ഐപാഡ് ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക: 3 വയസുകാരൻ ഐപാഡിന് ലോക്കിട്ടത് 48 വർഷത്തേക്ക് !!

9

3 വയസ്സുകാരന്റെ ഐപാഡ് അൺലോക്ക് ചെയ്യാനുള്ള ശ്രമം കൊണ്ടെത്തിച്ചത് നീണ്ട 48 വർഷം കാലയളവ് വേണ്ടിവരുന്ന ലോക്കിലേക്കാണ്. ഐപാഡ് അൺലോക്ക് ചെയ്യാൻ തുടർച്ചയായി ശരിയല്ലാത്ത പാസ്‌വേർഡ് നല്‍കിയതാണ് ഐപാഡിന് പൂട്ട് വീഴാൻ കാരണമായിരിക്കുന്നത്. വാഷിങ്ടണ്ണിലെ മാധ്യമപ്രവർത്തകനാണ് ഇത്തരമൊരു അനുഭവത്തിന് സാക്ഷ്യം വഹിച്ചത്.

തുടർച്ചയായി തെറ്റായ പാസ്‌വേർഡ് ഉപയോഗിച്ചതിനാൽ ഐഫോണും ഐപാഡും 25,536,442 മിനിറ്റ് നേരത്തേക്ക് ലോക്ക് ആയി കിടക്കും. ഇക്കാര്യം ആപ്പിളിന്റെ ഡിവൈസുകളെ പരിചയപ്പെടുത്തുന്ന രേഖകളിൽ പ്രസ്താവിക്കുന്നുണ്ട്.

ഒന്നു മുതല്‍ അഞ്ചു തവണ വരെ തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചാല്‍ ആദ്യ മുന്നറിയിപ്പു കിട്ടും. തുടർന്നും തെറ്റായ പാസ്‌കോഡ് ഉപയോഗിച്ചാൽ അടുത്ത അവസരത്തിനായി ഒരു മിനിറ്റ് കാത്തിരിക്കണം. വീണ്ടും തെറ്റിയാൽ (ഏഴാമത്) ഫോണ്‍ ‘ഡിസേബിള്‍’ ചെയ്യും. തുടർന്ന് അഞ്ചുമിനിറ്റ് കാത്തിരുന്നാൽ എട്ടാം തവണയും ശ്രമിക്കാം. തെറ്റായ പാസ്‌വേർഡ് നൽകുന്നത് തുടർന്നാല്‍ അവസാനം 48 വർഷത്തേക്ക് ലോക്ക് ചെയ്യും.

ലോക്കായ ഐപാഡുകൾ ഫാക്ടറി റീസെറ്റ് ചെയ്ത് വീണ്ടും ഉപയോഗിക്കാം. എന്നാൽ ഫാക്ടറി റീസെറ്റ് ചെയ്യുന്നതോടെ ഡേറ്റകളെല്ലാം നഷ്ടപ്പെടും എന്നതാണ് അത് ചെയ്യാൻ മടിക്കുന്നതിനുള്ള കാരണം.