കണ്ണൂരിൽ അദ്ധ്യാപികയെ വൈദികർ ലൈംഗികബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതായി ആരോപണം; കൂട്ടുനിന്നത് സിസ്റ്റർ

കണ്ണൂരിൽ അദ്ധ്യാപികയെ സ്കൂൾ അസിസ്റ്റന്റ് മാനേജരുൾപ്പെടെ രണ്ടു വൈദികർ സ്വകാര്യ മുറിയിലേക്ക് വിളിച്ചുവരുത്തി ലൈംഗിക ബന്ധത്തിലേർപ്പെടാൻ നിർബന്ധിച്ചതായി ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്തു. കണ്ണൂർ നഗരത്തിനടുത്ത് പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് സംഭവം. ഫാ. എബ്രഹാം പറമ്പേത്ത്, ഫാ. ബിൻസ്, സ്കൂളിലെ പ്രൈമറി വിഭാഗം മേധാവി സിസ്റ്റർ വിനയ എന്നിവർക്കെതിരെയാണ് അദ്ധ്യാപികയുടെ പരാതിപ്രകാരം കണ്ണൂർ വനിതാ പൊലീസ് കേസെടുത്തിരിക്കുന്നത്. എസ്.പിയ്ക്കും വനിതാ പൊലീസ് സ്റ്റേഷനിലും പരാതി നല്കിയതിനെ തുടർന്ന് അന്നു രാത്രി കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കുറ്റാരോപിതരായ മൂന്ന് പേരെയും ഇതേവരെ അറസ്റ്റ് ചെയ്യത്തതിൽ വൻ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

സ്കൂളുമായി ബന്ധപ്പെട്ട കാര്യങ്ങൾ സംസാരിക്കാനാണ് അദ്ധ്യാപികയെ വിളിച്ച് വരുത്തിയതെന്നാണ് വൈദികരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നത്. എന്നാൽ സ്കൂൾ കോമ്പൗണ്ടിൽ ധാരാളം സൗകര്യങ്ങൾ ഉണ്ടെന്നിരിക്കെ മറ്റൊരു കേന്ദ്രത്തിലേക്ക് അദ്ധ്യാപികയെ എന്ത് ഉദ്ദേശ്യത്തോടെയാണ് വിളിപ്പിച്ചതെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്തണം. അന്വേഷണം പുരോഗതിയിലാണെന്നും, പരാതിയിൽ കഴമ്പുണ്ടെങ്കിൽ നടപടി ഉണ്ടാകുമെന്നും പൊലീസ് പറഞ്ഞു.

കഴിഞ്ഞ ഒന്നിന് രാവിലെ 11.30ഓടെ സ്കൂൾ പ്രവൃത്തി സമയത്തായിരുന്നു സംഭവം. സ്റ്റാഫ് റൂമിലിരിക്കുകയായിരുന്ന അദ്ധ്യാപികയെ സിസ്റ്റർ വിനയയാണ് ആദ്യം കാണണമെന്ന് ആവശ്യപ്പെട്ട് ആളെ അയച്ചു വിളിച്ചുവരുത്തിയത്. ഇവരുടെ മുറിയിൽ എത്തിയപ്പോൾ തനിക്കല്ല മാനേജർ എബ്രഹാം പറമ്പേത്തിനാണ് തന്നോട് സംസാരിക്കാനുള്ളതെന്ന് അവർ പറഞ്ഞു. എന്താണ് കാര്യമെന്ന് അദ്ധ്യാപിക തിരക്കിയെങ്കിലും മറുപടിയൊന്നും നല്കിയിരുന്നില്ല. തുടർന്ന് അദ്ധ്യാപികയെയും കൂട്ടി വിനയ സ്കൂളുമായി ബന്ധമില്ലാത്ത പിൻഭാഗത്തായുള്ള താമസസ്ഥലത്തേക്ക് പോയെന്നും പരാതിയിൽ അദ്ധ്യാപിക പറയുന്നു.

തന്റെ ജോലിയുമായി ബന്ധപ്പെട്ട് എന്തോ അടിയന്തര കാര്യമാണെന്ന് ധരിച്ചിരുന്ന അദ്ധ്യാപിക ആകെ പരിഭ്രമിച്ചാണ് ഇവരുടെ കൂടെ പോയിരുന്നത്. എന്നാൽ അവിടെയെത്തിയപ്പോൾ കിടപ്പുമുറിയിൽ ഫാ. എബ്രഹാമിനൊപ്പം സ്കൂളുമായി ബന്ധമില്ലാത്ത ഫാ. ബിൻസും മുറിയിലുണ്ടായിരുന്നു. വാതിൽക്കൽ നിൽക്കുകയായിരുന്ന അദ്ധ്യാപികയെ സിസ്റ്റർ വിനയ അകത്തേക്ക് തള്ളിക്കയറ്റിയതായും കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ അടങ്ങുന്ന പേഴ്സ് പിടിച്ചുവാങ്ങിയതായും പരാതിയിൽ പറയുന്നുണ്ട്. വിനയ ഇതിന് ശേഷം ഇവിടെ നിന്ന് പോവുകയും ചെയ്തു. തുടർന്നാണ് ഒന്നര മണിക്കൂറോളം തന്നെ രണ്ട് വൈദികരും കൂടി തടഞ്ഞുവച്ച് മാനസികമായി പീഡിപ്പിച്ചതായും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതായും പരാതിയിൽ പറയുന്നത്.

എന്നാൽ, സ്കൂളിന് എതിരെ വന്ന വാർത്ത കെട്ടിച്ചമച്ചതും മാധ്യമ ശ്രദ്ധ ആകർഷിക്കുവാൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുമാണ് എന്ന് മാനേജ്‌മന്റ് പറഞ്ഞു.

മാനേജ്മെന്റ് പ്രസ്താവന:

കഴിഞ്ഞ ദിവസങ്ങളിൽ ശ്രീപുരം സ്കൂൾ മാനേജ്‌മെന്റിനെതിരെ സായാഹ്‌ന പത്രത്തിലും സോഷ്യൽ മീഡിയായിലും വന്ന വാർത്ത തികച്ചും കെട്ടിച്ചമച്ചതും മാധ്യമ ശ്രദ്ധ ആകർഷിക്കുവാൻ സൃഷ്ടിക്കപ്പെട്ടിട്ടുള്ളതുമാണ്. പ്രസ്തുത സ്കൂളിൽ കഴിഞ്ഞ ഇടക്കുണ്ടായ ചില സംഭവങ്ങളിൽ പരാമര്ശിക്കപ്പെട്ടിട്ടുള്ള അധ്യാപികയോട്, രക്ഷിതാക്കളിൽ നിന്നും ലഭിച്ച പരാതികളുടെ വെളിച്ചത്തിൽ സ്കൂൾ ട്രസ്റ്റ്‌ മെമ്പറിന്റെ സാന്നിധ്യത്തിൽ സ്കൂൾ മാനേജർ വിശദീകരണം ആവശ്യപ്പെട്ടു. ഈ കാര്യത്തിൽ അധ്യാപികയ്ക്ക് എന്താണ് പറയാനുള്ളത് എന്ന് എഴുതി നൽകണമെന്ന് ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. ഇത് ഭാവിയിൽ തനിക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമമാണെന്ന് കരുതിയിട്ടാകാം വനിതാ പോലീസിൽ പരാതി നൽകിയതെന്ന് സംശയിക്കുന്നു. പരാതിക്കു പിന്നിൽ ചില തല്പര കക്ഷികൾക്ക് പങ്കുണ്ടെന്നും ഇവരാണ് വ്യാജപ്രചാരണങ്ങൾ പ്രചരിപ്പിക്കുന്നതെന്നും മനസിലാക്കുന്നു.ഇതിനുമുൻപും പലതവണ സ്കൂളിനെയും മാനേജ്മെന്റിനെയും അപകീർത്തി പെടുത്തുവാൻ ഇവർ നേരിട്ടും മറ്റുള്ളവരെ നിര്ബന്ധിപ്പിച്ചും പ്രവർത്തിച്ചതിന്റെ നിരവതി സംഭവങ്ങളുണ്ട്. അതുകൊണ്ടുതന്നെ ഇതൊരു ഹിഡൻ അജണ്ടയാണെന്ന് തിരിച്ചറിയുക.

കേസ് അന്വേഷണത്തിന്റെ ഭാഗമായി സൈബർ സെല്ലിന്റെ സഹായം തേടിയിട്ടുണ്ടെന്ന് ഡിവൈ.എസ്.പി പി.പി.സദാനന്ദൻ പറഞ്ഞു. വൈദികരെ പൊലീസ് ചോദ്യം ചെയ്തു. അദ്ധ്യാപികയുമായി സംസാരിച്ചത് വൈദികർ ഫോണിൽ റെക്കാർഡ് ചെയ്തിരുന്നുവത്രെ. പൊലീസ് ഇത് പരിശോധിച്ച് വരികയാണ്. വനിത എസ്.ഐ മല്ലികയാണ് കേസ് അന്വേഷിക്കുന്നത്.