HomeAutoChart your Journeyഇവനാണ് കവി !! പുതിയൊരു തുളളൽ പാട്ട് !

ഇവനാണ് കവി !! പുതിയൊരു തുളളൽ പാട്ട് !

കേരം വളരും കേരളനാട്ടില്‍
കേരത്തെക്കാള്‍ പേരുകളധികം.
ആളുകളവരുടെ പേരുകള്‍ കേട്ടി-
ട്ടാലോചിച്ചാല്‍ ആകെ വിചിത്രം!

‘പങ്കജവല്ലി’ പാവമവള്‍ക്ക്
വണ്ണം കൊണ്ടു നടക്കാന്‍ വയ്യ.
കോട്ടാസാരിയുടുത്താല്‍പ്പോലും
സാരിത്തുന്പിനു നീളക്കുറവ്.

‘ആശാലത’യെ കണ്ടിട്ടൊരുവനും
ആശിച്ചിട്ടില്ലിന്നേവരെയും
ആശ പൊലിഞ്ഞവള്‍ വീട്ടില്‍ത്തന്നെ
ആലോചനകള്‍ വന്നില്ലൊന്നും.

‘ശാന്തമ്മ’യ്കൊരു കോപം വന്നാല്‍
ഈറ്റപ്പുലിയും പന്പ കടക്കും.
മണ്ടി നടന്നവള്‍ കണ്ടതു മുഴുവന്‍
തല്ലിയുടച്ചു തരിപ്പണമാക്കും.

‘കമലാക്ഷീ’ടേം ‘മീനാക്ഷീ’ടേം
കണ്ണുകള്‍ കണ്ടാല്‍ ഭയമായീടും
ഉണ്ടക്കണ്ണികളെന്നു വിളിക്കാന്‍
മനസും പോര, മുഷിച്ചിലുമാകും.

‘ചന്ദ്രിക’യുടെയാ മുഖഭാവത്തില്‍
പുഞ്ചിരിയൊരുതരി കാണാനില്ല.
ഗൌരവമിത്തിരി കൂടുതലത്രേ
ഗൌനിക്കാറില്ലവളേയാരും.

പേരില്‍ ‘പങ്കജ-അക്ഷന്‍’ പക്ഷെ
കോങ്കണ്ണവനുണ്ടൊരു നോട്ടത്തില്‍
കണ്ണട വെച്ചു നടക്കുന്നതിനാല്‍
കൂടുതലാരും കാണുന്നില്ല.

‘വിദ്യാധര’നൊട് ചോദിച്ചപ്പോള്‍
മൂന്നാംക്ലാസ്സില്‍ തോറ്റവനത്രേ.
പിന്നീടവനാ പള്ളിക്കൂടം
മുറ്റത്തൂടെപ്പോയിട്ടില്ല.

‘പുഷ്പാന്ഗത’നാ ദേഹം മുഴുവന്‍
ചൊറിവന്നിട്ടൊരു കുറവില്ലത്രേ.
കാലും, മേലും, വയറും, മുഖവും
പാടു പിടിച്ചു കറത്തും പോയി.

‘മണികണ്ട്ട’ന്റെ സ്വരം കേട്ടാലോ
തകരത്തിന്മേല്‍ ചൊറിയും പോലെ
പാട്ടുകള്‍പാടാന്‍ കൊതിയുണ്ടെന്നാല്‍
ആയതിനൊരു പുനര്‍ജന്മം വേണം.

‘സന്തോഷി’ന്റെമുഖം കണ്ടാലാ-
ക്കാണുന്നവനും സങ്കടമാകും
എന്തോ വന്നു ഭവിച്ചതു പോലൊരു
ചിന്താഭാരം, വദനം കദനം.

‘സത്യനൊ’ടൊരു കാര്യം ചോദിച്ചാല്‍
സത്യമവന്‍ പറയാറെയില്ല.
പിള്ളകളിച്ചും കള്ളുകുടിച്ചും
കള്ളം തന്നെ കാട്ടിക്കൂട്ടും.

‘വിജയന്‍’ നല്ലൊരു പേരെന്നാലും
തോല്‍വികള്‍ മാത്രം ജാതകമവന്
ഓരോക്ലാസ്സിലു മൊരുകൊല്ലം തോ-
റ്റെത്തിപ്പറ്റി പത്താം ക്ലാസ്സില്‍.

‘ഗോപാലനെ’യൊരു പശുകുത്തീട്ടാ-
പ്പാവത്തിന്നെഴുനേല്‍ക്കാന്‍ വയ്യ,
ഞവരക്കിഴിയിട്ടൊരുവിധമൊക്കെ
ക്കഷ്ടിച്ചങ്ങനെ കഴിയുന്നത്രെ.

‘വിശ്വംഭരനു’ കിടക്കാന്‍ നല്ലൊരു
വീടില്ലൊരു ചെറു മാടം മാത്രം.
വയറു നിറക്കാന്‍ വഴിയും കുറവ്,
വായ്പ്പ കൊടുക്കാനാളും കുറവ്.

സജിയും, സുജിയും,സനുവും, സുനുവും,
സനിലും, സുനിലും, കമലും, വിമലും
ആണോ പെണ്ണോന്നറിയണമെങ്കില്‍
നേരിട്ടവരെക്കണ്ടേ പറ്റൂ.

കരവഴിയായും കടല്‍ വഴിയായും
പേരുകള്‍ പലതീനാട്ടില്‍ വന്നൂ,
അവിരാ, മൊയ്തീന്‍, മമ്മത്, തോമ്മാ
എന്നിവയവയില്‍ ചിലതാണത്രെ .

പേരുകളവയിന്‍ പൊരുളീയടിയന്‍
നിരുവിച്ചിട്ടൊരു പിടിയും കിട്ടാ-
പൊരുളറിയാത്തതുകൊണ്ടക്കാര്യം
അവരൊട്ടുരിയാടുന്നതുമില്ല.

അറുപതുവയസ്സിന്നപ്പുറമെത്തിയ
അനുമോനുണ്ട്, മിനിമോളുണ്ട്.
അവരെ പേരുവിളിക്കാനടിയനു
ബഹുമാനം കൊണ്ടാവുന്നില്ല.

തലകൊണ്ടിങ്ങനെ നിരുവിക്കുന്പോള്‍
തലകീഴത്രേ പല പേരുകളും
പേരുകളിട്ടവരറിയുന്നുണ്ടോ
പേരിന്നുടമകളവരുടെയിഷ്ടം?

ആലോചിച്ചാലാളും പേരും
തമ്മില്‍ച്ചേരാതനവധിയുണ്ട്.
മുഴുവന്‍ ചൊല്ലാന്‍ നേരവുമില്ല,
ചൊല്ലീട്ടിനിയും ഫലമേതുമില്ല.

ജോഷി

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments