HomeCinemaMovie Newsസിനിമ റിവ്യൂ: കസബ

സിനിമ റിവ്യൂ: കസബ

പ്രേക്ഷകനെ ത്രില്ലടിപ്പിച്ചുകൊണ്ടുള്ള എന്റര്‍ടൈനര്‍. അതിനു വേണ്ട ചേരുവകള്‍ ചേര്‍ത്തൊരുക്കിയ മികച്ച തിരക്കഥ, മികച്ച ആവിഷ്കാരം. നായകന്റെ സ്വഭാവത്തെ എടുത്തുകാണിച്ചുകൊണ്ട്, നര്‍മ്മ മുഹൂര്‍ത്തങ്ങളിലൂടെ, പ്രാധാന്യമര്‍ഹിക്കുന്ന വിഷയങ്ങളിലേക്ക് കടന്നുചെന്ന്, ബോറടിക്കാത്ത വിധത്തില്‍ അവസാനിച്ച ആദ്യപകുതിയും, കാലോചിതമായ വിഷയങ്ങളിലൂടെ, ഉദ്വേഗം നിലനിറുത്തിക്കൊണ്ട് കടന്നുപോയ രണ്ടാം പകുതിയും, പ്രേക്ഷകനെ അങ്ങേയറ്റം തൃപ്തിപ്പെടുത്തുന്ന ക്ലൈമാക്സും. ഇതാണ് കസബ എന്ന മമ്മൂട്ടി ചിത്രം.
തീ പാറുന്ന തൂലികയുടെ ഉടമയും, ഏവര്‍ക്കും പ്രിയങ്കരനായ നടനുമായ രഞ്ജി പണിക്കറുടെ മകനായ, നിതിന്‍ രഞ്ജി പണിക്കറും, കസബയിലൂടെ, മമ്മൂട്ടിയുടെ കൈ പിടിച്ച്‌ സിനിമാരംഗത്തേക്കെത്തുകയാണ്. റിലീസിംഗിനു മുന്‍പ്, ഇത്രയേറെ ട്രോളുകള്‍ ഏറ്റുവാങ്ങേണ്ടതായി വന്ന ഒരു മലയാളസിനിമ വേറെയുണ്ടാവില്ല. അതുവഴി ഒരു നവാഗത സംവിധായകന്റെ ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ ഹൈപ്പും, സമീപ കാല മമ്മൂട്ടിച്ചിത്രത്തിനു ലഭിച്ച ഏറ്റവും വലിയ പബ്ലിസിറ്റിയും ‘കസബ’ക്ക് ലഭിക്കുകയുണ്ടായി.

k2ധാരാളം പോലീസ് കഥകള്‍ മലയാളത്തിലിറങ്ങിയിട്ടുണ്ട്. അടുത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു ഉൾപ്പെടെ. നന്മയുടെ നിറകുടങ്ങളായ ധാരാളം പോലീസ് ഉദ്യോഗസ്ഥരെ നാം കണ്ടിട്ടുമുണ്ട്. എന്നാല്‍ ഇതൊരു ശ്രേഷ്ടനായ പൊലീസുദ്യോഗസ്ഥന്റെ കഥയല്ല. എല്ലാ പോലീസുകാരും ‘എല്ലാം’ തികഞ്ഞവരാണെന്നുള്ള ധാരണകളെ കാറ്റില്‍പ്പറത്തിക്കൊണ്ട്, ആഭാസനായ ഒരു പോലീസ് ഉദ്യോഗസ്ഥനിലൂടെ കഥ പറഞ്ഞുപോകുന്നു. ചിത്രത്തിലെ കേന്ദ്രകഥാപാത്രമായ രാജന്‍ സക്കറിയ അലസനായ ഒരു പൊലീസ് ഉദ്യോഗസ്ഥനാണ്. സ്ത്രീകളോട് വളരെ താത്പര്യമുള്ള അദ്ദേഹം, അലക്ഷ്യമായി യൂണിഫോം ധരിച്ച്‌, അത്യാവശ്യം കുരുത്തക്കേടുകളൊക്കെ കാണിച്ചു നടക്കുന്ന ഒരാളാണ്. കേരള കര്‍ണ്ണാടക അതിര്‍ത്തിയായ കാളിയൂര്‍ എന്ന സ്ഥലത്തേയ്ക്ക് തന്റെ വ്യക്തിജീവിതത്തെ സ്വാധീനിച്ച ഒരു കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന് പോകേണ്ടിവരുന്നതില്‍ നിന്നുമാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. രാജന്‍ സക്കറിയ എന്ന, അലസനും എന്നാല്‍ രസികനുമായ പോലീസ് ഉദ്യോഗസ്ഥനായി മമ്മൂട്ടി അഭിനയിച്ചു. ചിത്രത്തിനു മുഴുവന്‍ ഊര്‍ജ്ജം പകരുന്നതില്‍, മമ്മൂട്ടി അവതരിപ്പിച്ച നായകവേഷം വലിയൊരു പങ്കുവഹിച്ചു.
ഗ്രാമീണപശ്ചാത്തലത്തില്‍ ആരംഭിച്ച്‌, ഗ്രാമീണപശ്ചാത്തലത്തില്‍ അവസാനിക്കുന്ന ഈ ചിത്രം, പ്രസക്തമായ ചില വിഷയങ്ങള്‍ക്കൂടി പറഞ്ഞുപോകുന്നു. ഒരേസമയം പണത്തോടും പദവികളോടും പെണ്ണിനോടുമുള്ള പുരുഷന്റെ അടങ്ങാത്ത ആര്‍ത്തി, സൗഹൃദം, നായകന്റെ വൈകാരിക സംഘര്‍ഷങ്ങള്‍ എന്നിവയ്ക്കെല്ലാം ചിത്രം പ്രാധാന്യം കൊടുത്തു. പുരുഷന്റെ ആഗ്രഹങ്ങള്‍ക്ക് പാത്രമാവേണ്ടിവന്ന സ്ത്രീകള്‍ അനുഭവിക്കുന്ന വ്യഥകള്‍ അതേപടി പകര്‍ത്തപ്പെട്ടിട്ടുണ്ട്.

k5IG ചന്ദ്രശേഖരന്‍ എന്ന സിദ്ധിഖ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകനായ അര്‍ജ്ജുന്‍ എന്ന കഥാപാത്രത്തെ, സിദ്ധിഖിന്റെ മകനായ ഷഹീന്‍ സിദ്ധിഖ് തന്നെ അവതരിപ്പിച്ചു. എല്ലാ ചിത്രങ്ങളിലും, മികച്ച പ്രകടനങ്ങളിലൂടെ നമ്മെ ഞെട്ടിക്കാറുള്ള സിദ്ധിഖിന്റെ പെര്‍ഫോമന്‍സ് വിലയിരുത്താന്‍ വാക്കുകള്‍ തികയില്ല. ലീലയിലെ ഗംഭീര പ്രകടനത്തിനുശേഷം, ഈ ചിത്രത്തില്‍ മുകുന്ദന്‍ എന്ന പൊലീസ് ഉദ്യോഗസ്ഥനായി ജഗദീഷ് നല്ല പെര്‍ഫോന്‍സ് കാഴ്ചവച്ചു. അതിശക്തയായ സ്ത്രീസാന്നിധ്യമായ കമലയായി വേഷമിട്ടത്, വരലക്ഷ്മി ശരത്കുമാര്‍. പരമേശ്വരന്‍ നമ്ബ്യാര്‍ എന്ന രാഷ്ട്രീയ നേതാവായി, സമ്ബത്ത് വേഷമിട്ടു, അലന്‍ഷ്യര്‍ അവതരിപ്പിച്ച തങ്കച്ചന്‍ എന്ന കഥാപാത്രവും, മഖ്ബൂല്‍ സല്‍മാന്‍ അവതരിപ്പിച്ച ജഗന്‍ മേനോന്‍ എന്ന കഥാപാത്രവും ശ്രദ്ധേയമാണ്.

k3

ചിത്രത്തിലെ ഒരേയൊരു ഗാനം ആസ്വാദ്യകരമായിരുന്നില്ല. സിനിമയുടെ മൂഡിനനുസരിച്ച്‌ പശ്ചാത്തല സംഗീതമൊരുക്കുന്നതില്‍ രാഹുല്‍രാജ് വിജയിച്ചു. സമീറിന്റെ സിനിമാട്ടോഗ്രഫി അത്ര മികച്ചതെന്ന് പറയാനില്ലെങ്കിലും മോശമാക്കിയില്ല. ക്ലീഷേകളെ പരമാവധി ഒഴിവാക്കുവാന്‍ സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്. ഒരു കഥാപാത്രത്തിന്റെ ട്രാന്‍സ്ഫോര്‍മേഷന്‍ കാണിക്കുന്നതില്‍ നിന്നും അത് മനസ്സിലാക്കാം. കൃത്രിമത്വം തോന്നാത്ത രീതിയില്‍, പ്രേക്ഷകനെ മുഷിപ്പിക്കാതെ, ആസ്വാദനത്തിനു പ്രാധാന്യം കൊടുത്തുകൊണ്ട് ചിത്രം അവസാനിപ്പിച്ചു. ശബ്ദമിശ്രണം, എഡിറ്റിംഗ് ഉള്‍പ്പെടെ, ടെക്നിക്കല്‍ വശങ്ങളിലും ചിത്രം മികച്ചുനിന്നു. വികലഹാസ്യങ്ങളുടെ അതിപ്രസരം ചിത്രത്തിലില്ല, ഏല്‍ക്കാതെ പോയ നര്‍മ്മസംഭാഷണങ്ങളും ഇല്ല. കയ്യടിക്കാതിരിക്കുവാന്‍ കഴിയാത്ത, ഉരുളയ്ക്കുപ്പേരി പോലുള്ള പഞ്ച് ഡയലോഗുകളുണ്ട്.

 

തുടക്കക്കാരന്റെതായ യാതൊരു വിധ അങ്കലാപ്പുകളോ, പരിചയക്കുറവോ ചിത്രത്തിലെങ്ങും പ്രകടമായിരുന്നില്ല എന്നത് പ്രശംസാര്‍ഹമാണ്. ചുരുക്കത്തിൽ യുവാക്കൾക്കും കുടുംബത്തിനും ഒരുപോലെ രുചിക്കുന്ന കൂട്ടുകളുമായാണ് നിതിൻ വന്നിരിക്കുന്നത് എന്ന കാര്യത്തിൽ സംശയമില്ല.

സിനിമ റിവ്യൂ: കരിങ്കുന്നം സക്സസ് !

സിനിമ റിവ്യൂ: ഷാജഹാനും പരീക്കുട്ടിയും

സിനിമ റിവ്യൂ: ഒഴിവുദിവസത്തെ കളി

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments