ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതായി ആരോപണം; സംഘർഷം

25

ആലപ്പുഴ മെഡിക്കൽ കോളേജിൽ കോവിഡ് ബാധിച്ച്‌ മരിച്ചയാളുടെ മൃതദേഹം മാറി നല്‍കിയതായി ആരോപണം. ഇതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രി മെഡികല്‍ കോളജ് ആശുപത്രി വളപ്പില്‍ സംഘര്‍ഷമുണ്ടായി. കായംകുളം സ്വദേശിയുടെ മൃതദേഹമാണ് ചേര്‍ത്തല സ്വദേശിയുടെ ബന്ധുക്കള്‍ക്ക് നല്‍കിയതായി ആരോപിച്ചത്. ഇരുവരും കോവിഡ് ചികില്‍സയിലിരിക്കെയാണ് മരിച്ചത്. തുടര്‍ന്ന് മൃതദേഹം കൊണ്ടുപോകാന്‍ ബന്ധുക്കള്‍ എത്തുകയായിരുന്നു.
വൈകീട്ട് ഏഴരയോടെ ചേര്‍ത്തലയിലേക്ക് കൊണ്ടുപോയ മൃതദേഹം മാറിയെന്ന് മനസിലാക്കിയതോടെ ബന്ധുക്കള്‍ തിരിച്ചെത്തിക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് ആശുപത്രി വളപ്പില്‍ അഭിപ്രായ വ്യത്യാസവും ചെറിയ സംഘര്‍ഷവുമുണ്ടായി. 4 ദിവസം മുന്‍പ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച 70 കാരനായ കായംകുളം സ്വദേശി വൈകീട്ട് 3 മണിയോടെയാണ് മരിച്ചത്. മൃതദേഹം വിട്ടുനല്‍കാന്‍ ബന്ധുക്കള്‍ ആവശ്യപ്പെടുന്നതിനിടെയാണ് ചേര്‍ത്തല സ്വദേശിയുടെ മാറിയ മൃതദേഹവുമായി ബന്ധുക്കള്‍ തിരിച്ചെത്തിച്ചത്.