ എന്ത് ചെയ്യും ? അത്തരം ഒരു അനുഭവത്തിൽ പതറിയ ഒരു പെണ്‍വീട്ടുകാരുടെ അവസ്ഥയാണ് ഇപ്പോൾ വാര്‍ത്തയായിരിക്കുന്നത്. സ്ഥലത്തെ റസിഡന്റ്സ് അസോസിയേഷന്‍ ഇടപെട്ടതുകൊണ്ടു നാണക്കേടുണ്ടായില്ല എന്നുമാത്രം.സദ്യ കുളമാക്കിയ പാചകക്കാരന്‍ ഇപ്പോള്‍ ഒളിവിലാണ്. ഞായറാഴ്ച പനങ്ങാട്ട് നടന്ന വിവാഹ സല്‍ക്കാരത്തിലായിരുന്നു പാചകക്കാരന്റെ ചതി. 900 പേരുടെ സദ്യയായിരുന്നു വധുവിന്റെ വീട്ടുകാര്‍ ഏര്‍പ്പാടാക്കിയത്. 50,000 രൂപ അഡ്വാന്‍സ് കൈപ്പറ്റുകയും ചെയ്തു പാചകക്കാരന്‍. കടവന്ത്രയിലെ ക്ഷേത്രത്തിലായിരുന്നു താലികെട്ട്. വധുവിന്റെ വീടു സ്ഥിതിചെയ്യുന്ന പനങ്ങാട്ടെ ഹാളില്‍ ആയിരുന്നു സല്‍ക്കാരം. രാവിലെ കെട്ടുകഴിഞ്ഞ് വധൂവരന്‍മാര്‍ ഹാളില്‍ എത്തിയിട്ടും കലവറക്കാര്‍ എത്തിയില്ല.

വിളിച്ചിട്ടു ഫോണ്‍ എടുക്കാതായതോടെ പനങ്ങാട് സെന്‍ട്രല്‍ റസിഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കേറ്ററിങ് കേന്ദ്രത്തിലെത്തിയപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. സദ്യ സാമഗ്രികള്‍ എല്ലാം അരിഞ്ഞ നിലയില്‍ കൂട്ടിയിട്ടിരിക്കുന്നു. ഒന്നും പാചകം ചെയ്തിട്ടില്ല. ജീവനക്കാരെ വിളിച്ചപ്പോള്‍ ഉടമസ്ഥനില്‍നിന്നു നിര്‍ദേശം കിട്ടാതിരുന്നതിനാല്‍ ഒന്നും ചെയ്തില്ല എന്നു മറുപടിയായിരുന്നു. ഇതോടെ വധുവിന്റെ മാതാപിതാക്കള്‍ ബോധംകെട്ടു വീണു. എന്നാല്‍ റസിഡന്റ്സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഒരു നിമിഷം വൈകാതെ പ്രദേശത്തെ കിട്ടാവുന്ന കാറ്ററിങ്ങുകാരോടും ഹോട്ടലുകാരോടും പറഞ്ഞു പരമാവധി ഊണ് എത്തിച്ചു. കുറെ ആളുകൾക്ക് ചിക്കൻ ബിരിയാണി നൽകി.

ധനനഷ്ടത്തിനും മാനഹാനിക്കും പാചകക്കാരനില്‍നിന്നു 10 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റസിഡന്റ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ പനങ്ങാട് പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണിപ്പോള്‍. ഇതിനിടെ, സദ്യയില്ലെന്ന് അറിഞ്ഞതോടെ കുറേ പേര്‍ മടങ്ങി. വരന്റെ പാര്‍ട്ടിയില്‍ പെട്ടവര്‍ക്ക് മരടിലെ ഒരു വെജിറ്റേറിയന്‍ ഹോട്ടലില്‍ ഭക്ഷണം ഏര്‍പ്പാടാക്കിയെങ്കിലും ബന്ധുക്കള്‍ നിജസ്ഥിതി മനസ്സിലായതോടെ വധുവിന്റെ വീട്ടുകാരുമായി സഹകരിച്ചു കാര്യങ്ങള്‍ മംഗളമാക്കി. ഇങ്ങനെയൊരു അവസ്ഥ ഇനി ലോകത്തിലാര്‍ക്കും വരുത്തല്ലേയെന്നാണ് പാചകക്കാരന്റെ ചതിയില്‍ പെട്ട പനങ്ങാട്ടെ കുടുംബത്തിന്റെ പ്രാര്‍ഥന.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments