HomeWorld NewsGulfഗൾഫിൽ സ്ഥിരം ജോലി ഇനി സ്വദേശികൾക്കു മാത്രം ! തിരിച്ചടിയിൽ കടുത്ത ആശങ്കയുമായി മലയാളികൾ

ഗൾഫിൽ സ്ഥിരം ജോലി ഇനി സ്വദേശികൾക്കു മാത്രം ! തിരിച്ചടിയിൽ കടുത്ത ആശങ്കയുമായി മലയാളികൾ

മലയാളികളടക്കമുള്ള പ്രവാസികളിൽ കടുത്ത പരിഭ്രാന്തി പടർത്തി ഗൾഫ്‌ സഹകരണ കൗൺസിൽ രാജ്യങ്ങളിൽ സ്വദേശിവൽക്കരണത്തിന്‌ ആക്കം കൂട്ടി. ഇതോടെ ഗൾഫ്‌ പറുദീസയിൽ ഒരു ജോലി എന്ന കേരളത്തിലെ തൊഴിൽ രഹിതരുടെ സ്വപ്നങ്ങളിൽ കറുപ്പുകയറുന്നു. ഒമാനിലും കുവൈറ്റിലും ബഹ്‌റൈനിലും എണ്ണ-പ്രകൃതിവാതക മേഖലകളിൽ എമറാത്തിവൽക്കരണം എന്ന സ്വദേശിനിയമനം നടപ്പാക്കിക്കഴിഞ്ഞു.

 

 

സൗദി അറേബ്യ, ഖത്തർ എന്നീ രാജ്യങ്ങളിൽ ഇപ്പോൾ നടന്നുവരുന്ന നിയമനങ്ങളിൽ സ്വദേശികൾക്കാണ്‌ മുൻഗണന. അബുദാബി, ദുബായ്‌, ഷാർജ, റാസൽഖൈമ, ഉമ്മുൽ ഖുവൈൽ, അജ്മാൻ, ഫുജൈറ എന്നീ എമിറേറ്റുകളടങ്ങുന്ന യുഎഇയിൽ 17 ലക്ഷത്തോളം കേരളീയർ വർഷങ്ങളായി പണിയെടുക്കുന്നു. ഇവിടെ സ്വദേശിവൽക്കരണം വൈകുമെന്ന പ്രവാസികളുടെ പ്രതീക്ഷയ്ക്കുമേൽ വെള്ളിടിയായി സ്വദേശിവൽക്കരണത്തിന്‌ ആക്കം കൂട്ടി. യുഎഇ അടക്കമുള്ള ഗൾഫ്‌ രാജ്യങ്ങളിൽ തൊഴിൽദാന മേളകൾ വ്യാപകമായി. ഇവിടെയെത്തുന്നവരിൽ തദ്ദേശീയർക്കുമാത്രമാണ്‌ സ്ഥിരം നിയമനം നൽകുന്നത്‌. ബ്ലു കോളർ വിഭാഗത്തിൽപ്പെടുന്ന സാധാരണ തൊഴിലാളികളായി മാത്രമേ വിദേശികളെ നിയമിക്കാറുള്ളു. തുച്ഛവേതനമുള്ള ഈ ജോലികളിൽ മലയാളികൾ കുറവാണ്‌. പാകിസ്ഥാൻ, ബംഗ്ലാദേശ്‌, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഇന്ത്യയിലെ ആന്ധ്രപ്രദേശ്‌, തമിഴ്‌നാട്‌, പശ്ചിമബംഗാൾ, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും നിന്നുള്ളവരാണ്‌ ഈ മേഖലയിലെ മഹാഭൂരിപക്ഷം തൊഴിലാളികളും.

 

 

എണ്ണ വിലത്തകർച്ചയോടെ സാമ്പത്തിക പ്രതിസന്ധിയിലാണ്ട ഗൾഫ്‌ രാജ്യങ്ങളിലെ നിർമ്മാണമേഖല മിക്കവാറും സ്തംഭനത്തിലായതിനാൽ വിദഗ്ധ-അർദ്ധവിദഗ്ധ തൊഴിലാളികൾ, ഓഫീസ്‌ ജീവനക്കാർ, പ്രൊഫഷണലുകൾ എന്നിവരുടെ നിയമനം മരവിപ്പിച്ച മട്ടാണ്‌. ഈ മേഖലകളിൽ മലയാളികളാണ്‌ ഗണ്യമായ ആധിപത്യം പുലർത്തിയിരുന്നത്‌. സ്വദേശിവൽക്കരണം യുദ്ധകാലാടിസ്ഥാനത്തിൽ ത്വരിതപ്പെടുത്തിയതോടെ അബുദാബിയിൽ മാത്രം 2,52,386 നിയമനങ്ങളാണ്‌ ഇക്കഴിഞ്ഞ ജനുവരി, ഫെബ്രുവരി മാസങ്ങളിലായി നടന്നത്‌. എല്ലാം വിദേശികൾക്കുള്ള താൽക്കാലിക നിയമനങ്ങൾ. സാധാരണ തൊഴിലാളികളായി തുച്ഛ വേതനത്തിൽ നിയമനം ലഭിച്ചവർ. ഇവർ വിവിധ ഏഷ്യൻ-ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ള ദരിദ്രരാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു. താൽക്കാലിക നിയമനം ലഭിച്ച 90 ശതമാനത്തിലേറെപ്പേരും സ്വകാര്യ മേഖലയിലാണ്‌. എപ്പോൾ വേണമെങ്കിലും പിരിഞ്ഞുപോകാമെന്ന കരാറിൽ നിയമനം നേടിയവർ.

 

 

അബുദാബി മനുഷ്യ-വിഭവശേഷി-സ്വദേശിവൽക്കരണ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ രണ്ട്‌ മാസത്തിനുള്ളിൽ 60,153 തദ്ദേശീയർക്കാണ്‌ ഉയർന്ന സേവന-വേതന വ്യവസ്ഥകളോടെ സ്ഥിരം നിയമനം നൽകിയത്‌. സ്വദേശിവൽക്കരണത്തിലൂടെ മുന്നേറാൻ തന്നെയാണ്‌ ഗൾഫ്‌ രാജ്യങ്ങൾ തീരുമാനിച്ചിട്ടുള്ളതെന്ന്‌ യുഎഇ സ്വദേശിവൽക്കരണകാര്യമന്ത്രി സക്വർ ഖൊബാഷ്‌ സയിദ്‌ ഖൊബാഷ്‌ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. യുഎഇ സർക്കാർ അടുത്തകാലത്തു പുറപ്പെടുവിച്ച മൂന്ന്‌ ഔദ്യോഗിക വിളംബരങ്ങളനുസരിച്ചാണ്‌ പുതിയ നിയമനനയം നടപ്പാക്കുന്നതെന്ന്‌ തൊഴിൽ മന്ത്രാലയത്തിലെ ഹമീദ്‌ ബിൻ ദീമാസ്‌ അൽ സുവൈദി വ്യക്തമാക്കി. തൊഴിൽ രഹിതരായ അറബി യുവാക്കളെ ഇസ്ലാമിക ഭീകരസംഘടനകൾ ആകർഷിക്കുന്ന പ്രവണതയ്ക്ക്‌ തടയിടാനാണ്‌ സ്വദേശിവൽക്കരണം ഉഷാറാക്കുന്നതെന്ന്‌ ഔദ്യോഗിക വൃത്തങ്ങൾ പറയുന്നു. സൗദി അറേബ്യയിൽ നിന്നുമാത്രം കഴിഞ്ഞ ഏതാനും വർഷങ്ങളായി നാലായിരത്തോളം യുവാക്കൾ ഐഎസിൽ ചേർന്നതായി സൗദി അധികൃതർ വെളിപ്പെടുത്തിയിരുന്നു.

 

കടപ്പാട്: കെ രംഗനാഥ്LIKE

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments