HomeUncategorizedലാലേട്ടന്റേതു മാത്രമാണ് ഈ വിസ്മയം: സിനിമ റിവ്യൂ: ഒടിയൻ

ലാലേട്ടന്റേതു മാത്രമാണ് ഈ വിസ്മയം: സിനിമ റിവ്യൂ: ഒടിയൻ

തീയറ്ററുകളില്‍ എത്തുന്നതിനുമുന്‍പ് തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ച ചിത്രമാണ് ഒടിയൻ. മോഹന്‍ലാല്‍ ഒടിയനാവാന്‍ നടത്തിയ മേക്കോവറാണ് ഇതിലെ ഹൈലൈറ്റ്. വി എ ശ്രീകുമാര്‍ മേനോന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഇത്. ഒടിയന്‍ എന്ന പേര് സൂചിപ്പിക്കുന്നത് പോലെ പണ്ടുകാലത്ത് കേരളത്തിലെ മലബാര്‍ മേഖലയില്‍ നിലനിന്നിരുന്ന ഒടിയന്‍ എന്ന മിത്തിനെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ഒടിയന്റെ തിരക്കഥ ദേശീയ അവാര്‍ഡ് ജേതാവായ ഹരികൃഷ്ണന്‍ ആണ് രചിച്ചിരിക്കുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ ആണ് നിര്‍മ്മാണം.

തേങ്കുറിശ്ശി എന്ന പാലക്കാടന്‍ ഗ്രാമത്തിലെ അവസാനത്തെ ഒടിയന്‍ ആയ മാണിക്യന്റെ കഥയാണ് ചിത്രത്തില്‍ പറയുന്നത്. മാണിക്കന്‍എങ്ങനെ ഒടിയന്‍ ആയി എന്നും എങ്ങനെ അയാള്‍ അവസാനത്തെ ഒടിയന്‍ ആയി മാറി എന്നും നമ്മള്‍ കേട്ട് പഴകിയ ഒടിയന്‍ കഥകളെ പൊളിച്ചെഴുതി കൊണ്ട് പറഞ്ഞിരിക്കുകയാണ് ശ്രീകുമാറും ഹരികൃഷ്ണനും ചേര്‍ന്ന്. അതോടൊപ്പം തന്നെ രാവുണ്ണി, പ്രഭ എന്നിവരുടെയും കൂടി കഥയാണ് ഈ ചിത്രം പറയുന്നത്.

അപ്രതീക്ഷിതമായി എത്തിയ ഹര്‍ത്താലില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്ത ചില പ്രേക്ഷകര്‍ക്ക് ബുദ്ധിമുട്ട് നേരിട്ടെങ്കിലും ആവേശത്തിന്റെ നിറം കെടുത്താന്‍ മാത്രം വലുതായിരുന്നില്ല ഒന്നും. അതേ സമയം രണ്ടേമുക്കാല്‍ മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തെ ആദിയോടന്തം പിന്‍തുടര്‍ന്ന പ്രേക്ഷകരില്‍ ആവേശത്തിന്റെ അലയോലി ഇടക്കൊക്കെ കെട്ടുപോയി എന്നത് തള്ളിക്കളയാനാകാത്ത യാഥാര്‍ത്ഥ്യമാണ്. സമയം കടന്നു പോകാന്‍ ഏറെ വൈകുന്നതുപോലെ ചില രംഗങ്ങളില്ലെല്ലാം അനുഭവപ്പെട്ടു.

ഭൂതകാലവും വര്‍ത്തമാന കാലവും ഇടകലര്‍ത്തി പറഞ്ഞു പോകുന്ന ഒടിയന്‍ കഥാഗതിയില്‍ പ്രേക്ഷകരെ മുന്നോട്ട് നയിക്കുന്ന ശബ്ദസാന്നിദ്ധ്യമായി മമ്മൂട്ടിയും എത്തുന്നുണ്ട്. ഒടിയന്റെ മറിമായങ്ങളും ഒടിവിദ്യകളും പ്രതീക്ഷിച്ചെത്തുന്ന പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ശ്രീകുമാര്‍ മേനോന്‍ നല്‍കുന്നത് പ്രണയവും വൈകാരികതയും നിറഞ്ഞ മറ്റൊരു ഒടിയനെയാണ്. മലയാളി പ്രേക്ഷകര്‍ക്ക് കേട്ടുകേള്‍വി മാത്രമുള്ള ഒടിയന്‍ എന്ന മിത്തിനെ വിശദമായി തന്നെ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു.

ഒരു മികച്ച ത്രില്ലറാകാന്‍ സാധ്യതയുണ്ടായിരുന്ന ചിത്രത്തെ സംവിധാനപോരായ്മ കൊണ്ട് മോശമാക്കി എന്ന് പറയാതിരിക്കാനാവില്ല. മോഹന്‍ലാല്‍ എന്ന നടനെമാത്രം ബ്രാന്‍ഡ് ചെയ്യാനാണ് സംവിധായകന്‍ ശ്രമിച്ചത്. തിരക്കഥയെ മാസ് ജോണറിലേക്ക് പരുവപ്പെടുത്താനുള്ള കൈയൊതുക്കം സംവിധായകന് എവിടെയോ കൈമോശം വന്നിരിക്കുന്നു. അതേസമയം അവതരണത്തില്‍ ഒരു ക്ലാസ് ഫീല്‍ കൊണ്ടുവരാന്‍ സംവിധായകന് സാധിച്ചിട്ടുമുണ്ട്. മോഹന്‍ലാലിനും പീറ്റര്‍ ഹെയ്‌നും നിറഞ്ഞാടുന്ന രണ്ടേമുക്കാല്‍ മണിക്കൂര്‍ തിരക്കാഴ്ചയായി ഒടിയന്‍ അവസാനിക്കുന്നു.

മോഹന്‍ലാല്‍ ഒടിയന്‍ മാണിക്ക്യനായി നിറഞ്ഞാടിയിരിക്കുകയാണ് ചിത്രത്തില്‍. മഞ്ജുവാര്യരും പ്രകാശ് രാജും കട്ടയ്ക്ക് ഒപ്പം നിന്നപ്പോള്‍ പ്രണയത്തിന് അല്പം ഇഴച്ചില്‍ അനുഭവപ്പെട്ടു. ഇന്നസെന്റും സിദ്ധിഖും നരേനും കൈലാഷും ഉള്‍പ്പെടെ അഭിനേതാക്കളെല്ലാം മികച്ചു നിന്നു. എം ജയചന്ദ്രന്‍ ചിട്ടപ്പെടുത്തിയ അഞ്ച് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. മോഹന്‍ലാല്‍ ആലപിച്ച ഗാനം റോളിംഗ് ടൈറ്റിലിലും ഉള്‍പ്പെടുത്തിയിരിക്കുന്നു. വിക്രം വേദ എന്ന ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സാം സിഎസ് ആണ് പശ്ചാത്തല സംഗീതത്തിലൂടെ ചിത്രത്തിന് ജീവന്‍ പകരുന്നത്. പാലക്കാടിന്റെ സൗന്ദര്യം തെല്ലും ചോര്‍ന്ന് പോകാതെ ഷാജി കുമാര്‍ ക്യാമറയില്‍ പകര്‍ത്തിയിരിക്കുന്നു. എഡിറ്റിംഗ് ജോണ്‍കുട്ടി നിര്‍വഹിച്ചിരിക്കുന്നത്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments