ഉത്തർപ്രദേശിലേക്ക് പശുക്കളേയും കൊണ്ടുപോയ ചെങ്ങന്നൂർ സ്വദേശിക്ക് ദാരുണാന്ത്യം; ദുരൂഹതയെന്നു ബന്ധുക്കൾ

114

ഉത്തർപ്രദേശിലെ ആശ്രമത്തിലേക്കു പശുക്കളെയും കൊണ്ടു പോയ ചെങ്ങന്നൂർ സ്വദേശി മരിച്ചു. സംഭവത്തിൽ ദുരുഹതയുണ്ടെന്നാണ് ബന്ധുക്കളുടെ പരാതി. പാണ്ഡവൻപാറ അർച്ചന ഭവനത്തിൽ വിക്രമനാണ് (55) മരിച്ചത്. കഴിഞ്ഞ 16നു കട്ടപ്പനയിൽ നിന്നു മഥുര വൃന്ദാവൻ ആശ്രമത്തിലേക്ക് വെച്ചൂർ പശുക്കളുമായി വികമൻ യാത്ര തിരിച്ചതാണെന്നു ബന്ധുക്കൾ പൊലീസിനു നൽകിയ പരാതിയിൽ പറയുന്നു.

21 നു ഡൽഹിയിലെത്തിയ വിക്രമൻ തനിക്ക്സുഖമില്ലെന്നും രക്തം ഛർദ്ദിച്ചെന്നും ആശുപ്രതിയിൽ എത്തിക്കാതെ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും വിക്രമൻ ഫോണിൽ മക്കളെ വിവരമറിയിച്ചു. 22ന് രാത്രി 9.45 വരെ ഫോണിൽ വീട്ടുകാരുമായി സംസാരിച്ചു. വീട്ടിലേക്കു കൂട്ടിക്കൊണ്ടു പോകാൻ മകൻ അരുൺ അവിടേക്ക്എത്തണമെന്നും നിർദ്ദേശിച്ചു. 23 നു വൈകിട്ട് അരുൺ വിമാനമാർഗം ഡൽഹിയിലെത്തി. എന്നാൽ വിമാനത്താവളത്തിനടുത്ത് ഹോട്ടലിൽ തങ്ങിയാൽ മതിയെന്നും മൃതദേഹം ഇവിടേക്ക് എത്തിക്കുമെന്നും അവിടെ ഉണ്ടായിരുന്നവർ പറഞ്ഞു.

അപ്പോൾ മാത്രമാണ് ബന്ധുക്കൾ മരണവിവരം അറിയുന്നത്. ഇന്നലെ പുലർച്ചെയാണു മൃതദേഹം വിമാനത്താവളത്തിലേക്ക് എത്തിച്ചത്. വിമാനമാർഗം നാട്ടിലെത്തിച്ച മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രി മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്ത ശേഷം വീട്ടുവളപ്പിൽ സംസ്കരിച്ചു. ഭാര്യ: രമ. മക്കൾ: അരുൺ, വിദ്യ. മരുമകൻ: പ്രസന്നൻ.