സൗദിയില്‍ സ്വദേശി ജീവനക്കാരുടെ അടിസ്ഥാന ശമ്പളശുപാര്‍ശ തള്ളി ശൂറാ കൗണ്‍സില്‍

സൗദി അറേബ്യയിലെ സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളമായി ആറായിരം റിയാല്‍ നല്‍കണമെന്ന ആവശ്യം ശൂറാ കൗണ്‍സില്‍ തള്ളി. ശൂറാ കൗണ്‍സില്‍ അംഗം ഡോ. ഫഹദ് ബിന്‍ ജുംഅ സമര്‍പ്പിച്ച ശുപാര്‍ശയാണ് തള്ളിയത്.

സാമൂഹിക സുരക്ഷാ പദ്ധതിയായ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സില്‍ രജിസ്റ്റര്‍ ചെയ്യുന്ന സ്വകാര്യമേഖലയിലെ സ്വദേശി ജീവനക്കാര്‍ക്ക് അടിസ്ഥാന ശമ്പളം ആറായിരം റിയാലായി നിശ്ചയിക്കണമെന്നാണ് ഡോ.ഫഹദ് ബിന്‍ ജുംഅ ശൂറാ കൗണ്‍സിലില്‍ ആവശ്യപ്പെട്ടത്. തൊഴില്‍, സാമൂഹിക വികസനകാര്യ മന്ത്രാലയവും സോഷ്യല്‍ ഇന്‍ഷുറന്‍സും ഇതിനായി ഏകോപനം നടത്തണമെന്നും ഡോ. ഫഹദ് ബിന്‍ ജുംഅ സമര്‍പ്പിച്ച ശുപാര്‍യില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ ശുപാര്‍ശയ്ക്ക് ഭൂരിപക്ഷം ലഭിച്ചില്ല. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെ ശരാശരി അടിസ്ഥാന ശമ്പളം 6119 റിയാലാണ്. എന്നാല്‍ സ്വകാര്യ മേഖലയിലെ മുഴുവന്‍ ജീവനക്കാര്‍ക്കും 6000 റിയാല്‍ അടിസ്ഥാനശമ്പളമായി നിജപ്പെടുത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശുപാര്‍ശ തള്ളിയത്.