സല്‍മ ഡാം പരിശോധിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിസ്താനിലേക്ക്. ഇന്ത്യ- അഫ്ഗാനിസ്താൻ സൗഹൃദത്തിന്റെ അടയാളമായിട്ടാണ് എട്ട് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയുടെ പിന്തുണയിൽ 265 ദശലക്ഷം ഡോളർ ചെലവിൽ സൽമ അണക്കെട്ട് നിർമിക്കുന്നത്. എന്നാൽ, താലിബാൻ ഭരണം കയ്യടക്കിയ ശേഷം ഇന്ത്യ സൽമ അണക്കെട്ടിന്റെ പുരോഗതി പരിശോധിക്കാനോ അറ്റകുറ്റ പണികൾക്കോ തയാറായിട്ടുണ്ടായിരുന്നില്ല. 2021ന് ശേഷം അടിസ്ഥാന സൗകര്യ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് ഒരു ഇന്ത്യൻ ഔദ്യോഗിക പ്രതിനിധി സംഘം അഫ്ഗാനിസ്താനിലേക്ക് നടത്തുന്ന ആദ്യ സന്ദർശനമാണിത്.
താലിബാൻ ഭരണത്തിലേറിയ ശേഷം ആദ്യമായിട്ടാണ് ഡാം പരിശോധിക്കാൻ ഇന്ത്യൻ സംഘം അഫ്ഗാനിസ്താനിലേക്ക് പോകുന്നത്. പുതിയ നടപടി താലിബാനുമായുള്ള ഇന്ത്യയുടെ വർധിച്ചുവരുന്ന ഇടപഴകലിന്റെ സൂചനയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. 2021ൽ അമേരിക്ക അധിനിവേശം അവസാനിപ്പിച്ച് അഫ്ഗാനിസ്താനില്‍ നിന്ന് പിൻവാങ്ങിയതോടെയാണ് താലിബാൻ ഭരണത്തിലേറുന്നത്. തുടർന്ന് മിക്ക രാജ്യങ്ങളും താലിബാൻ ഭരണകൂടവുമായുള്ള ബന്ധം വിച്ഛേദിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് ഇന്ത്യയും അഫ്ഗാനിൽനിന്ന് പിൻവാങ്ങിയത്.