കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് മധുവിന് അവസാനമായി പഴവും വെള്ളവും നൽകിയ മുക്കാലിയിലെ ആനന്ദൻ പറയുന്നു

അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ആദിവാസി യുവാവ് മധു കൊല്ലപ്പെടുന്നതിന് അല്‍പ്പം മുൻപ് നാരങ്ങാ വെള്ളവും പഴവും നല്‍കിയ മുക്കാലിയിലെ ബേക്കറി ജീവനക്കാരന്‍ ആനന്ദനില്‍ നിന്നും ജുഡീഷ്യല്‍ സംഘം മൊഴിയെടുത്തു. മധുവിന് അവസാനമായി പഴവും നാരങ്ങാവെള്ളവും നല്‍കിയത് ആനന്ദനായിരുന്നു. മധു കൊല്ലപ്പെടുന്നതിന് അല്‍പം സമയം മുമ്ബായിരുന്നു ആനന്ദന്‍ ഈ പഴം കഴിക്കാന്‍ നല്‍കിയത്. കൂടെ ഒരു ഗ്ലാസ് നാരങ്ങാ വെള്ളവും കൊടുത്തു. മുക്കാലിയില്‍ ഒരു ബേക്കറിയിലെ ജീവനക്കാരനാണ് ആനന്ദന്‍.

മധുവിനെ ആള്‍ക്കൂട്ടം കൊണ്ടുവരുമ്ബോള്‍ ആനന്ദന്‍ ബേക്കറിക്കുള്ളില്‍ ജോലിയിലായിരുന്നു. നാട്ടുകാര്‍ ഒരു കള്ളനെ പിടികൂടി കൊണ്ടുവന്നെന്ന് കേട്ടപ്പോഴാണ് ആനന്ദന്‍ കടയില്‍ നിന്ന് പുറത്തിറങ്ങി നോക്കിയത്. മധുവിനെ ആള്‍ക്കൂട്ടം വിചാരണ ചെയ്യുമ്ബോഴാണ് ആനന്ദന്‍ കുടിക്കാന്‍ ലൈംജൂസ് നല്‍കിയത്. ആനന്ദന്റെ കയ്യില്‍ നിന്ന് വെള്ളം വാങ്ങി കുടിച്ച്‌ മധു ഗ്ലാസ് തിരികെ കൊടുത്തു. ആനന്ദന്‍ കൊടുത്ത പഴവും അവിടെയിരുന്ന് തന്നെ കഴിച്ചു. ഇതിനു ശേഷം ആനന്ദന്‍ കടയിലേക്ക് തിരിച്ചു കയറി. അല്‍പസമയത്തിനകം തന്നെ പൊലീസെത്തി ജീപ്പില്‍ കയറ്റി കൊണ്ടുപോയി. കൊല്ലപ്പെടുന്ന ദിവസം മധു ആകെ കഴിച്ചിരുന്നത് ആ പഴം മാത്രമായിരുന്നു. ഈ പഴത്തിന്റെ അവശിഷ്ടങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തില്‍ വയറ്റില്‍ നിന്ന് കണ്ടെത്തിയിരുന്നു.