ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിന്റെ കൊലപാതകം; മുഖ്യസൂത്രധാരൻ അറസ്റ്റിൽ; ഇതുവരെ പിടിയിലായത് പത്തുപേർ

62

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യസൂത്രധാരൻ പിടിയിലായി. കൊഴിഞ്ഞാമ്പാറ അത്തിക്കോട് സ്വദേശി മുഹമ്മദ് ഹാറൂണാണ് ഇന്ന് പൊലീസിന്റെ പിടിയിലായത്.ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി ഹാറൂണിനായി ഒരുമാസം മുമ്പ് ലുക്കൗട്ട് നോട്ടീസ് പുറത്തുവിട്ടിരുന്നു. സഞ്ജിത് വധത്തിന്റെ മുഖ്യസൂത്രധാരൻ ഇയാളാണെന്നാണ് പൊലീസ് പറയുന്നത്. ഇതോടെ സഞ്ജിത് വധക്കേസിൽ പിടിയിലായവരുടെ എണ്ണം പത്തായി. എവിടെ നിന്നാണ് പ്രതിയെ പിടികൂടിയതെന്ന വിവരങ്ങൾ പൊലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ നവംബർ 15നാണ് ആർഎസ്എസ് തേനാരി മണ്ഡലം ബൗദ്ധിക് ശിക്ഷൺ പ്രമുഖായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം വെട്ടിക്കൊന്നത്. പാലക്കാട് -തൃശൂർ ദേശീയപാതയ്ക്കടുത്ത് കിണാശ്ശേരി മമ്പറത്ത് വച്ചായിരുന്നു സംഭവം നടന്നത്. ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിച്ചിരുന്ന സഞ്ജിത്തിന്റെ ബൈക്ക് തടഞ്ഞുനിർത്തി ഭാര്യയുടെ മുന്നിലിട്ട് വെട്ടിക്കൊല്ലുകയായിരുന്നു. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒരാളടക്കം നാലുപ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. ഇതിൽ മൂന്നു പ്രതികളും കൊലപാതകം ആസൂത്രണം ചെയ്തതിൽ പങ്കുള്ളവരാണ്. പ്രതികളെല്ലാം തന്നെ എസ്‌ഡിപിഐ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരും പ്രാദേശിക ഭാരവാഹികളുമാണെന്നാണ് പൊലീസ് അറിയിച്ചത്.