കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടത്താനായിരുന്നു ഒരുകാലത്ത് ജയറാം. എന്നാൽ, ഇടക്കാലത്ത് താരത്തിന്റെ ചിത്രങ്ങള്‍ തുടരെ പരാജയപ്പെടാൻ തുടങ്ങി. നല്ല സിനിമകള്‍ ലഭിക്കുന്നില്ല എന്നതായിരുന്നു കാരണം. ഇതോടെ മലയാള സിനിമയില്‍ നിന്നും താത്കാലികമായി താരം വിട്ടും നിന്നു. പക്ഷെ, തെലുങ്ക് അടക്കമുള്ള അന്യഭാഷ ചിത്രങ്ങളില്‍ നിറ സാന്നിധ്യമായി താരം. ഇപ്പോഴിതാ, മലയാള ചിത്രങ്ങള്‍ എന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് തുറന്നു പറയുകയാണ് ജയറാം.
‘മലയാളത്തില്‍ നല്ല സിനിമകള്‍ കിട്ടിയാല്‍ മാത്രമെ ചെയ്യുന്നുള്ളൂ. വളരെ ത്രില്ലിംഗായിട്ടുള്ള സിനിമ വന്നാല്‍ ചെയ്യാം എന്നായിരുന്നു ഞാൻ പറഞ്ഞിരുന്നത്. അതിനായി വെയിറ്റിംഗിലായിരുന്നു. ആ സമയത്താണ് മിഥുൻ മാനുവല്‍ വന്ന് ഒരു കഥ പറഞ്ഞത്. ഇനി അതിനേക്കാള്‍ മുകളിലൊരു സിനിമ വരാൻ വേണ്ടിയാണ് കാത്തിരിക്കുന്നത്. മറ്റ് ഭാഷകളിലൊക്കെയായിട്ട് 365 ദിവസവും ജോലി ഉണ്ട്. തെലുങ്കില്‍ ശങ്കര്‍-രാം ചരണ്‍ സിനിമ ചെയ്യുന്നുണ്ട്. നാനിയുടെ മൂവിയില്‍ അഭിനയിച്ചിരുന്നു. ഇപ്പോള്‍ ഗോസ്റ്റ് മൂവി റിലീസ് ആകുന്നു. തുടക്കം മുതല്‍ കുടുംബ ചിത്രങ്ങളിലൂടെയാണ് ഞാൻ വന്നത്. ഇപ്പോള്‍ മറ്റു ഭാഷകളിലും അത്തരം ചിത്രങ്ങള്‍ ലഭിക്കുന്നുണ്ട്’- ജയറാം പറഞ്ഞു.
സത്യന്‍ അന്തിക്കാടിന്‍റെ മകള്‍ എന്ന ചിത്രത്തിന് ശേഷം ജയറാമിന്‍റേതായി തിയറ്ററുകളിലെത്തുന്ന മലയാള ചിത്രം മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്യുന്ന അബ്രഹാം ഓസ്‍ലര്‍ ആണ്. ഡിസംബറില്‍ ചിത്രം തിയറ്ററുകളിലെത്തും. എം.ജി ശ്രീനിവാസ് സംവിധാനം ചെയ്യുന്ന ഗോസ്റ്റ് ഒക്ടോബര്‍ 19-നാണ് തിയേറ്ററുകളില്‍ എത്തുന്നത്. ശിവരാജ്കുമാര്‍, ജയറാം എന്നിവരെ കൂടാതെ വിജയ് സേതുപതി, പ്രശാന്ത് നാരായണൻ, അര്‍ച്ചന ജോയ്‌സ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.