HomeAround Kerala''നിങ്ങള്‍ക്ക്‌ പോറ്റാനാവില്ലെങ്കില്‍ കുഞ്ഞിനെ ഇങ്ങനെ ചെയ്യൂ ''; കേരളത്തിലെ സാഹചര്യത്തിൽ ഒരു ഡോക്ടറിന്റെ ഉള്ളുപൊള്ളുന്ന കുറിപ്പ്...

”നിങ്ങള്‍ക്ക്‌ പോറ്റാനാവില്ലെങ്കില്‍ കുഞ്ഞിനെ ഇങ്ങനെ ചെയ്യൂ ”; കേരളത്തിലെ സാഹചര്യത്തിൽ ഒരു ഡോക്ടറിന്റെ ഉള്ളുപൊള്ളുന്ന കുറിപ്പ് വൈറൽ

അടുത്തിടെ ആലുവായിലും, തൊടുപുഴയിലും ആലപ്പുഴയിലും രക്ഷിതാക്കളുടെ ആക്രമണത്തിനിരയായി കുട്ടികള്‍ മരണപ്പെട്ട സംഭവവും ഞെട്ടലോടെയാണ് മലയാളികള്‍ കേട്ടത്. ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതില്‍ നിന്നും അമ്മ വിമുഖത കാണിക്കുന്നുവെങ്കില്‍ അവരുടെ ജീവിതം അപകടത്തിലേക്ക് തള്ളിവിടാതെ അവരെ അവിടെ നിന്നും മാറ്റണമെന്ന് ഡോക്ടര്‍ ഷിംന അസീസ് കുറിക്കുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഒന്നര വയസ്സുകാരിയെ കൊന്നത്‌ അമ്മയെന്ന്‌ വാര്‍ത്ത. അവര്‍ക്ക്‌ മാനസികാസ്വാസ്‌ഥ്യമുണ്ടെന്ന്‌ അതിന്റെ ബാക്കിയും. കഥയും കാര്യവുമേതെന്നറിയില്ല. പക്ഷേ, മടിയില്‍ ചാഞ്ഞിരിക്കുന്നവളെപ്പോലൊന്നിനെ ശ്വാസം മുട്ടിച്ച്‌ കൊന്നെന്ന്‌ കേള്‍ക്കുമ്ബോള്‍ ചിലത്‌ എഴുതാതെ കഴിയുന്നില്ല.

പ്രസവിച്ച്‌ കിടക്കുന്ന അമ്മ കുഞ്ഞിനെ തിരിഞ്ഞ്‌ പോലും നോക്കാതെയിരിക്കുന്നത്‌ കണ്ടിട്ടുണ്ടോ? നൊന്തു പെറ്റ സ്വന്തം കുഞ്ഞിനോട്‌ ദിവസങ്ങളോളം വെറുപ്പും അകല്‍ച്ചയും തോന്നിയിട്ടുണ്ടോ? പോസ്‌റ്റ്‌പാര്‍ട്ടം ഡിപ്രഷനും സൈക്കോസിസും മറ്റ്‌ മാനസിക വിഷമങ്ങളുമെല്ലാം പെണ്ണിന്‌ പറഞ്ഞിട്ടുള്ളതാണ്‌. പക്ഷേ, ആ നേരത്ത്‌ അവള്‍ക്ക്‌ കിട്ടേണ്ട ശ്രദ്ധയും പരിചരണവും കിട്ടുന്നത്‌ അത്യപൂര്‍വ്വമാണ്‌. കൃത്യമായ മനശാസ്ത്രചികിത്സക്ക്‌ പകരം മന്ത്രവാദം, മതചികിത്സ തുടങ്ങി സകലതും നോക്കും. കുറ്റപ്പെടുത്തലും പീഡനവും പുറമേ. കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കുകയല്ല.

ആ സാഹചര്യങ്ങള്‍ വന്ന്‌ പെടാതെ നോക്കേണ്ടത്‌ ഓരോരുത്തരുടേയും കടമയാണ്‌. അമ്മക്ക്‌ വയ്യായ്‌ക ഉണ്ടെങ്കില്‍ കുടുംബം വേണ്ടത്‌ ചെയ്യണം. എന്നിട്ടും കുഞ്ഞിപ്പൈതങ്ങള്‍ ഉപദ്രവിക്കപ്പെടുന്നെങ്കില്‍ അവരെ നിര്‍ബന്ധമായും അപകടസാഹചര്യത്തില്‍ നിന്ന്‌ മാറ്റണം. നിങ്ങള്‍ക്ക്‌ പോറ്റാനാവില്ലെങ്കില്‍ കുഞ്ഞുങ്ങള്‍ സുരക്ഷിതരായി എവിടെയെങ്കിലും ജീവിക്കട്ടെ. മക്കളെ കൊല്ലരുതേ…

വിഷമത്തോടെയെങ്കിലും ചില വിവരങ്ങളെഴുതുന്നു. DrAswathi Soman എഴുതിയ പോസ്‌റ്റില്‍ നിന്നും അടര്‍ത്തിയെടുത്ത ചില കാര്യങ്ങള്‍ കൂടി ചേര്‍ക്കുന്നു.

താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങളാണ്‌ ചുവടെ എഴുതിയിരിക്കുന്നത്‌. തെറ്റും തെറ്റും തമ്മില്‍ മത്സരിക്കുമ്ബോള്‍ ഏറ്റവും കുറഞ്ഞ തെറ്റിന്റെ കൂടെ നില്‍ക്കുക തന്നെ…

ഒരു കുഞ്ഞിനെ എങ്ങനെ ഉപേക്ഷിക്കാം..

നമ്മള്‍ പ്രതീക്ഷിക്കുന്നത്തിലേറെ പേര്‍ ‘ശല്യങ്ങളെ’ ഒഴിവാക്കാന്‍ നോക്കുന്നുണ്ട് . വീട്ടിലെ ബാധ്യതകള്‍, ലഹരി ഉപയോഗം കൊണ്ടുള്ള മനസികാവസ്ഥകള്‍, ആവശ്യമില്ലാതെയോ അറിയാതെയോ ഉണ്ടായ കുഞ്ഞുങ്ങള്‍, ബുദ്ധിമാന്ദ്യം ഉള്ള കുട്ടികള്‍, വീട്ടിലെ സാമ്ബത്തികാവസ്ഥ, അസുഖങ്ങള്‍ എന്നു തുടങ്ങി നിരവധി കാരണങ്ങള്‍. കുഞ്ഞുങ്ങള്‍ക്കും ഒരു നല്ല ജീവിതം ഉണ്ട് എന്നു ഓര്‍ക്കണം.കുഞ്ഞുങ്ങള്‍ ഇല്ലാത്തവര്‍ അവരെ പൊന്നു പോലെ നോക്കും. അല്ലാതെ തിരിച്ചു പ്രതികരിക്കാന്‍ കഴിയാത്ത, അല്ലെങ്കില്‍ നിങ്ങള്‍ക്ക് അടിച്ചമര്‍ത്താന്‍ കഴിയും എന്നുറപ്പുള്ള അവരുടെ അടുത്തു നിങ്ങളുടെ അപകര്‍ഷതാ ബോധം കാരണം അവരെ തല്ലി ചതക്കുന്ന ക്രൂര വിനോദം ഒഴിവാക്കുക.

താത്കാലികമായോ, സ്ഥിരമായോ കുഞ്ഞിനെ ഉപേക്ഷിക്കാനുള്ള മാര്‍ഗങ്ങള്‍.

1)അമ്മത്തൊട്ടില്‍:
കുഞ്ഞിനെ ജനിച്ച ഉടന്‍ തന്നെ അമ്മത്തൊട്ടിലുകളില്‍ ഉപേക്ഷിക്കാം. കുറച്ചു വലിയ കുട്ടികളെയും അവിടെ ഉപേക്ഷിക്കാം. ആരും നിങ്ങളെ തേടി വരില്ല. നിങ്ങളുടെ ഐഡന്‍റിറ്റി വെളിപ്പെടുകയുമില്ല. കുഞ്ഞ്‌ എവിടെങ്കിലും ജീവിച്ചു കൊള്ളും.

2) CWC: child welfare committee
പല കാരണങ്ങളാല്‍ കുഞ്ഞിനെ നോക്കാന്‍ കഴിയാത്തവര്‍ക്ക് CWC ഓഫീസുമായി ബന്ധപ്പെടാം. ഓണ്ലൈനില്‍ അപേക്ഷ സമര്‍പ്പിക്കാം. അവരുടെ അന്വേഷണത്തിന് ശേഷം കുഞ്ഞിനെ അവര്‍ സ്വീകരിച്ചു വേറൊരു കുടുംബത്തിന് വളര്‍ത്താന്‍ നല്കുന്നതാണ്. Surrendering a child: കല്യാണം കഴിഞ്ഞു രണ്ടു പേരും ജീവനോടെ ഉള്ളപ്പോള്‍ രണ്ടുപേരുടെയും (അമ്മയും,അച്ഛനും) സമതത്തോട് കൂടി, ചില പ്രത്യേക സാഹചര്യങ്ങളില്‍ അമ്മയുടെ മാത്രം സമതത്തോടും കുട്ടിയെ സംസ്ഥാനത്തിന് വിട്ടു നല്‍കാം. അവര്‍ വളര്‍ത്തിക്കോളും. കുഞ്ഞുങ്ങളെ വില്‍ക്കാന്‍ ശ്രമിക്കുന്നത്‌ നിയമപരമായി വലിയ കുറ്റമാണ്‌. എത്ര കഷ്‌ടപ്പാടെങ്കിലും അതിന്‌ മുതിരരുത്‌.

3)ഗവ.ചില്‍ഡ്രന്‍ ഹോമുകള്‍:
താത്കാലികമായോ സ്ഥിരമായോ കുഞ്ഞുങ്ങളെ പരിരക്ഷിക്കുന്നതിനുള്ള ഗവ.സ്ഥാപനങ്ങള്‍.

3)Orphanage:
ലീഗലി സര്‍ട്ടിഫൈഡ് ആയ ഓര്‍ഫനേജുകളില്‍ കുട്ടികളെ നല്‍കുക (കേരളത്തിലെ റെജിസ്റ്റര്‍ഡ് ഓര്‍ഫനേജുകളുടെ ലിങ്ക് താഴെ കൊടുക്കുന്നു)
http://swd.kerala.gov.in/DOCUMENTS/Downloadables/./25591.pdf

4)Foundling homes:
സോഷ്യല്‍ ജസ്റ്റിസ് വിഭാഗത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനം. ഇവിടെയും കുഞ്ഞുങ്ങളെ സുരക്ഷിതമായി ഏല്പിക്കാം.

5)Adoption:
കുട്ടികളെ ദത്തെടുത്തു വളര്‍ത്തുന്ന കേന്ദ്രങ്ങള്‍ ഉണ്ട്. ഹിന്ദു മാതാപിതാക്കള്‍ക്ക് അവരുടെ ബന്ധത്തിലുള്ളവര്‍ക്ക്‌ കുഞ്ഞുങ്ങളെ ദത്തെടുക്കാന്‍ കൊടുക്കാം.

6)1098 : ചൈല്‍ഡ് ലൈന്‍ :
കുട്ടികളുമായി ബന്ധപ്പെട്ട എന്തു വിഷയവും ഇവിടെ വിളിച്ചു പറയാം. വഴിയില്‍ ഉപേക്ഷിക്കപ്പെട്ടതോ, ഉപദ്രവിക്കപ്പെട്ടതോ, ആവശ്യമില്ലാതെ തള്ളിക്കളഞ്ഞതോ ആയ കുട്ടികളെ കുറിച്ചോ അവര്‍ നേരിടുന്ന മാനസിക, ശാരീരിക, സാമൂഹിക പീഡങ്ങളെകുറിച്ചോ കുട്ടികള്‍ക്കും , മാതാ പിതാക്കള്‍ക്കും വിളിച്ചു പറഞ്ഞു സഹായം നേടാം.

7) Foster Care:
താല്‍കാലികമായി മാറ്റി താമസിപ്പിക്കാനുള്ള സംവിധാനം വീടുകളിലും, ഗവണ്‍മെന്റ് റെസിഡന്‍ഷ്യല്‍ സ്കൂളുകളും ഉണ്ട്.
നമുക്കും കൈകോര്‍ക്കാം അവര്‍ക്കായി. ഓണ്‍ലൈനില്‍ അല്ലെങ്കില്‍ ജില്ലയിലെ DCPO (ഡിസ്ട്രിക്റ്റ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റ്/ഓഫീസുകള്‍ ) ആയി ബന്ധപ്പെട്ടാല്‍ ഈ സോഷ്യല്‍ മീഡിയയില്‍ ഘോര ഘോരം പ്രസംഗിക്കുന്ന ആര്‍ക്കും ഫോസ്റ്റര്‍ മാതാ പിതാക്കള്‍ ആകാം. കുറച്ചു സമയത്തേക്കെങ്കിലും കുറച്ചു കുഞ്ഞുങ്ങള്‍ക്ക് നല്ല ജീവിതം നല്‍കാം.

കുട്ടികളുടെ ജീവനെടുക്കുന്ന വാര്‍ത്ത ഇനിയൊരിക്കല്‍ കൂടി കേള്‍ക്കേണ്ട ദുര്‍ഗതി വരാതിരിക്കട്ടെ. പിടഞ്ഞ്‌ തീരുന്ന പിഞ്ചുമക്കളുടെ നിലവിളിയോര്‍ത്ത്‌ ഇനിയൊരിക്കല്‍ കൂടി ഉറക്കം ഞെട്ടിയുണരേണ്ട അവസ്‌ഥയും വന്നണയാതിരിക്കട്ടെ…

നീറുന്ന നെഞ്ചകത്തോടെ,
ഒരമ്മ.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments