കേരള ബ്ലാസ്റ്റേഴ്സ് പുതിയ സീസണ് തുടക്കമായി; ആദ്യ മത്സരത്തില്‍ എതിരാളികള്‍ ഇന്ത്യന്‍ നേവി

33

കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ സീസണ്‍ ഇന്ന് ഔദ്യോഗികമായി ആരംഭിക്കും. ഇന്ന് ഡ്യൂറണ്ട് കപ്പിലെ ആദ്യ മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ഇന്ത്യന്‍ നേവിയെ ആകും നേരിടുക. പരിശീലകന്‍ ഇവാന്‍ വുകമാനോവിചിന്റെ കീഴിലെ കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ കോമ്ബറ്റിറ്റീവ് മത്സരമാകും ഇത്. നേരത്തെ മൂന്ന് പ്രീസീസണ്‍ മത്സരങ്ങള്‍ കേരള ബ്ലാസ്റ്റേഴ്സ് ഡ്യൂറണ്ട് കപ്പിന്റെ ഒരുക്കത്തിന്റെ ഭാഗമായി കളിച്ചിരുന്നു. നേവിയും ബെംഗളൂരു എഫ് സിയും ഡെല്‍ഹി എഫ് സിയും ഉള്ള പ്രയാസമുള്ള ഗ്രൂപ്പിലാണ് കേരള ബ്ലാസ്റ്റേഴ്സ് ഉള്ളത്. അതുകൊണ്ട് തന്നെ വിജയിച്ചു തുടങ്ങാന്‍ ആകും കേരള ബ്ലാസ്റ്റേഴ്സ് ആഗ്രഹിക്കുക. കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരങ്ങള്‍ എല്ലാം ഇന്ന് ആദ്യ ഇലവനില്‍ ഉണ്ടാകും. വിദേശ താരങ്ങളായ ലൂണയും സിപൊവിചും സ്ക്വാഡില്‍ ഉണ്ടാകും. മറ്റൊരു വിദേശ താരമായ ചെഞ്ചോ ടീമിനൊപ്പം ഉണ്ടെങ്കിലും ഇന്ന് കളിക്കാന്‍ സാധ്യതയില്ല.