
തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് ആംബുലന്‍സ് ഡ്രൈവര്‍. പാസ് ഇല്ലാതെ അകത്ത് കയറാന്‍ ശ്രമിച്ച ആംബുലന്‍സ് ഡ്രൈവര്‍ അരുണ്‍ദേവാണ് സുരക്ഷാ ജീവനക്കാരെ വെല്ലുവിളിച്ച് തട്ടിക്കയറിയത്. ‘നിങ്ങള്‍ ഇവിടെ കിടന്ന് താളം അടിക്കണ്ട, പാര്‍ട്ടിക്കാരനെന്ന പവറില്‍ ഞാന്‍ കയറും, അല്ലെങ്കില്‍ സൂപ്രണ്ടിനെ വിളിക്കണോ, സസ്‌പെന്‍ഷന്‍ കഴിഞ്ഞ് വന്നതല്ലേ ഉള്ളൂ. ഇവിടെ തന്നെ ഇരുത്തിതരാം” ഇതായിരുന്നു ആംബുലന്‍സ് ഡ്രൈവറുടെ വാക്കുകള്‍. ബഹളം വച്ചത് താനാണെന്നും നിങ്ങളുടെ അതേ പൊസിഷനില്‍ ചേട്ടന്‍ മഹേഷ് ഇവിടെയുണ്ടെന്നും ഇയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. രോഗിയുടെ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ചത് താനല്ലേ എന്ന് പ്രവീണ്‍ ചോദിച്ചപ്പോള്‍ ‘ അത് എന്റെ ചുണ” എന്നായിരുന്നു ആംബുലന്‍സ് ഡ്രൈവറായ അരുണ്‍ദേവിന്റെ മറുപടി.
പഴയ കാഷ്വാലിറ്റി ഗേറ്റില്‍ ശനിയാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്. കവാടത്തിനു മുന്നില്‍ നിന്ന് ബഹളം വച്ചത് ഡ്യൂട്ടി സര്‍ജന്റ് പ്രവീണ്‍ ചോദ്യം ചെയ്‌തപ്പോള്‍ അരുണ്‍ ദേവ് തട്ടിക്കയറുകയും ഭീഷണി മുഴക്കുകയുമായിരുന്നു. മെഡിക്കല്‍ കോളേജ് സ്വദേശിയും ആശുപത്രിയിലെ കൂട്ടിരിപ്പുകാരനെ മര്‍ദ്ദിച്ച കേസിലെ പ്രതിയുമാണ് അരുണ്‍ദേവ്. ഭീഷണി ദൃശൃങ്ങള്‍ സുരക്ഷ ജീവനക്കാര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പുറത്തുവിട്ടതോടെ സംഭവം വിവാദമായി.