ഫാൻസി നമ്ബറിന് വേണ്ടി ലേലം വിളി നടക്കുന്നതും ലക്ഷങ്ങള്‍ വാരിയെറിയുന്നതും എല്ലാം നമ്മള്‍ സ്ഥിരം കേള്‍ക്കുന്നതാണ്. എന്നാല്‍ ഫാൻസി നമ്ബറായാലും ഇഷ്ടപ്പെട്ട നമ്ബറുകള്‍ ബുക്ക് ചെയ്യാൻ ആർടിഒ ഏജൻ്റുമാരെ ആയിരുന്നു സമീപിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ നമ്മള്‍ക്ക് സ്വയം ചെയ്യാവുന്ന ഒരു കാര്യമാണ് ഇത്. എല്ലാ കാര്യങ്ങള്‍ക്കും ഇപ്പോള്‍ ഓണ്‍ലൈൻ സേവനമുളളത് കൊണ്ട് തന്നെ കാര്യങ്ങള്‍ ഒക്കെ വളരെ എളുപ്പമാണ്. മോട്ടോർ വാഹന വകുപ്പിൻ്റെ പരിവാഹൻ എന്ന സൈറ്റിലാണ് നമ്മളുടെ വാഹനവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഉളളത്.
നിങ്ങള്‍ പരിവാഹൻ സൈറ്റില്‍ കയറിയാല്‍ നിങ്ങളുദ്ദേശിക്കുന്ന നമ്ബർ ലഭ്യമാണോ എന്ന് അറിയാൻ സാധിക്കും. അതിന് മുൻപായി നിങ്ങള്‍ പരിവാഹൻ സൈറ്റില്‍ നിങ്ങളുടെ പ്രൊഫൈല്‍ ഉണ്ടാക്കണം. അതിന് ശേഷം മാത്രമേ നിങ്ങള്‍ക്ക് സൈറ്റിൻ്റെ സേവനങ്ങള്‍ ലഭ്യമാകുകയുളളു. നിങ്ങളുടെ വിവരങ്ങളും ഫോണ്‍ നമ്ബറും നല്‍കിയാല്‍ പെട്ടെന്ന് തന്നെ അക്കൗണ്ട് ഉണ്ടാക്കാൻ സാധിക്കുന്നതാണ്. അക്കൗണ്ട് ഉണ്ടാക്കി കഴിഞ്ഞാല്‍ നിങ്ങള്‍ക്ക് പോർട്ടലില്‍ കയറാം. അതിന് ശേഷം നിങ്ങള്‍ ഏത് ആര്‍ടിഒക്ക് കീഴിലാണ് എന്നത് തെരഞ്ഞെടുത്താല്‍ മാത്രമേ അതിന് കീഴിലുളള നമ്ബർ നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാൻ സാധിക്കു. ഇതിന് മുൻപ് വിറ്റു പോകാത്ത ഫാൻസി നമ്ബറുകള്‍ പോലും നിങ്ങള്‍ക്ക് അറിയാനുളള സംവിധാനം പോർട്ടിലുണ്ട്. ഓരോ സീരിസുകള്‍ക്കും പല വിലയായിരിക്കും എന്ന കാര്യം ഓർക്കുക. നമ്ബർ സെലക്ഷൻ വിഭാഗത്തിലാണ് ഈ വിവരങ്ങള്‍ അറിയാൻ സാധിക്കുക.
ആര്‍ടിഒ തിരഞ്ഞെടുത്ത്, വില്‍ക്കാത്ത നമ്ബറുകള്‍ ഏതെല്ലാമെന്നു കണ്ടതിന് ശേഷം നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ട നമ്ബർ തെരഞ്ഞെടുത്തതിന് ശേഷം രജിസ്റ്ററില്‍ ക്ലിക്ക് ചെയ്യുമ്ബോള്‍ നിങ്ങളോട് ഒരു ആപ്ലിക്കേഷൻ നമ്ബർ ചോദിക്കും. നിങ്ങള്‍ വാഹനത്തിന്റെ ടാക്‌സ് അടച്ച ടെംപററി റജിസ്‌ട്രേഷന്‍ നമ്ബറിന്റെ അപ്ലിക്കേഷന്‍ നമ്ബറാണ് നല്‍കേണ്ടത്. ഈ ആപ്ലിക്കേഷന്‍ നമ്ബര്‍ നല്‍കിയാല്‍ നിങ്ങള്‍ക്ക് പണം അടയ്ക്കാനും അതോടെ നിങ്ങള്‍ നമ്ബറിനായി അപേക്ഷ നല്‍കിയെന്നുളള നോട്ടിഫിക്കേഷനും വരും.