ക്ലാസ്സും മാസും ഒത്തുചേർന്ന വില്ലൻ: റിവ്യൂ

ബി ഉണ്ണികൃഷ്‍ണന്റെ സംവിധാനം ചെയ്‍ത മോഹന്‍ലാല്‍ നായകനായി എത്തിയ വില്ലന്‍ ചടുലവേഗതയുള്ള ക്രൈം ത്രില്ലര്‍ എന്നതിലുപരി ഒരു ഇമോഷണല്‍ ത്രില്ലര്‍ ചിത്രമായിട്ടാണ് എത്തിയിരിക്കുന്നത്. നായകകഥാപാത്രമായി എത്തിയ മോഹന്‍ലാലിന്റെ പ്രകടനം സിനിമയുടെ നട്ടെല്ലുമാകുന്നു. ‘ഒരു മനുഷ്യൻ മറ്റൊരു മനുഷ്യനെ കൊല്ലുന്നതു പോലെ അസ്വാഭാവികമായ മറ്റൊന്നും ഈ ലോകത്തില്ല’–മോഹൻലിന്റെ മാത്യു മാഞ്ഞൂരാന്റെ ഈ സംഭാഷണം തന്നെയാണ് സിനിമയിലൂടെ സംവിധായകൻ പ്രേക്ഷകർക്ക് നൽകുന്ന സന്ദേശവും.ഒരു ക്രൈം ത്രില്ലര്‍ ചിത്രത്തിന്റെ കൃത്യമായ സൂചനകള്‍ നല്‍കി നഗരത്തില്‍ നടക്കുന്ന ഒരു കൂട്ടക്കൊലപാതകത്തിലൂടെയാണ് സിനിമ തുടങ്ങുന്നത്. പിന്നീട് പതിഞ്ഞ താളത്തില്‍ മുന്നേറുന്ന രംഗങ്ങളിലേക്ക് മോഹന്‍ലാലിന്റെ മാത്യു മാഞ്ഞൂരാന്‍ എത്തുന്നു. വ്യക്തിപരമായ ഒരു ദുരന്തത്തില്‍ പെട്ട് അവധിയിലായിരുന്ന മാത്യു മാഞ്ഞൂരാന്‍ തിരികെ ജോലിയില്‍ പ്രവേശിക്കുന്നു. വളണ്ടറി റിട്ടേയര്‍മെന്റ് എടുക്കാനിരിക്കുന്ന മാത്യു മാഞ്ഞൂരാന്റെ സര്‍വീസിലെ അവസാന ദിവസവുമാണ് അന്ന്. ജോലി വിട്ട് ഒരു യാത്ര പോകാന്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്റെ കഥാപാത്രം ഒരു പ്രത്യേക സാഹചര്യത്തില്‍ കൊലപാതക കേസ് അന്വേഷണത്തിലേക്ക് എത്തുകയും ചെയ്യുന്നു. ആ അന്വേഷണം വില്ലനിലേക്കും നായകനിലേക്കും എത്തുന്ന കഥയാണ് സിനിമ പറയുന്നത്.സ്ഥിരം കുറ്റാന്വേഷണകഥകളിലേതു പോലെ ചടുല വേഗത്തിലല്ല വില്ലന്റെ സഞ്ചാരം. മാത്യു മാഞ്ഞൂരാൻ എന്ന വ്യക്തിയുടെ വികാരങ്ങളിലൂടെയാണ് വില്ലൻ സഞ്ചരിക്കുന്നത്. മാസ് സിനിമയെന്നതിലുപരി ഒരു ക്ലാസ് ത്രില്ലറാണ് വില്ലൻ. ഡാർക് ഇമോഷനൽ ത്രില്ലർ എന്ന് ഒറ്റവാക്കിൽ പറയാം. ഒരു സസ്പെൻസിനോ ട്വിസ്റ്റിനോ വേണ്ടി കഥ പറയുന്ന രീതിയല്ല വില്ലനിലൂടെ സംവിധായകൻ ആവിഷ്കരിച്ചിരിക്കുന്നത്. ഇതൊന്നുമില്ലാതെതന്നെ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന മുഹൂർത്തങ്ങളാണ് വില്ലന്റെ ഏറ്റവും വലിയ പ്രത്യേകത.വിശാൽ, മ‌ഞ്ജു വാര്യർ,രാഷ്നി ഖന്ന, ഹൻസിക, ശ്രീകാന്ത് തുടങ്ങി വമ്പൻതാരങ്ങളുടെ സാന്നിധ്യതോടെയാണ് വില്ലൻ എത്തിയിരിക്കുന്നത് . ശക്തിവേൽ പളനി സ്വാമിയെ വിശാലും, ശ്രേയയെ ഹൻസികയും അവതരിപ്പിക്കുമ്പോള്‍ രൺജി പണിക്കർ, സിദ്ധിക്ക്, അജു വർഗ്ഗീസ്, ചെമ്പൻ വിനോദ് തുടങ്ങിയ മലയാളത്തിന്‍റെ പ്രിയ താരങ്ങളും സിനിമയുടെ ഭാഗമാണ്. എങ്കിലും, വില്ലന്‍റെ വീര്യം മോഹൻലാൽ തന്നെയാണ്. പോലീസ് സ്റ്റോറിയാണെങ്കിലും വൈകാരികപ്രതിസന്ധിയില്‍ ഉഴലുന്ന ഉദ്യോഗസ്ഥന്റെ സൂഷ്മവികാരങ്ങളെ ലാല്‍ അസാധാരണമായ കൈയടക്കത്തോടെ അവതരിപ്പിച്ചുണ്ട്.സൂക്ഷമമായ അഭിനയ മികവ് കൊണ്ട് മാത്യു മാഞ്ഞൂരിനെ അദ്ദേഹം അനശ്വരമാക്കി .അദ്ദേഹത്തിന്റെ അഭിനയപാടവത്തെ പരമാവധി ഉപയോഗിക്കാൻ .ബി.ഉണ്ണികൃഷ്ണനു സാധിച്ചിട്ടുണ്ട്.മോഹൻലാൽ കേന്ദ്രീകൃത കഥയിൽ വിശാൽ, ശ്രീകാന്ത്‌ തുടങ്ങിയ വൻ താര നിരയ്ക്ക്‌ ചെയ്യാൻ കാര്യമായി സംവിധായകൻ ഒന്നും കൊടുത്തില്ല എന്ന് തോന്നി. മലയാളസിനിമയ്ക്ക്‌ അത്ര പരിചിതമല്ലാത്ത ഇമോഷണൽ ത്രില്ലർ ജോണറിനോട്‌ നീതി പുലർത്താൻ വില്ലന് കഴിഞ്ഞിട്ടുണ്ടോ എന്ന് സംശയമാണ്.  പ്രമേയഭദ്രത  പുലർത്തുന്നുണ്ടോ എന്നു സംശയിക്കാമെങ്കിലും സാങ്കേതികപരമായി വില്ലൻ ഏറെ മുന്നിട്ടുനിൽക്കുന്നു. വിഎഫ്എക്സ്, ഛായാഗ്രഹണം, എഡിറ്റിങ്, ശബ്ദലേഖനം, ആക്‌ഷൻ കൊറിയോഗ്രഫി ഇവയെല്ലാം ഹോളിവുഡ് സിനിമകളോട് കിട പിടിക്കുന്നതാണ്. പീറ്റർ ഹെയ്നും ,സ്റ്റണ്ട് സില്വയും ഷാരൂഖിന്‍റെ ‘റയീസി’ന് സ്റ്റണ്ട് കൊറിയോഗ്രഫി നിര്വഹിച്ച രവി വർ‍മ്മയും സംഘട്ടന രംഗങ്ങളെ ജീവസുറ്റതാക്കി. റിലീസിന് മുമ്പേ തന്നെ ഹിറ്റായിരുന്ന പാട്ടുകളെല്ലാം നന്നായിട്ടുണ്ട്. സുഷിൻ ശ്യാം ഒരുക്കിയ പശ്ചാത്തല സംഗീതം തരക്കേടില്ലായിരുന്നു. വിണ്ണൈ താണ്ടി വരുവായയുടെ ക്യാമറമാൻ കൂടിയായിരുന്ന മനോജ് പരമഹംസയുടെ ഫ്രെയ്മുകൾ മോശമായില്ല. സിനിമയുടെ വേഗത്തിനൊപ്പം ഷമീർ മുഹമ്മദ് എന്ന എഡിറ്ററും സഞ്ചരിച്ചിട്ടുണ്ട്. ചുരുക്കത്തിൽ പറഞ്ഞാൽ, മാസും ക്ലാസ്സും ഒത്തു ചേർന്ന ഡാർക്ക് ത്രില്ലറാണ് വില്ലൻ.

മലയാളത്തിൽ ആദ്യമായി 8k റിസോലൂഷനിൽ പൂർണമായും ചിത്രീകരിക്കുന്ന സിനിമയെന്ന ഖ്യാതി വില്ലനു ഏറെ നാളുകൾക്ക് മുമ്പെ നേടികൊടുത്തിരുന്നു. 4k, 2k തീയറ്ററുകൾ മാത്രമുള്ള കേരളത്തില്‍ ആ മികവ് പ്രത്യേകിച്ചു ഫീല്‍ ചെയ്യാനായില്ല എന്നൊരു പോരായ്മ എടുത്തു പറയേണ്ടതുണ്ട്.