HomeAutoTravel This Seasonഎന്താണീ ബംഗാളികൾ ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌ ?

എന്താണീ ബംഗാളികൾ ഗുജറാത്തിലേയ്ക്ക്‌ പോകാത്തത്‌ ?

കേരളത്തിൽ എവിടെ തിരിഞ്ഞൊന്ന്‌ നോക്കിയാലും അവിടെയെല്ലാം ബംഗാളികൾ മാത്രം എന്നാണല്ലോ ഇപ്പോഴത്തെ ആവലാതി. ഈ ബംഗാളി പ്രയോഗം സാമാന്യവൽക്കരണമാണ്‌. എല്ലാ കൊതുക്‌ തിരിയേയും ‘ഗുഡ്നൈറ്റ്‌’ എന്നു പറയുന്നതുപോലെ. ഏതാണ്ടെല്ലാ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും വന്നിട്ടുളള മറുനാടൻ തൊഴിലാളികളേയും ബംഗാളികളായാണ്‌ അടയാളപ്പെടുത്തുന്നത്‌. ഉത്തരേന്ത്യക്കാർക്ക്‌ തെക്കേ ഇന്ത്യക്കാരെല്ലാം മദ്രാസികൾ ആയതുപോലെ.
പശ്ചിമബംഗാളിൽ നിന്ന്‌ മാത്രമല്ല, മാറി മാറി ദീർഘകാലം ബിജെപിയും കോൺഗ്രസും ഭരിച്ചുകൊണ്ടിരിക്കുന്ന സംസ്ഥാനങ്ങളിൽ നിന്നും ദീർഘദൂരം യാത്രചെയ്തു ധാരാളം തൊഴിലാളികൾ കേരളത്തിൽ എത്തിക്കൊണ്ടിരിക്കുന്നു.

 

 

 
തൊഴിലും മെച്ചപ്പെട്ട കൂലിയും ലഭ്യമായ ദേശങ്ങളിലേയ്ക്കുളള കുടിയേറ്റം, മലയാളികൾക്ക്‌ അന്യമല്ലല്ലോ? സിലോണിലേക്കും സിംഗപ്പൂരിലേക്കും ഇപ്പോൾ ഗൾഫിലേക്കും പോകുന്നത്‌ മറ്റൊന്നിനുമല്ലല്ലോ? അതുപോലെ, തൊഴിലിനും മെച്ചപ്പെട്ട വേതനത്തിനുമാണ്‌ ഉത്തരേന്ത്യൻ തൊഴിലാളികൾ കേരളത്തിലേക്ക്‌ വരുന്നത്‌.
പക്ഷേ, നാം ശ്രദ്ധിക്കേണ്ടുന്ന വ്യത്യാസം ഇത്‌ ഇന്ത്യയ്ക്ക്‌ പുറത്തേക്കല്ല, ഇന്ത്യയ്ക്കകത്ത്‌ തന്നെയാണെന്നതാണ്‌. അവരുടെ സംസ്ഥാനങ്ങളിൽ ഇല്ലാത്ത ഒരു ഇന്ത്യയെ തേടിയുളള പലായനം.

 

 
അവിടെയാണ്‌ എന്റെ സംശയം. അവർ എന്തുകൊണ്ട്‌ കേരളത്തെ തിരഞ്ഞെടുക്കുന്നു?
അടുത്തിടെ ഒരു ആർഎസ്‌എസ്‌ പത്രത്തിൽ വന്ന കേരളത്തിന്റെ ചിത്രം എത്ര ഭീകരമാണ്‌. ലോകത്തുളള സകല തിന്മയുടേയും കേന്ദ്രം. വികസനം മുരടിച്ച, വർ ഷം മുഴുവൻ തൊഴിൽ സമരമുളള, അരാജകത്വം വാഴുന്ന, നിരീശ്വരവാദികളും പശുവിറച്ചി തിന്നുന്നതുമായ നീചന്മാരുടെ രാജ്യം. അസുര രാജ്യം. അസുര നിഗ്രഹത്തിനായി പല മാന്യന്മാരും സ്വ യം വാമനാവതാരമായി പ്രഖ്യാപിച്ചിരിക്കുകയുമാണല്ലോ?
അപ്പോൾ പിന്നെ എന്റെ സംശയം, ഈ ഭീകര രാജ്യത്തേയ്ക്ക്‌ ദീർഘദൂരം യാത്ര ചെയ്തു ബു ദ്ധിമുട്ടാതെ ഈ ഉത്തരേന്ത്യൻ തൊഴിലാളികൾക്ക്‌ ഗുജറാത്തിലേക്ക്‌ പോയാൽ പോരായോ? എന്താണീ ‘ബംഗാളികൾ’ ഗുജറാത്തിലേക്ക്‌ പോകാത്തത്‌.
പതിനഞ്ചു വർഷത്തെ മോഡി ഭരണംകൊണ്ട്‌ സംഘപരിവാരികളുടെ ദൃഷ്ടിയിൽ ഇന്ത്യയിൽ വികസനത്തിന്റെ മാതൃകയാണല്ലോ ഗുജറാത്ത്‌. അങ്ങനെ വികസനംകൊണ്ട്‌ വീർപ്പുമുട്ടി നിൽക്കുന്ന ഗുജറാത്തിലേക്ക്‌, അയൽപക്കത്തു ബിജെപി തന്നെ ഭരിക്കുന്ന രാജസ്ഥാനിൽ നിന്നുപോലും തൊഴിൽ തേടി തൊഴിലാളികൾ കേരളത്തിലേയ്ക്കാണല്ലോ വരുന്നത്‌. അവരെന്തേ, ഗുജറാത്തിലേക്ക്‌ പോകാത്തത്‌? അവിടെ തൊഴിൽ അവസരങ്ങളില്ലേ? മാന്യമായി കൂലി ഇല്ലെന്നുണ്ടോ? ഗുജറാത്ത്‌ മോഡൽ വെറും നുണക്കഥയാണോ? ഗുജറാത്തിൽ നിന്നും വ്യത്യസ്ഥമായ എന്ത്‌ ആകർഷണീയതയാണ്‌ കേരളത്തിനുള്ളത്‌? ആ ചോദ്യത്തിനുള്ള ഉത്തരം കണ്ടെത്തുവാനുള്ള ഉത്തരവാദിത്തം നിങ്ങൾക്ക്‌ വിടുന്നു.

 
എന്തുകൊണ്ടെന്നാൽ, ഞാൻ പറയുവാൻ ഉദ്ദേശിക്കുന്നത്‌ അനുബന്ധമായ മറ്റൊരു വിഷയമാണ്‌. ഉത്തരേന്ത്യൻ കുഗ്രാമങ്ങളിൽ നിന്നും കേരളത്തിലേയ്ക്കുള്ള ഈ തൊഴിലാളി പ്രവാഹം, ആ ഗ്രാമങ്ങളിൽ സൃഷ്ടിക്കാൻ സാധ്യതയുളള സാമൂഹ്യ മാറ്റത്തെപ്പറ്റിയാണ്‌.

 
ഒരു തൊഴിലും മാന്യമായ കൂലിയും അന്വേഷിച്ച്‌ കേരളത്തിലെത്തുന്ന ഈ മറുനാടൻ തൊഴിലാളികൾ കേരളത്തിൽ കണ്ടെത്തുന്നത്‌ മറ്റൊരു ഇന്ത്യയാണ്‌.
അവരുടെ ഗ്രാമങ്ങളിൽ അവർ അനുഭവിക്കുകയും അറിയുകയും ചെയ്ത ഇന്ത്യയിൽനിന്നും തികച്ചും വ്യത്യസ്തമായ ഒരു ഇന്ത്യ.
– ജന്മിമാരെ ഭയക്കാതെ ജീവിക്കാൻ കഴിയുന്നത്‌.
– വഴി നടന്നാൽ തടയുന്ന മനുവാദികളില്ലാത്ത ഇന്ത്യ.
– ജാതി ചോദിക്കാത്ത ഇന്ത്യ.
– ക്ഷേത്രങ്ങളിൽ നിന്നും അവരെ ആട്ടിയോടിക്കാത്ത ഇന്ത്യ.
– മാന്യമായി വസ്ത്രം ധരിക്കാനും പൊതുനിരത്തുകളിലൂടെ ആത്മാഭിമാനത്തോടെ നടക്കാനും കഴിയുന്ന ഇന്ത്യ.
– ചായക്കടകളിൽ അവരെ പുറത്തുനിർത്താത്ത ഇന്ത്യ.
– അവർക്കായി പ്രത്യേകം പാത്രങ്ങളില്ലാത്ത ഹോട്ടലുകളുളള ഇന്ത്യ.
– ചെളിപുരണ്ട്‌ പാടങ്ങളിൽ പണിയെടുക്കുന്ന ബാല്യങ്ങളില്ലാത്ത ഇന്ത്യ.
– സാധാരണ തൊഴിലാളികളുടെ കുഞ്ഞുങ്ങൾ ഉത്സാഹത്തോടെ പളളിക്കുടങ്ങളിൽ പോകുന്ന ഇന്ത്യ.

 
അടിമപ്പണിയും പട്ടിണിയും ദാരിദ്ര്യവും ഇല്ലാത്ത അവരോട്‌ സൗഹൃദം പങ്കുവെയ്ക്കുന്ന ഒരു ഇന്ത്യയെ അവർ കേരളത്തിൽ കണ്ടെത്തുകയാണ്‌.
അവർ നാട്ടിലേക്ക്‌ അയക്കുന്ന പണത്തിനൊപ്പം സ്വന്തം നാട്ടുകാരോടും വീട്ടുകാരോടും അവരുടെ ഗ്രാമങ്ങളിലെ ഇന്ത്യയിൽ നിന്നും വിഭിന്നമായി കേരളത്തിൽ നിലനിൽക്കുന്ന ഇന്ത്യയെപ്പറ്റി പറയാതിരിക്കുകയില്ല. കേരളത്തിൽ അവർക്കനുഭവവേദ്യമായ മനുഷ്യാവകാശത്തേയും സാമൂഹ്യനീതിയേയും സ്വാതന്ത്ര്യത്തേയും പറ്റി അവർ തീർച്ചയായും പറയുന്നുണ്ടാകും.

 

 
ആത്മാഭിമാനത്തോടും സ്വാതന്ത്ര്യത്തോടും തുല്യനീതി അനുഭവിച്ചു ജീവിക്കാൻ കഴിയുന്ന മറ്റൊരു ഇന്ത്യയെപ്പറ്റി അവർക്കെങ്ങനെ പറയാതിരിക്കാൻ സാധിക്കും.
പട്ടിണിയും ദാരിദ്ര്യവും ജാതീയ അവഗണനയും ദൈവഹിതമെന്നും മുൻജന്മപാപത്തിന്റെ വിധിനിയോഗമെന്നും വിശ്വസിപ്പിക്കപ്പെട്ടിരുന്ന ഗ്രാമീണ മനസുകളിൽ ഒരു ചോദ്യം ഉയരാതിരിക്കുകയില്ല.

 

 
എന്തുകൊണ്ട്‌, ആ അകലങ്ങളിലെ ഇന്ത്യ തങ്ങളുടെ ഇന്ത്യയിലും സാധ്യമല്ല? വിദ്യാഭ്യാസത്തിനും തൊഴിലിനും മറ്റുമായി ഗ്രാമങ്ങളുടെ ബന്ധനത്തിന്‌ പുറത്തുകടന്ന ചെറുപ്പക്കാരിൽ മുളയെടുത്ത സ്വാതന്ത്ര്യ ബോധത്തിന്റെ ഉണർത്തുപാട്ടാണ്‌ കനയ്യകുമാറിന്റെ ‘ആസാദി’ കാഹളത്തിൽക്കൂടി ഇന്ത്യ കേട്ടത്‌. ഇന്ത്യൻ ഗ്രാമങ്ങൾ സ്വാതന്ത്ര്യത്തിനായുളള പോരാട്ടം ആരംഭിക്കുകയാണ്‌.

 

 
ജാതിയിൽ നിന്നും ജന്മിത്വത്തിൽ നിന്നും മനുവാദത്തിൽ നിന്നും സംഘപരിവാര ചിന്തകളിൽ നിന്നും പട്ടിണിയിൽ നിന്നും ബ്രാഹ്മണ മേധാവിത്വത്തിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു. കനയ്യകുമാറിൽ കൂടി, നമ്മൾ അവരുടെ ശബ്ദമാണ്‌ കേൾക്കുന്നത്‌- ‘ആസാദി’.
“ബുഖ്‌ മാരീ സേ ആസാദി
സംഘ്‌ വാദ്‌ സേ ആസാദി
സാമന്ദ്‌ വാദ്‌ സേ ആസാദി
പൂഞ്ചി വാദ്‌ സേ ആസാദി
ബ്രഹ്മൻ വാദ്‌ സേ ആസാദി
മനുവാദ്‌ സേ ആസാദി”
സുഹൃത്തേ, നമുക്ക്‌ ഉച്ചത്തിൽ ചിന്തിക്കാം-
“എന്തേ അവർ ഗുജറാത്തിലേക്ക്‌ പോകുന്നില്ല”.

കടപ്പാട്: റാഫി കാമ്പിശ്ശേരി

ഭർത്താവെത്തിയപ്പോൾ കെട്ടിപ്പിടിച്ചു നിർത്തി കാമുകനെ രക്ഷിച്ചു; ഈ കോട്ടയത്തുകാരി ഭാര്യയോ?

കർഷക ആത്മഹത്യ ലൈവായി ചിത്രീകരിക്കാൻ പ്രമുഖ ചാനൽ നടത്തിയ ഷൂട്ടിംഗ് കള്ളക്കളി പുറത്ത് ! വീഡിയോ കാണാം

”നിങ്ങളെയൊക്കെ ധീരരക്ത സാക്ഷികളായി കേരള ജനത വാഴ്ത്തും എന്ന് കരുതരുത്” കൊല്ലുമ്പോൾ പ്രവർത്തി ദിവസങ്ങളിൽ കൊല്ലണം കേട്ടോ…. സലിം കുമാറിന്റെ കുറിപ്പ് വൈറലാകുന്നു

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                   www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments