ആധാര്‍ നമ്പരിനു പകരം വെര്‍ച്വല്‍ ഐഡി സംവിധാനവുമായി യുഐഡിഎഐ; ഇനി ഒരിടത്തും ആധാർ നമ്പർ നൽകേണ്ട

ആധാര്‍ നമ്പരിനു പകരം വെര്‍ച്വല്‍ ഐഡി സംവിധാനവുമായി യുഐഡിഎഐ രംഗത്ത്. ജൂലൈ ഒന്ന് മുതല്‍ നിലവില്‍ വരുമെന്നാണ് യുഐഡിഎഐ വ്യക്തമാക്കിയത്. ആധാര്‍ കാര്‍ഡ് ഉടമകളുടെ സ്വകാര്യതയ്ക്ക് ഭംഗം വരുന്നു എന്ന വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് വെര്‍ച്വല്‍ ഐഡി എന്ന പുതിയ ആശയവുമായി യുഐഡിഎഐ രംഗത്ത് വന്നത്.

സിം വെരിഫിക്കേഷനും മറ്റാവശ്യങ്ങള്‍ക്കുമായി ആധാര്‍ ബയോമെട്രിക് ഐഡിയിലെ 12 അക്ക നമ്പറിനു പകരം വെബ്സൈറ്റില്‍ നിന്ന് താത്കാലികമായി ലഭിക്കുന്ന മറ്റൊരു രഹസ്യ നമ്പര്‍ പങ്കുവെക്കാനുള്ള സൗകര്യമാണ് ഇതിലുള്ളത്. ആധാര്‍ കാര്‍ഡിലെ 12 അക്ക നമ്പറിനു പകരം 16 അക്കങ്ങളും ബയോമെട്രിക് വിവരങ്ങളുമാകും വെര്‍ച്വല്‍ ഐഡിയിലുണ്ടാവുക. മൊബൈല്‍ കമ്പനികള്‍ക്കും മറ്റും വെരിഫിക്കേഷന്‍ സമയത്ത് ആധാര്‍ കാര്‍ഡിലെ 12 അക്ക മ്പറിനു പകരം വെര്‍ച്വല്‍ ഐഡിയിലെ 16 അക്ക താത്കാലിക നമ്പര്‍ നല്‍കിയാല്‍ മതിയാകും.