HomeNewsLatest Newsസംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നോക്കുകൂലിയില്ല; തൊഴിലാളികളുടെ വിതരണം അവസാനിപ്പിക്കുമെന്ന് ട്രേഡ് യൂണിയനുകള്‍

സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നോക്കുകൂലിയില്ല; തൊഴിലാളികളുടെ വിതരണം അവസാനിപ്പിക്കുമെന്ന് ട്രേഡ് യൂണിയനുകള്‍

സംസ്ഥാനത്ത് മെയ് ഒന്നു മുതല്‍ നോക്കുകൂലി നിര്‍ത്തലാക്കാന്‍ തീരുമാനിച്ചു. ട്രേഡ് യൂണിയനുകള്‍ പിന്തുണ അറിയിച്ചതിനെതുടര്‍ന്നാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമുണ്ടായത്. തൊഴിലാളികളുടെ വിതരണം അവസാനിപ്പിക്കുമെന്ന് ട്രേഡ് യൂണിയനുകള്‍ അറിയിച്ചു. നോക്കുകൂലിയും വ്യവസായരംഗത്തെ ദുഷ്പ്രവര്‍ത്തികളും അവസാനിപ്പിക്കുമെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു. ഇതുമായി ബന്ധപ്പെട്ട് ട്രേഡ് യൂണിയനുകളുമായി ചര്‍ച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ഇതിന് തുടര്‍ച്ചയെന്നോണമാണ് മുഖ്യമന്ത്രിയുടെ ഇപ്പോഴത്തെ തീരുമാനം.

വര്‍ക്ക്‌ഷോപ്പിനുമുന്നില്‍ സിപിഐ പ്രവര്‍ത്തകര്‍ കൊടിനാട്ടിയതിനെതുടര്‍ന്ന് ആത്മഹത്യ ചെയ്ത പ്രവാസി സുഗതനെക്കുറിച്ച് അടൂര്‍പ്രകാശ് നല്‍കിയ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി പറയുമ്പോഴാണ് നോക്കുകൂലി അവസാനിപ്പിക്കുന്നതിനുള്ള നടപടികളെക്കുറിച്ച് മുഖ്യമന്ത്രി വിശദീകരിച്ചത്.

തീരുമാനത്തെ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്:

മെയ് ഒന്നുമുതല്‍ കേരളത്തില്‍ നോക്കുകൂലി സമ്പ്രദായം അവസാനിപ്പിക്കാനുളള സര്‍ക്കാരിന്‍റെ തീരുമാനത്തിന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. സംഘടനകള്‍ തൊഴിലാളികളെ വിതരണം ചെയ്യുന്ന പ്രവണതയും മെയ് ഒന്നുമുതല്‍ അവസാനിപ്പിക്കാന്‍ തൊഴിലാളി സംഘടനാ നേതാക്കളുടെ യോഗത്തില്‍ ധാരണയായി. സംസ്ഥാനതല യോഗത്തിന്‍റെ തുടര്‍ച്ചയായി മെയ് ഒന്നിനു മുമ്പ് എല്ലാ ജില്ലയിലും കലക്ടര്‍മാര്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചു ചേര്‍ക്കുന്നതാണ്.

നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവും അവസാനിപ്പിക്കുമ്പോള്‍ത്തന്നെ, യന്ത്രവല്‍ക്കരണത്തിന്‍റെ ഭാഗമായി തൊഴില്‍ നഷ്ടപ്പെടുന്ന തൊഴിലാളികളെ സഹായിക്കുന്നതിന് എന്തു ചെയ്യാന്‍ പറ്റുമെന്ന് സര്‍ക്കാര്‍ ആലോചിക്കും. പുതിയ സ്ഥാപനം തുടങ്ങുമ്പോഴും പദ്ധതികള്‍ വരുമ്പോഴും അതത് പ്രദേശത്തെ തൊഴിലാളികള്‍ക്ക് കഴിയുന്നത്ര തൊഴില്‍ ലഭിക്കണമെന്നതാണ് സര്‍ക്കാരിന്‍റെ നിലപാട്.

തൊഴിലാളി സംഘടനകള്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കിയതുകൊണ്ട് കേരളത്തില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ ഒരു വ്യവസായവും തടസ്സപ്പെട്ടിട്ടില്ല. ഇത് സംബന്ധിച്ച് വ്യവസായികള്‍ക്കും പരാതിയില്ല. എന്നാല്‍ കേരളത്തെക്കുറിച്ചുളള പൊതു പ്രതിച്ഛായ ഇതല്ല. നോക്കുകൂലിയും സംഘടനകളുടെ തൊഴിലാളി വിതരണവുമാണ് കേരളത്തിന്‍റെ തൊഴില്‍ മേഖലയുടെ പ്രതിച്ഛായ മോശമാക്കിയത്. ഒരു കേന്ദ്ര ട്രേഡ് യൂണിയനും ഇത് അംഗീകരിക്കുന്നില്ലെങ്കിലും കേരളത്തില്‍ ഈ ദുഷ്പ്രവണത തുടരുകയാണ്. അത് തീര്‍ത്തും അവസാനിപ്പിക്കാനുളള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നത്.

 

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments