HomeAround KeralaKollamസെപ്റ്റിക് ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; പ്രതി ഒരു വർഷത്തിനു ശേഷം...

സെപ്റ്റിക് ടാങ്കിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്; പ്രതി ഒരു വർഷത്തിനു ശേഷം അറസ്റ്റിൽ

അഞ്ചാലുംമൂട്:  സെപ്റ്റിക് ടാങ്കിൽ നിന്ന് അസ്ഥികൂടം ലഭിച്ച സംഭവം കൊലപാതകമെന്നു പൊലീസ്. കൊലപാതകത്തിനുശേഷം കടന്ന പ്രതി തൃക്കടവൂർ കുപ്പണ തെക്കേവിള വടക്കതിൽ പൊട്ടൻ രാജേഷ് എന്ന രാജേഷിനെ (42) അറസ്റ്റ് ചെയ്തു. മുരുന്തൽ വെട്ടുവിള ധന്യാനിവാസിൽ ശ്രീദേവിയമ്മയുടെ (52) മൃതദേഹമാണു രാജേഷും സുഹൃത്ത് വിനോദും ചേർന്നു തൃക്കടവൂർ  കായൽ തീരത്തെ ആളൊഴിഞ്ഞ വീട്ടിലെ  സെപ്റ്റിക് ടാങ്കിൽ തള്ളിയത്. 2014 സെപ്റ്റംബറിൽ നടന്ന സംഭവം കഴിഞ്ഞ 19ന് അഞ്ചാലുംമൂട് പൊലീസ് സ്റ്റേഷനിൽ ലഭിച്ച കത്തിലൂടെയാണു പുറത്തറിഞ്ഞത്. സംഭവത്തിനുശേഷം ഒളിവില്‍പോയ രാജേഷ്‌ പല സിം കാര്‍ഡുകളും പല മൊബൈല്‍ ഫോണുകളും ഉപയോഗിക്കുകയും കേരളത്തിലെ വിവിധ സ്‌ഥലങ്ങളില്‍ ജോലി ചെയ്‌തുവരികയായിരുന്നു.

പൊലീസ് പറഞ്ഞത്:

വെട്ടുവിളയിലെ ശ്രീദേവിയമ്മയുടെ വീട്ടിൽ വാടകയ്ക്കു താമസിച്ചിരുന്ന രാജേഷും ശ്രീദേവിയമ്മയും തമ്മിൽ അടുപ്പത്തിലായിരുന്നു. സാമ്പത്തിക ഇടപാടുകളും ഉണ്ടായിരുന്നു. വാടകവീട്ടിൽ നിന്നു താമസം മാറിയശേഷവും ശ്രീദേവിയമ്മയുമായുള്ള അടുപ്പം തുടർന്നു.

ഇതിനിടെ കഴിഞ്ഞ വർഷം ഉത്രാടത്തിനു രാജേഷും സുഹൃത്ത് വിനോദും ചേർന്ന് അഞ്ചാലുംമൂട് വിദേശമദ്യഷോപ്പിനു സമീപത്തിരുന്നു പരസ്യമായി മദ്യപിച്ചു. സംസാരത്തിനിടയിൽ ശ്രീദേവിയമ്മയെ ക്കുറിച്ചു വിനോദിനോടു പറഞ്ഞു. തുടർന്നു വിനോദിന്റെ ആവശ്യപ്രകാരം രാജേഷ് ശ്രീദേവിയമ്മയോടു കുപ്പണ പോങ്ങുംതാഴത്തെ കായൽ തീരത്ത് എത്താൻ ആവശ്യപ്പെട്ടു. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട കാര്യത്തിനാണെന്നു പറഞ്ഞുവിശ്വസിപ്പിച്ചാണു വിളിച്ചത്. മുൻപും ശ്രീദേവിയമ്മ അവിടെ വരാറുണ്ടായിരുന്നു.

പ്രതികൾ ഇരുവരും എത്തുന്നതിനു മുൻപേ രാത്രി പത്തോടെ ശ്രീദേവിയമ്മ കായൽ തീരത്തെ വീടിനുസമീപം എത്തി. അവിടെ എത്തിയ രാജേഷ് ശ്രീദേവിയമ്മയോട് സുഹൃത്ത് വിനോദിന്റെ ആവശ്യം അറിയിച്ചെങ്കിലും അവർ പ്രകോപിതയായി തിരികെപോകാൻ ഒരുങ്ങി. ഇതിനിടെ  ഇരുവരും ചേർന്നു ശ്രീദേവിയമ്മയെ കടന്നുപിടിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു.

ബഹളമുണ്ടാക്കാതിരിക്കാൻ വായ് പൊത്തിപ്പിടിച്ചു. ശ്വാസംമുട്ടി ശ്രീദേവിയമ്മ മരിച്ചു. മരണം ഉറപ്പാക്കാൻ  ഇരുവരും അരമണിക്കൂറോളം കാത്തിരുന്നു.  മൃതദേഹം ആദ്യം കായലിൽ കളയാനായി പദ്ധതിയിട്ടെങ്കിലും പിടിക്കപ്പെടുമെന്നു സെപ്ടിക് ടാങ്കിൽ തള്ളുകയായിരുന്നു.

ഫോണിന്റെ സിമ്മുകൾ ഊരി കായലിൽ കളഞ്ഞശേഷമാണു പോയത്. രാജേഷ് കണ്ണൂരിലേക്കു പോയി. വിനോദിനെക്കുറിച്ചു പിന്നീട് അറിവില്ലായിരുന്നെന്നാണു രാജേഷ് മൊഴി നൽകിയിട്ടുള്ളത്. വിനോദ് വിദേശത്തെവിടെയോ ജോലിയിൽ പ്രവേശിച്ചതായാണു പൊലീസിനു ലഭിച്ച വിവരം.  രാജേഷിന്റെ സുഹൃത്തിനെക്കുറിച്ചു കൂടുതല്‍ വിവരം ലഭിച്ചതായും ഉടന്‍ പിടിയിലാവുമെന്നും പോലീസ്‌ പറഞ്ഞു.

കണ്ണൂരിലെ മുഴുപ്പിലങ്ങാടിയിൽ നിന്നു കഴിഞ്ഞ ദിവസം ഉച്ചയോടെയാണു പൊലീസ് രാജേഷിനെ കസ്റ്റഡിയിലെടുക്കുന്നത്.  ഇന്നലെ രാവിലെയോടെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പു നടത്തി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

RELATED ARTICLES

Most Popular

Recent Comments