HomeNewsLatest Newsഅടൂർ പ്രകാശിന് എതിരായ വിജിലൻസ് ത്വരിത പരിശോധനയ്ക്ക് സ്‌റ്റേ ഇല്ല

അടൂർ പ്രകാശിന് എതിരായ വിജിലൻസ് ത്വരിത പരിശോധനയ്ക്ക് സ്‌റ്റേ ഇല്ല

കൊച്ചി: സന്തോഷ് മാധവന് ഭൂമി അനധികൃതമായി പതിച്ചു നല്‍കിയ കേസില്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിന് എതിരെ പ്രഖ്യാപിച്ച ത്വരിത പരിശോധനയ്ക്ക് സ്‌റ്റേ ഇല്ല. ത്വരിത പരിശോധ ആവശ്യപ്പെട്ട് മൂവാറ്റുപുഴ വിജിലന്‍സ് കോടതി പുറപ്പെടുവിച്ച ഉത്തരവിന് എതിരെ അടൂര്‍ പ്രകാശ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീല്‍ തള്ളി. നിഷ്പക്ഷമായി അന്വേഷണം നടത്തണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ടുള്ള അപേക്ഷ നിയമപരമായി നിലനില്‍ക്കില്ലെന്ന് കാണിച്ചാണ് അടൂര്‍ പ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. 127 ഏക്കര്‍ ഭൂമി നികത്താനുള്ള അനുമതി നല്‍കിയത് മന്ത്രിസഭയാണ്. തീരുമാനത്തില്‍ വ്യക്തിപരമായി ഇടപെട്ടിട്ടില്ലെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

 

 
ഭൂമി സംബന്ധിച്ച യഥാര്‍ഥ വിവരങ്ങള്‍ കൃഷി പ്രോപ്പര്‍ട്ടി ഡവലപ്‌മെന്റ് കമ്പനി മറച്ചുവച്ചെന്നു തെളിഞ്ഞതിനാലാണ് ഉത്തരവു റദ്ദാക്കുന്നതെന്നായിരുന്നു റവന്യു മന്ത്രി അടൂര്‍ പ്രകാശ് അറിയിച്ചത്. തൃശൂര്‍ മടത്തുംപടി വില്ലേജിലെ 32.41 ഏക്കറും എറണാകുളം പുത്തന്‍വേലിക്കര വില്ലേജിലെ 95.44 ഏക്കറും ചേര്‍ന്നതാണു വിവാദ ഭൂമി. സന്തോഷ് മാധവനും സംഘവും കൈവശപ്പെടുത്തിയ ഈ ഭൂമി ബെംഗളൂരുവിലെ ആദര്‍ശ് പ്രൈം പ്രോപ്പര്‍ട്ടീസ് എന്ന കമ്പനിക്കു കൈമാറിയിരുന്നു. എന്നാല്‍, പോക്കുവരവ് റവന്യു വകുപ്പ് എതിര്‍ത്തു. ഭൂമിയില്‍ പുറമ്പോക്കും മിച്ചഭൂമിയും ഉള്‍പ്പെട്ടിരുന്നുവെന്നും 18 ഏക്കറോളം ശരിയായ രേഖകളില്ലാതെ സന്തോഷ് മാധവനും കൂട്ടാളികളും കൈവശപ്പെടുത്തിയതാണെന്നും തുടര്‍ന്നുള്ള അന്വേഷണത്തില്‍ കണ്ടെത്തുകയും ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കുകയും ചെയ്തു.

 

 
ഐടി വ്യവസായത്തിന് എന്ന വ്യാജേനെ വടക്കന്‍ പറവൂരിലേയും മാളയിലേയും നെല്‍വയല്‍ ഉള്‍പ്പെടുന്ന 127 ഏക്കര്‍ ഭൂമി തിരികെ നല്‍കാന്‍ റവന്യു വകുപ്പ് ഉത്തരവിട്ട കേസ് അന്വേഷിക്കാനാണ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴ വിജിലന്‍സ് കോടതിനിര്‍ദ്ദേശിച്ചത്. അടൂര്‍ പ്രകാശിന് പുറമെ, റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി, സന്തോഷ് മാധവന്റെ നേതൃത്വത്തിലുള്ള ആര്‍എംഇസെഡ് എന്ന കമ്പനി എന്നിവയ്ക്ക് എതിരേയും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. സ്ഥലം പതിച്ചു നല്‍കിയത് വിവാദമായതോടെ മന്ത്രിസഭ ഉത്തരവ് റദ്ദാക്കുകയായിരുന്നു.

 

 
കൊച്ചിയിലെ പുത്തന്‍വേലിക്കരയിലും തൃശൂരിലെ മടത്തുപടിയിലുമായുള്ള 127 ഏക്കര്‍ നെല്‍വയല്‍തണ്ണീര്‍ത്തട ഭൂമി നികത്തി ഐടി വ്യവസായം തുടങ്ങാന്‍ സ്വകാര്യ കമ്പനിക്ക് അനുമതി നല്‍കിയ ഉത്തരവു വിവാദമായതിനെ തുടര്‍ന്നു റവന്യു വകുപ്പ് പിന്‍വലിച്ചിരുന്നു. വ്യവസായ വകുപ്പ് അജന്‍ഡയില്‍ പെടുത്താതെ തിടുക്കത്തില്‍ കൊണ്ടുവന്ന ഫയലാണു വേണ്ടത്ര പരിശോധനകളില്ലാതെ മന്ത്രിസഭ അംഗീകരിച്ചത്. തുടര്‍ന്നു റവന്യു വകുപ്പ് ഉത്തരവുമിറക്കി. വിവാദമായതിനെ തുടര്‍ന്നു മുഖ്യമന്ത്രി വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍, സന്തോഷ് മാധവന്‍ ഉള്‍പ്പെട്ട വിവാദ ഭൂമി ആയിരുന്നു ഇതെന്നു തങ്ങള്‍ക്ക് അറിയില്ലായിരുന്നു എന്നാണു വ്യവസായ വകുപ്പ് അറിയിച്ചത്.

LIKE

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments