ഫേസ്ബുക്കിന് ഭീഷണിയായി ഇതാ കൊച്ചിയിൽ നിന്നൊരു മൊബൈൽ ആപ്പ്

നമ്മള്‍ കേള്‍ക്കുന്ന പാട്ടിലൂടെ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് നമ്മുടെ താല്‍പര്യങ്ങള്‍ കണ്ടെത്തി, അതനുസരിച്ച് വിനോദം, വിജ്ഞാനം, ട്രാവല്‍, ഫുഡ്, സ്‌പോര്‍ട്‌സ്, ഫാഷന്‍, സയന്‍സ്, ട്രാവല്‍, ആര്‍ക്കിടെക്ചര്‍, കള്‍ച്ചര്‍, ടെക്‌നോളജി… ഇങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള വിവരങ്ങള്‍ ഇനി നമ്മള്‍ ആവശ്യപ്പെടാതെ തന്നെ നമ്മെ തേടിയെത്തും. ഇതെന്താ സംഭവം എന്നല്ലേ ? കൊച്ചിയില്‍ നിന്നുള്ള ഒരു കൂട്ടം ചെറുപ്പക്കാര്‍ ഡെവലപ് ചെയ്ത് സോഷ്യല്‍ മോബ് എന്ന ആപ്പ് ഇപ്പോള്‍ സൈബർ ലോകത് താരമായി മാറിയിരിക്കുകയാണ്.

നമ്മള്‍ സോഷ്യല്‍മോബ് ആപ്പിലൂടെ ഇഷ്ടമുള്ള പാട്ടുകള്‍ കേട്ടാല്‍ മതി. ബാക്കിയെല്ലാം ഈ ആപ്പ് തന്നെ നമുക്കായി ചെയ്യും. ദിനംപ്രതി ഇരുനൂറോളം പേര്‍ ഡൗണ്‍ലോഡ് ചെയ്യുന്ന സോഷ്യല്‍ മോബില്‍ ആഗോളതലത്തില്‍ ഉയര്‍ന്നുവരുന്ന 400ലധികം ഗായകരുടെതായി 5000 മണിക്കൂറിന്റെ പാട്ടുകളുണ്ട്. അതില്‍ നിന്നും ഇഷ്ടമുള്ള പാട്ട് കേട്ടാല്‍, ഇഷ്ടപ്പെട്ട മേഖലയിലെ വിവരങ്ങള്‍ നിങ്ങളെ തേടിയെത്തും.നമുക്കിഷ്ടപ്പെട്ട പാട്ടുകളും നമ്മുടെ ചിന്തകളും തമ്മിലൊരു രസതന്ത്രമുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിച്ച് ആ കണക്ഷന്‍ കണ്ടെത്തി, അതനുസരിച്ച് ഓരോരുത്തര്‍ക്കും വേണ്ടുന്ന വിധത്തിലുള്ള വിവരങ്ങളാണ് ആപ്പ് നമ്മില്‍ എത്തിക്കുന്നത്. മ്യൂസിക്കും നെറ്റ് വര്‍ക്കിങ്ങുമാണ് സോഷ്യല്‍ മോബിന്റെ യുഎസ്പി.

നെറ്റ് വര്‍ക്കിംഗ്, മെസഞ്ചര്‍ ഫെസിലിറ്റി, ഡിസ്‌കഷന്‍ ഫോറം, ഫീഡ്‌സ് തുടങ്ങിയ സംവിധാനങ്ങളും ഇതിലുണ്ട്. ആപ്പില്‍ നമുക്ക് ആവശ്യമായ വിവരങ്ങള്‍ കണ്ടെത്താനും സാധിക്കും. കൊച്ചിയില്‍ പാലാരിവട്ടത്തുള്ള പാടത്ത് ഇന്‍ഫോടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡിലെ ഒരു കൂട്ടം യുവാക്കളാണ് സോഷ്യല്‍ മോബ് പ്ലാറ്റ് ഫോമില്‍ എത്തിക്കുന്നത്. സിഇഒ അഗിന്‍ ജോണ്‍സണ്‍, ടെക് ഹെഡ് സിറാജ് അബ്ബാസ്, സീനിയര്‍ ആന്‍ഡ്രോയ്ഡ് ഡെവലപ്പര്‍ ബിന്‍സി ബേബി, പബ്ലിക് റിലേഷന്‍സ് ജിതിന്‍ ബാബു, ആര്‍ടിസ്റ്റ് മാനേജ്‌മെന്റ് അഞ്ജു പാറയ്ക്ക, ഡിസൈന്‍ ഹെഡ് ശബരി എന്നിവരാണ് ഈ സംരംഭത്തിന്റെ പിന്നിൽ പ്രവർത്തിക്കുന്നത്. സോഷ്യല്‍ മോബ് ആപ്പ് ഓണ്‍ലൈനില്‍ ഫ്രീയായി ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പ് സ്റ്റോറില്‍ നിന്നോ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.

കടപ്പാട്: മാതൃഭൂമി