ദുബായിൽ വാഹന രജിസ്ട്രേഷന് പുതിയ സംവിധാനം നിലവിൽ വന്നു; ഇനി എല്ലാം വളരെയെളുപ്പം

ദുബായിലെ വാഹന ഉടമകള്‍ക്ക് സന്തോഷ വാര്‍ത്തയുമായി റോഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. വാഹന രജിസ്ട്രേഷന്‍ പുതുക്കുന്ന കാര്യത്തിലാണ് പുതിയ സംവിധാനം കൊണ്ടുവന്നിരിക്കുന്നത്. കൃത്യസമയത്ത് രജിസ്ട്രേഷന്‍ ഓട്ടോമാറ്റിക് ആയി പുതുക്കാനുള്ള സംവിധാനമാണ് എത്തിയിരിക്കുന്നത്. ആര്‍ടിഎയുടെ ഇലക്‌ട്രോണിക് വാലറ്റുമായി ബന്ധിപ്പിച്ചാണ് നടപടി. വെബ്സൈറ്റിലെ ലൈസന്‍സിങ് സര്‍വ്വീസ് എന്ന ലിങ്ക് വഴി വാഹന രജിസ്ട്രേഷന്‍ ഓട്ടോമാറ്റിക് ആയി പുതുക്കാനുള്ള ഓപ്ഷന്‍ തെരഞ്ഞെടുക്കാം. ആവശ്യമായ പണം വാലറ്റില്‍ സൂക്ഷിച്ചാല്‍ മതി.

ഇതേ വാലറ്റില്‍ നിന്ന് ഗതാഗത നിയമലംഘനങ്ങള്‍ക്കുള്ള പിഴയും അടയ്ക്കാന്‍ കഴിയും. പരാമവധി എത്ര രൂപയുടെ പിഴ വരെ ഇങ്ങനെ അടയ്ക്കാമെന്ന് വാഹന ഉടമയ്ക്ക് നിശ്ചയിക്കാം. പുതിയ രജിസ്ട്രേഷന്‍ കാര്‍ഡ് എങ്ങനെ വേണമെന്നും തെരഞ്ഞെടുക്കണം. പുതിയ സംവിധാനം തെര‌ഞ്ഞെടുത്താല്‍ സമയമാവുമ്ബോള്‍ രജിസ്ട്രേഷന്‍ പുതുക്കിയതായും വാലറ്റില്‍ നിന്ന് പണം ഈടാക്കിയതിന്റെ അറിയിപ്പും ഇ മെയിലില്‍ ലഭിക്കും. പുതിയ രജിസ്ട്രേഷന്‍ കാര്‍ഡ് തപാലില്‍ വാങ്ങുകയോ നേരിട്ട് കസ്റ്റമര്‍ ഹാപ്പിനെസ് സെന്ററുകളില്‍ നിന്ന് വാങ്ങുകയോ ചെയ്യാം.