HomeNewsShortശമനമില്ലാത്ത ദുരിതമഴയിൽ വലഞ്ഞു ജനങ്ങൾ; 8 ജില്ലകളിൽ അവധി; സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദേശം

ശമനമില്ലാത്ത ദുരിതമഴയിൽ വലഞ്ഞു ജനങ്ങൾ; 8 ജില്ലകളിൽ അവധി; സംസ്ഥാനത്തൊട്ടാകെ ജാഗ്രതാ നിർദേശം

സംസ്ഥാനത്ത് ശക്തമായ മഴ തുടരുന്നു. ഇന്നലെ തുടങ്ങിയ മഴയ്ക്ക് ഇന്നും ശമനമായിട്ടില്ല. താഴ്ന്ന പ്രദേശങ്ങളില്‍ എല്ലാം വെള്ളം കയറി ജനജീവിതം ദുരിതത്തിലായി. മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ ഇന്നലെ മൂന്ന് പേര്‍ മരിച്ചു. കണ്ണൂര്‍, ആലപ്പുഴ, കോഴിക്കോട് ജില്ലകളിലാണ് മഴ ജീവനെടുത്തത്. ഏഴുവയസ്സുകാരനടക്കം മൂന്നു പേരെ കാണാതായി. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ എട്ടു ജില്ലകളില്‍ പ്രൊഫഷനല്‍ കോളെജുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.

കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോയ്ക്ക് മേല്‍ മരം വീണ് ആര്യറമ്പ്് സ്വദേശിനി സിത്താര(20) മരിച്ചു. പരിക്കേറ്റ ഓട്ടോ ഡ്രൈവര്‍ എടക്കോട്ടയിലെ വിനോദ് (42), സിത്താരയുടെ മാതാപിതാക്കളായ സിറിയക്ക് (55), സെലിന്‍ (48) എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ പെട്ടവരെ ഇതുവഴി വന്ന സണ്ണി ജോസഫ് എംഎ!ല്‍എയുടെ വാഹനത്തിലാണ് ഇരിട്ടിയിലെ ആശുപത്രിയിലെത്തിച്ചത്.സിത്താരയുടെ ഏക സഹോദരന്‍ സിജൊ സിറിയക്ക് മാസങ്ങള്‍ക്ക് മുന്‍പ് ബംഗളൂരുവിലുണ്ടായ ബൈക്കപകടത്തില്‍ മരിച്ചിരുന്നു. പേരാവൂര്‍ മേഖലയില്‍ കഴിഞ്ഞ രണ്ടു ദിവസമായി കാറ്റില്‍ കനത്ത നാശമുണ്ടായിട്ടുണ്ട്.ആലപ്പുഴയില്‍ പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് മത്സ്യവില്‍പ്പനക്കാരി മരിച്ചു. 62കാരിയായ സുഭദ്രയാണ് മരിച്ചത്. കോഴിക്കോട് മരക്കൊമ്പ് ദേഹത്ത് വീണ് കല്യാണി(55) മരിച്ചു. പാലക്കാട് ആലത്തൂര്‍ കാവശേരി വാവുള്ളിപുരം അബൂബക്കറിന്റെ മകന്‍ ആഷിക്കിനെ (22) നെല്ലിയാമ്പതിയില്‍ കാണാതായി. മലപ്പുറം തേഞ്ഞിപ്പലം മാതാപ്പുഴ കറുത്താമകത്ത് ഷാക്കിറയുടെ മകന്‍ മുഹമ്മദ് റബീഹ് (ഏഴ്) കടലുണ്ടിപ്പുഴയിലെ മാതാപ്പുഴ കടവില്‍ ഒഴുക്കില്‍പെട്ടു.

നെയ്യാര്‍ ഡാമിലെ നാലു ഷട്ടറുകള്‍ ഒന്‍പത് ഇഞ്ച് തുറന്നു. നെയ്യാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ഇറിഗേഷന്‍ വകുപ്പ് അറിയിച്ചു.ജലനിരപ്പ് ഉയര്‍ന്നതിനാല്‍ ബാണാസുര സാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും. 774 മീറ്ററാണ് നിലവിലെ ജലനിരപ്പ്. കരമാന്‍ തോട്ടിലൂടെ വെള്ളം പനമരം പുഴയിലേക്കാണ് തുറന്നു വിടുക. തോടിന്റെ ഇരുവശവും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ഉരുള്‍പ്പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാല്‍ മലയോരമേഖലകളിലൂടെയുള്ള യാത്ര കഴിവതും ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറ്റി മുന്നറിയിപ്പ് നല്‍കി. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ പടിഞ്ഞാറ് നിന്നും മണിക്കൂറില്‍ 35 മുതല്‍ 45 കി.മീ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധന തൊഴിലാളികള്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പുണ്ട്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments