ഞാനും കഥാപാത്രവും രണ്ടും രണ്ടാണെന്ന് പാര്‍വതി; അപ്പൊ മമ്മൂട്ടിയും രാജൻ സ്കറിയയും ഒന്നായിരുന്നോ എന്ന് സോഷ്യൽ മീഡിയ

കസബ എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച രാജൻ സ്കറിയ എന്ന കഥാപാത്രത്തെ നടി പാർവതി വിമർശിച്ചത് അടുത്തിടെ സോഷ്യൽ മീഡിയയിൽ വാൻ വിവാദത്തിനു തിരി കൊളുത്തിയ സംഭവമാണ്. ഇപ്പോളിതാ സംസ്ഥാന അവാർഡ് നേടിയ ശേഷമുള്ള പാർവതിയുടെ പരാമർശവും സോഷ്യൽ മീഡിയ ചർച്ച ചെയ്യുകയാണ്.

‘പാര്‍വതിയെന്ന വ്യക്തിയല്ല പാര്‍വതി എന്ന നടി. അതുരണ്ടും രണ്ടാണ്. ഞാന്‍ പാര്‍വതിയായിട്ടല്ല സിനിമയില്‍ അഭിനയിക്കുന്നത്. കഥാപാത്രമായിട്ടാണ്. സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍ എന്റെ വ്യക്തിത്വം തെളിയിക്കേണ്ട ഇടമല്ല. എന്റെ പൊളിറ്റിക്ക്‌സും ചിന്തകളുമെല്ലാം വ്യക്തിപരമാണ്. എന്നെ വെറുത്താലും’ എന്നായിരുന്നു അവാര്‍ഡിനോട് പാര്‍വതി പ്രതികരിച്ചത്.

ഇതോടെ, പാര്‍വതിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയകളിലും മമ്മൂട്ടി ആരാധകര്‍ക്കിടയിലും മറ്റൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടിരിക്കുകയാണ്. സംഭവം മറ്റൊന്നുമല്ല, രാജ്യാന്തര ചലച്ചിത്രമേളയുടെ ഓപ്പണ്‍ ഫോറത്തില്‍ മമ്മൂട്ടി ചിത്രമായ കസബയെകുറിച്ച് പാര്‍വതി നടത്തിയ പരാമര്‍ശം തന്നെ വിഷയം.
‘അതുല്ല്യമായ ഒരുപാട് സിനിമകള്‍ ചെയ്ത, തന്റെ പ്രതിഭ തെളിയിച്ച ഒരു മഹാനടന്‍ ഒരു സീനില്‍ സ്ത്രീകളോട് അപകീര്‍ത്തികരമായ ഡയലോഗുകള്‍ പറയുന്നത് സങ്കടകരമാണെന്നും അങ്ങനെയുള്ള നായകന്മാരെ മഹത്വവത്കരിക്കുകയാണ് ചെയ്യുന്നത്’ എന്നായിരുന്നു പാര്‍വതി പറഞ്ഞത്.

പാര്‍വതിയുടെ ഈ പരാമര്‍ശം ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. മമ്മൂട്ടി ചെയ്ത രാജന്‍സക്കറിയ ഒരു കഥാപാത്രം മാത്രമാണെന്നായിരുന്നു ആരാധകര്‍ വാദിച്ചത്. ഇപ്പോള്‍ അവാര്‍ഡ് ലഭിച്ച പാര്‍വതി ‘തനിക്കല്ല, പാര്‍വതിയെന്ന നടിക്കും സമീറയെന്ന കഥാപാത്രത്തിനുമാണ് അവാര്‍ഡ് ലഭിച്ചത്’ എന്ന് പറഞ്ഞത് പാര്‍വതിയുടെ ഇരട്ടത്താപ്പല്ലേ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്.

‘കഥാപാത്രമായിട്ടാണ് അഭിനയിക്കുന്നതെന്ന് പറഞ്ഞ പാര്‍വതി മമ്മൂട്ടി ചെയ്ത രാജന്‍ സക്കറിയയും കഥാപാത്രമാണെന്ന് എന്ത് കൊണ്ട് തിരിച്ചറിഞ്ഞില്ല എന്നാണ് ഒരു കൂട്ടം ആരാധകര്‍ ചോദിക്കുന്നത്. ‘സമൂഹത്തില്‍ എന്തു നടക്കുന്നു അത് പ്രതിഫലിപ്പിക്കുന്ന ഒരു ടൂള്‍ മാത്രമാണ് ഞാന്‍’ എന്ന് പറഞ്ഞ പാര്‍വതി, സമൂഹത്തില്‍ നടക്കുന്ന കാര്യം തന്നെ രാജന്‍സക്കറിയയിലൂടെ പ്രതിഫലിപ്പിച്ച മമ്മൂട്ടിയും സംവിധായകന്റെ ഒരു ടൂള്‍ തന്നെയാണെന്ന് തിരിച്ചറിയാത്തത് എന്താണെന്നും സോഷ്യല്‍ മീഡിയ ചോദിക്കുന്നു.