HomeUncategorizedകൽപന: മറഞ്ഞത് മലയാളത്തിന്റെ മനോരമ

കൽപന: മറഞ്ഞത് മലയാളത്തിന്റെ മനോരമ

അഭിനയം പാരമ്പര്യമാണ്. അത് ജീനിൽ നിന്നുണ്ടാകുന്നതാണ്. പാരമ്പര്യമായി രോഗമുള്ള മാതാപിതാക്കളുടെ രോഗം മക്കളിലും ഉണ്ടാകുന്നതുപോലെ പരമ്പരാഗതമായ കല പകർന്നു കിട്ടിയ ചുരുക്കം ചില ആളുകളിൽ ഒരാളായിരുന്നു കല്പന. കാര്യങ്ങൾ വെട്ടിത്തുറന്ന് പറയുന്നതും ഹാസ്യത്തിൽ പൊതിഞ്ഞാണ്. കാണുന്നവരെയൊന്നും ചിരിപ്പിക്കാതെ വിടാൻ കൽപ്പനയ്ക്ക് ആയിരുന്നില്ല. അതുകൊണ്ട് തന്നെ സിനിമാ ലോകത്ത് മിത്രങ്ങൾ മാത്രമായിരുന്നു കൽപ്പനയ്ക്ക് സമ്പാദ്യം. എവിടെ ദുഃഖമുണ്ടായാലും അവിടെ സ്വാന്തനവുമായി കൽപ്പന ഓടിയെത്തി. ഇപ്പോഴിതാ ആദ്യമായി സഹപ്രവർത്തകരെ കരയിപ്പിക്കുകയാണ് കൽപ്പന. മരണത്തിലൂടെ
എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത് 1983 ൽ പുറത്തിറങ്ങിയ മഞ്ഞ് എന്ന ചലച്ചിത്രത്തിലൂടെയാണ് കൽപ്പന അഭിനയരംഗത്തെത്തുന്നത്. അരവിന്ദന്‍ സംവിധാനം ചെയ്ത ‘പോക്കുവെയില്‍’ എന്ന സിനിമയിലൂടെയാണ് സിനിമാരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്. ഭാഗ്യരാജിന്റെ ചിത്രത്തിലൂടെ തമിഴകത്തും പ്രതിഭ തെളിയിച്ചു. തന്റെ ഹാസ്യ അഭിനയം കൊണ്ട് ശ്രദ്ധേയയായ ഒരു നടിയാണ് കൽപ്പന. മലയാള ചലച്ചിത്രത്തിലെ ഹാസ്യ രാജ്ഞി എന്നാണ് കൽപ്പനയെ വിശേഷിപ്പിക്കുന്നത്. ഞാൻ കൽപ്പന എന്നൊരു മലയാള പുസ്തകം കൽപ്പന പ്രസിദ്ധീകരിച്ചിട്ടുണ്ട്. 80കളുടെ അവസാനം ഇറങ്ങിയ ഒരുപറ്റം ഹാസ്യചിത്രങ്ങളിലൂടെയാണ് കല്‍പ്പന മലയാളികളെ ചിരിപ്പിച്ചു തുടങ്ങുന്നത്. തുളസീദാസിന്റെ ‘പൂച്ചയ്ക്കാരു മണികെട്ടും’ എന്ന ചിത്രത്തിലെ വേഷം വളരെയേറെ പ്രേക്ഷകപ്രശംസ പിടിച്ചുപറ്റിയ ഒന്നാണ്.

‘ബാംഗ്ലൂര്‍ ഡെയ്‌സി’ല്‍ നിവിന്‍ പോളി അവതരിപ്പിച്ച കുട്ടന്‍ എന്ന കഥാപാത്രത്തിന്റെ അമ്മയായി അവര്‍ ചെയ്ത വേഷം അഭിനയത്തികവിന്റെ അടയാളമായിരുന്നു. ‘സ്പിരിറ്റി’ല്‍ പങ്കജം എന്ന വേലക്കാരിയുടെ റോള്‍, ‘ഇന്ത്യന്‍ റുപ്പി’യിലെ മേരി അങ്ങനെ ശ്രദ്ധേയ വേഷങ്ങള്‍ ഒരുപാട് കൽപന ചെയ്തിട്ടുണ്ട്. ഹാസ്യത്തിലേക്ക് വന്നാല്‍ ‘മി.ബ്രഹ്മചാരി’യിലെ അനസൂയ, ‘ഇഷ്ട’ത്തിലെ മറിയാമ്മ തോമസ് എന്ന പോലീസ് വേഷം, ‘ഗാന്ധര്‍വ’ത്തിലെ കോട്ടാരക്കര കോമളം അങ്ങനെ എക്കാലവും ഓര്‍മ്മയില്‍ നില്‍ക്കുന്ന നിരവധി കഥാപാത്രങ്ങള്‍ ബാക്കിയാക്കിയാണ് കല്‍പ്പന സിനമാലോകത്തോട് വിടപറയുന്നത്.
ഭൂമിയിൽ പിറവി കൊള്ളുന്നതിനുമുമ്പേ കലയിൽ കാലുകുത്തിയയാളാണ് താനെന്നു കൽപ്പന പറയുമായിരുന്നു.. നാടകപ്രവർത്തകരായ വി.പി.നായരുടെയും നർത്തകികൂടിയായ വിജയലക്ഷ്മിയുടേയും മകളാണ് കൽപ്പന. മേയ് 13ന് ജനിക്കുന്നതിനു തൊട്ടു തലേന്നുവരെ നൃത്തം ചെയ്തയാളാണ് കൽപ്പനയുടെ അമ്മ വിജയലക്ഷ്മി. അങ്ങനെ ജനിക്കുന്നതിനു മുൻപേ താൻ കലയിൽ കാലുകുത്തിയെന്ന് കൽപ്പന പറയുമായിരുന്നു. മലയാള സിനിമയുടെ ഹാസ്യത്തിന്റെ വേറിട്ട മുഖമായിരുന്നു കല്‍പന. ഇതോടൊപ്പം ഗൗരവമേറിയ കഥാപാത്രങ്ങളും അനായാസം കൈകാര്യം ചെയ്‌തിരുന്നു. ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയ്‌ക്ക് ദേശീയ അവാര്‍ഡ്‌ ലഭിച്ചിട്ടുണ്ട്‌. അടുത്തിടെ ഉഷ ഉതുപ്പ് അഭിനയിച്ച ഒരു സംഗീത ആൽബത്തിൽ ഉതുപ്പിനോടൊപ്പം കൽപ്പന അഭിനയിച്ചിരുന്നു. ഹൃദയം സംബന്ധിച്ച അസുഖം സിനിമാ ലോകത്ത് നിന്ന് വരെ അവർ മറച്ചു വച്ചു. വിവാഹ മോചനം അവരെ മാനസികമായി തളർത്തിയിരുന്നു. സഹോദരന്റെ ആത്മഹത്യയുടെ ആഘാതം അവസാനം വരെ കല്പനയെ പിടിച്ചുലച്ചിരുന്നു. എല്ലാവരേയും ചിരിപ്പിച്ച് ജീവിച്ചപ്പോഴും എന്നും സ്വകാര്യമായി കരഞ്ഞ ജീവിതമായിരുന്നു അവരുടേത്.
കല്‍പ്പനയുടെ വേര്‍പാടിലൂടെ മലയാളത്തിന് നഷ്ടമായത് പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭയെയാണ്. ഹാസ്യവേഷങ്ങളിലൂടെ മുന്‍നിരയിലെത്തിയ കല്‍പ്പന പിന്നീട് അഭിനയപ്രധാന്യമുള്ള വേഷങ്ങളിലും മികവുപുലര്‍ത്തി. ആഴക്കടലിലേക്ക് ചാടി ജീവിതമൊടുക്കുന്ന എയിഡ്‌സ് രോഗിയുടെ വേഷമാണ് അവര്‍ അവസാന ചിത്രമായ ചാർലിയിൽ അവതരിപ്പിച്ചത്. പ്രേക്ഷകരുടെ കരളലിയിപ്പിച്ച ഈ വേഷത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഉരുളയ്ക്കുപ്പേരി പോലെ കുറിക്കു കൊള്ളുന്ന ഹാസ്യവുമായി മലയാളികളെ ഏറെ ചിരിപ്പിച്ച ആ നടന വൈഭവം ഇനിയില്ല.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments