സ്ത്രീ അർദ്ധരാത്രിയിൽ ഒറ്റക്കായാൽ ? അര്‍ദ്ധരാത്രിയില്‍ മെറിന്‍ ജോസഫ് ഐപിഎസിന്റെ നേതൃത്വത്തില്‍ വനിതാ പോലീസുകാര്‍ നഗരം ചുറ്റിയപ്പോള്‍ കണ്ട കാഴ്ചകൾ

മെറിന്‍ ഐപിഎസിന്റെ നേതൃത്വത്തില്‍ ഇക്കഴിഞ്ഞ ദിവസം കോഴിക്കോട് നഗരത്തില്‍ നടന്ന നിരീക്ഷണത്തെയും തദവസരത്തില്‍ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരിടേണ്ടി വന്ന കാര്യങ്ങളെക്കുറിച്ചും ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. കഴിഞ്ഞ തവണ നിരീക്ഷണം നടത്തിയപ്പോഴുണ്ടായത്ര പ്രശ്‌നങ്ങള്‍ ഇത്തവണ ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടിലൂടെ വെളിവാകുന്നത്. ഏറ്റവും രസകരമായത്, ഡെപ്യൂട്ടി കമ്മീഷണര്‍ വഴിയിലൂടെ നടന്നപ്പോള്‍ പട്രോളിംഗിനെത്തിയ രണ്ട് പോലീസുകാര്‍ മെറിനെ തിരിച്ചറിയാതെ എവിടാണ് പോവേണ്ടതെന്നും വേണമെങ്കില്‍ പോലീസ് വാഹനത്തില്‍ കൊണ്ടുവിടാമെന്നും പറയുകയുണ്ടായി. ഭര്‍ത്താവ് എത്തുമെന്ന് അറിയിച്ചതോടെ അവര്‍ വണ്ടിയോടിച്ച് പോയി. പോലീസിന്റെ ഇത്തരത്തിലുള്ള മനോഭാവം സമൂഹത്തിന് ഉപകാരപ്രദമാണെന്ന് മെറിന്‍ പിന്നീട് പറയുകയും ചെയ്തു.

തിങ്കളാഴ്ച രാത്രി 9.30 ന് കോഴിക്കോട് കണ്ടംകുളം ജൂബിലിഹാളിനു സമീപത്ത് സിവില്‍ പോലീസ് ഓഫീസര്‍മാരായ സബിതയും സൗമ്യയും ഹോട്ടലിനു പുറത്ത് അല്പം നേരം നിന്നപ്പോള്‍ തന്നെ തൊട്ടടുത്തുള്ള വാഹനത്തില്‍നിന്ന് പാളിനോട്ടങ്ങളും എന്താണ് രണ്ട് സ്ത്രീകള്‍ ഇങ്ങനെ ഇവിടെ ഒറ്റയ്ക്ക് നില്‍ക്കുന്നതെന്ന മുഖഭാവവും പലരില്‍ നിന്നും വന്നുതുടങ്ങി. പക്ഷേ നോട്ടമല്ലാതെ അവര്‍ ഒന്നും ചോദിച്ചില്ല. പുതിയപാലത്ത് എത്തിയപ്പോള്‍ സമയം 10.30. ബൈക്കുകളില്‍ ചീറിപ്പായുന്ന യുവാക്കളുടെ ബഹളങ്ങള്‍ക്കിടെ ഒരാള്‍ തൊട്ടുമുന്‍പില്‍ വാഹനം നിര്‍ത്തി. ഒരു സ്ത്രീ ഒറ്റയ്ക്ക് നില്‍ക്കുന്നതുകണ്ട് നിര്‍ത്തിയതാണെന്ന് തോന്നി. പക്ഷേ, വഴിചോദിച്ച് അയാള്‍ ഓടിച്ചുപോയി. സൗമ്യ ബസ് യാത്രക്കാരിയായി എം.സി.സി. ബാങ്ക് ബസ് സ്റ്റോപ്പില്‍ നിന്നപ്പോള്‍ സമയം പതിനൊന്നുമണി കഴിഞ്ഞു. അല്പനേരം കഴിഞ്ഞ് ഒരു ഓട്ടോറിക്ഷ തൊട്ടടുത്ത് നിര്‍ത്തി എവിടേക്കാണെന്നു ചോദിച്ചു. പോവുന്നില്ലെന്ന് പറഞ്ഞപ്പോള്‍ ഓട്ടോ ഓടിച്ചുപോയി.

കോഴിക്കോട് ബീച്ചിലെത്തിയപ്പോള്‍ സിറ്റിപോലീസ് ഡെപ്യൂട്ടി കമ്മിഷണര്‍ മെറിന്‍ ജോസഫും ഇവര്‍ക്കൊപ്പം ചേര്‍ന്നു. വനിതാപോലീസുകാരെ വാഹനത്തിലിരുത്തി മെറിന്‍ ബീച്ച് ആശുപത്രിക്കുമുന്നില്‍ ഇറങ്ങി നടന്നു. ബീച്ചിന്റെ വിളക്കുകാലിനു മുന്നില്‍ അല്പനേരം ഇരുന്നു. പക്ഷേ, അതുവഴി വന്നവരൊക്കെ ഒട്ടും അലോസരമുണ്ടാക്കാതെ മെറിനെ മറികടന്നുപോയി. പിന്നീട് കൂരാക്കൂരിരുട്ടില്‍ വാഹനങ്ങളുടെ വെളിച്ചം മാത്രമുള്ള വഴിയിലൂടെ ഗാന്ധിറോഡ് ജംഗ്ക്ഷന്‍വരെ തനിച്ച് നടന്നെങ്കിലും ഒരു തുറിച്ചുനോട്ടം പോലും നേരിടേണ്ടി വന്നില്ല.

കെ.എസ്.ആര്‍.ടി.സി. ബസ്സ്റ്റാന്‍ഡില്‍ വന്നിറങ്ങിയപ്പോള്‍ തുറിച്ചു നോട്ടങ്ങള്‍ പലതുമുണ്ടായി. മാവൂര്‍ റോഡ് ജംഗ്ഷനിലേക്ക് നടന്നുതുടങ്ങിയപ്പോള്‍ത്തന്നെ നല്ല രീതിയില്‍ വസ്ത്രം ധരിച്ച യുവാവ് എത്തി. മെറിന്‍ പോവുന്നിടത്തും നില്‍ക്കുന്നിടത്തുമൊക്കെ ചുറ്റിപ്പറ്റി നിന്നു. പോലീസ് വാഹനം വന്നുതൊട്ടടുത്ത് നിര്‍ത്തി ഓടിച്ചുപോയതോടെ അയാളുടെ മട്ട് മാറി. ഒന്നുപേടിച്ചു. ഒടുവില്‍ ദൂരെ നിര്‍ത്തിയിട്ട ഔദ്യോഗികവാഹനം തിരികെ വന്ന് അതില്‍ ഡെപ്യൂട്ടി കമ്മിഷണര്‍ കയറിയതോടെ പിന്നെ അയാളെ കണ്ടതേയില്ല. അങ്ങനെ മൂന്നുപേരും പലയിടത്തും ഒറ്റയ്ക്കും രണ്ടുപേരൊന്നിച്ചുമൊക്കെ നില്‍ക്കുകയും നടക്കുകയും ചെയ്തു.

ബൈക്കുകളില്‍ റോന്തുചുറ്റുന്നവര്‍ തൊട്ടുചേര്‍ന്ന് ഓടിച്ചുപോവുകയും മാറിനിന്ന് നിരീക്ഷിക്കുകയും സഹായം വാഗ്ദാനം ചെയ്യുകയും ഈ സ്ഥലം അത്ര പന്തിയല്ലെന്ന് ഉപദേശിക്കുകയും ഒക്കെ ചെയ്യുകയുണ്ടായി. ഒരാള്‍ മാത്രം കൂടെപോരുന്നോ എന്ന് ചോദിച്ച് രംഗത്തെത്തി. എവിടേയ്ക്കാണെന്ന് ചോദിച്ചപ്പോള്‍ എവിടേയ്ക്ക് വേണമെങ്കിലും പോവാം എന്നായി. ദേഷ്യത്തോടെ നോക്കിയപ്പോള്‍ പിന്മാറി. എന്നാല്‍ ആരില്‍ നിന്നും മോശമായൊന്നും ഉണ്ടായില്ല. ഓട്ടോക്കാരില്‍ പലരും എവിടേയ്ക്കാണ് പോവേണ്ടതെന്ന് ചോദിച്ച് എത്തി. സഹായം വേണ്ടെന്ന് പറഞ്ഞപ്പോള്‍ പോവുകയും ചെയ്തു.