HomeCinemaMovie Newsസിനിമ റിവ്യൂ: ഒഴിവുദിവസത്തെ കളി

സിനിമ റിവ്യൂ: ഒഴിവുദിവസത്തെ കളി

അവാര്‍ഡ് നേടിയാല്‍ തിയറ്ററുകളില്‍ നിന്ന് പുറത്താക്കപ്പെടുന്ന സമാന്തര സിനിമകളുടെ ദുരവസ്ഥയെയാണ് ആഷിക് അബുവിലൂടെ ഒഴിവുദിവസത്തെ കളി അതിജീവിച്ചത്. പ്രകടനപരതയിലും സൈദ്ധാന്തികനാട്യത്തിലും ഊതിവീര്‍പ്പിച്ച ‘അവാര്‍ഡ് സിനിമ’കള്‍ മടുപ്പിനൊപ്പം മടക്കിയയച്ച പ്രേക്ഷകരെയാണ് ഈ സിനിമ മുന്‍വിധികള്‍ തിരുത്തി തിയറ്ററുകളിലേക്ക് തിരികെ വിളിക്കുന്നത്. നമ്മുടെ സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തെ ഇത്രമേല്‍ തീക്ഷ്ണമായി പ്രതിനിധീകരിച്ച ചിത്രം അടുത്തകാലത്തൊന്നും കണ്ടിട്ടില്ല. ബോധപൂര്‍വ്വം സങ്കീര്‍ണ്ണതകള്‍ തീര്‍ക്കാതെ, അധികമാനമുണ്ടാക്കാനുള്ള സൂത്രപ്പണികള്‍ക്ക് മുതിരാതെ ഏറ്റവും ലളിതമായി മലയാളിയുടെ ഒളിയിടങ്ങളെ പകര്‍ത്തുകയാണ് ഒഴിവുദിവസത്തെ കളി. ഒരൊഴിവുദിവസത്തെ മദ്യപാന നേരമ്പോക്കിലൂടെ, അതിന്റെ ഒടുവില്‍ പിറക്കുന്ന ഒരു കളിയിലൂടെ നാം ജീവിക്കുന്ന സമൂഹത്തെ, അതിന്റെ ജാതീയമായ കീഴ്‌വഴക്കങ്ങളെ, അതിന്റെ മനുഷ്യവിരുദ്ധമായ സ്വഭാവഘടനയെ ഒരു ചലച്ചിത്രത്തിനു മാത്രം സാധ്യമാകുന്ന തീവ്രതയോടെ അവതരിപ്പിക്കുന്ന അങ്ങേയറ്റം മൂര്‍ത്തമായ ആവിഷ്‌കാരം.

 

 
കഥയെ അതിന്റെ പശ്ചാത്തലത്തിനു ചേര്‍ന്നതലത്തില്‍ വികസിപ്പിച്ച സനല്‍കുമാര്‍ ശശിധരന്റെ സിനിമ സമര്‍ഥമായ രൂപീകരണവും ശക്തമായ കഥാപാത്രനിര്‍മിതിയും സ്വഭാവികമായ അഭിനയശൈലിയുംകൊണ്ട് ഉന്നതനിലവാരമുള്ള ഒരു കലാസൃഷ്ടി ആകുന്നുണ്ട്. നിര്‍മാണപരമായ പരിമിതികള്‍ സാങ്കേതികമേന്മയില്‍ ചിലയിടത്തൊക്കെ നിഴലിച്ചിട്ടുണ്ട്.

 

 
തെരഞ്ഞെടുപ്പ് ദിവസം അവധിദിനമാക്കി കാട്ടിനകത്തുള്ള ഒളിയിടത്തിലേക്ക് ചേക്കേറുന്ന അഞ്ച് ചങ്ങാതിമാര്‍. ജനാധിപത്യസംവിധാനത്തിലെ വിധിദിനത്തെ തീര്‍ത്തും അരാഷ്ട്രീയമായി ആഘോഷിക്കാന്‍ തീര്‍ച്ചപ്പെടുത്തിയാണ് അഞ്ചംഗസംഘത്തിന്റെ കാടുകയറല്‍. മദ്യപാനവും വെടിവട്ടവുമായി അവരുടെ ദിവസമാരംഭിക്കുകയാണ്. അരുവിക്കര തെരഞ്ഞെടുപ്പ് പ്രചരണദിനങ്ങളിലും വോട്ടെടുപ്പ് ദിനത്തിലും പകര്‍ത്തിയ ദൃശ്യങ്ങളും അഞ്ചംഗസംഘത്തിന്റെ മദ്യപാനവും സൗഹൃദസദസ്സും വിദഗ്ധമായി ലയിപ്പിച്ചെടുത്തിരിക്കുന്നത് കാണാം. ഫലത്തില്‍ യഥാര്‍ത്ഥമായി അരങ്ങേറുന്ന ഒരു പിടി സംഭവങ്ങളുടെ കാഴ്ചക്കാരായി പ്രേക്ഷകരെ മാറ്റുകയാണ് സംവിധായകന്‍. ജാതിയുടെ പ്രതിനിധാനം ചിലപ്പോള്‍ അബോധമായി പേറുന്നതാവാം, അല്ലെങ്കില്‍ ബോധപൂര്‍വ്വമാകാം. അഞ്ച് പേരെയും ആക്രമിക്കാനോ തിരുത്താനോ മുതിരുകയോ,രാഷ്ട്രീയമുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി നായകന്റെയോ നായികയുടെയോ എടുത്തുയര്‍ത്തുകയോ ചെയ്യുകല്ല പകരം കാഴ്ചക്കാരിലൊരാളായും അഞ്ച് ആണ്‍കൂട്ടത്തിലൊരാളായും ഇടയില്‍ നില്‍്കുകയാണ് സംവിധായകന്‍.

 

 

വിവിധ നിരീക്ഷണക്യാമറയില്‍ നിന്നുള്ള ദൃശ്യങ്ങളെന്ന പോലെ മലയാളി ആണിന്റെ ഒളിയിടങ്ങളില്‍ നിന്നുള്ള കാഴ്ച. അഞ്ച് പേരുടെ ഒരു ദിവസത്തെ മദ്യപാനം. ഓരോ കവിള്‍ മദ്യത്തിനുമൊപ്പം സ്വയം വെളിപ്പെട്ടുകൊണ്ടേയിരിക്കുന്ന അഞ്ച് പേരിലൂടെ രസകരവും ഉദ്വേഗതീവ്രവുമായ ആഖ്യാനം തീര്‍ക്കുകയാണ് സംവിധായകന്‍.

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

like copy

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments