HomeNewsLatest Newsസ്ത്രീകൾക്ക് പ്രവേശനവിലക്കുള്ള ക്ഷേത്രത്തിനുള്ളിൽ പറന്നിറങ്ങുമെന്നു വനിതാ സംഘടന !

സ്ത്രീകൾക്ക് പ്രവേശനവിലക്കുള്ള ക്ഷേത്രത്തിനുള്ളിൽ പറന്നിറങ്ങുമെന്നു വനിതാ സംഘടന !

അഹമ്മദ്നഗർ: ശനിഗ്രഹത്തെ ആരാധിക്കുന്ന മഹാരാഷ്ട്രയിലെ അഹമ്മദ് നഗറിലെ ശിംഗ്നാപൂർ ശനിദേവ ക്ഷേത്രത്തിനുള്ളിൽ ഹെലികോപ്റ്ററിൽ വന്നിറങ്ങാൻ വനിതാ സംഘടന ഒരുങ്ങുന്നു. ക്ഷേത്രത്തിൽ ദർശനമനുവദിച്ചില്ലെങ്കിൽ ചൊവ്വാഴ്ച ഈ കടുത്ത മാർഗം സ്വീകരിക്കേണ്ടി വരുമെന്ന് ഭൂമാത രൺരാഗിണി ബ്രിഗേഡ് അറിയിച്ചു. ഇതിനായി ഹെലികോപ്റ്റർ ബുക്ക് ചെയ്തിട്ടുണ്ട്. തുറന്ന സ്ഥലത്ത് കോപ്റ്റർ ഇറക്കാനനുവദിച്ചില്ലെങ്കിൽ ഏണിവച്ച് ക്ഷേത്രത്തിനുള്ളിൽ ഇറങ്ങാനാണ് തീരുമാനം. സ്ത്രീകളെ വിലക്കുന്ന ഇന്ത്യയിലെ മറ്റ് ക്ഷേത്രങ്ങളിലും സമാനമായ പ്രക്ഷോഭം നടത്തും.
ക്ഷേത്രത്തിൽ ചൊവ്വാഴ്ച രാവിലെ മഹാരാഷ്ട്രയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 1500ലധികം സ്ത്രീകൾ കടന്നുകയറി ആരാധന നടത്തും. രാജ്യത്തിന്റെ ഭരണഘടന സ്ത്രീയെയും പുരുഷനെയും തുല്യരായി കാണുന്നതിനാൽ സ്ത്രീകൾക്കും ക്ഷേത്രപ്രവേശനം അനുവദിക്കണമെന്ന് ദേശായി ആവശ്യപ്പെട്ടു. നാളത്തെ പ്രക്ഷോഭം വിജയിച്ചശേഷം രാജ്യത്തെ വിലക്കുള്ള മറ്റിടങ്ങളിലും സമാനമായ സമരപരിപാടി സംഘടിപ്പിക്കും.
അതേസമയം,​ ചൊവ്വാഴ്ചത്തെ ‘കടന്നാക്രമണത്തെ’ ചെറുക്കാൻ പൊലീസും ക്ഷേത്രാധികൃതരും മൂന്ന് ഘട്ടമായി ബാരിക്കേഡുകൾ സ്ഥാപിക്കും. ധാരാളം വനിതാ കോൺസ്റ്റബിൾമാരെയും വോളന്റിയർമാരെയും ‘ക്ഷേത്ര സംരക്ഷണ’ത്തിന് നിയോഗിച്ചിട്ടുമുണ്ട്.

ചുറ്റുഭിത്തിയോ മേൽക്കൂരയോ ഇല്ലാതെ അഞ്ചടി ഉയരത്തിലുള്ള തട്ടിൽ പ്രതിഷ്ഠ സ്ഥിതി ചെയ്യുന്ന ശിംഗ്നാപൂർ ശനിദേവ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് ഭക്തരും വിദേശികളുമാണ് ദിവസേനയെത്തുന്നത്. സോണായ് എന്ന കുഗ്രാമത്തിന്റെ മദ്ധ്യത്തിലായാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പൂജാരിമാരൊഴികെ ആർക്കും ഒമ്പതുപടി കയറി വിഗ്രഹത്തിനടുത്തെത്താൻ അനുമതിയില്ല. തട്ടിന്റെ താഴെ നിന്ന് വേണം ആരാധന നടത്താൻ. ശനിദേവൻ സംരക്ഷിക്കുന്ന ഗ്രാമത്തിലെ വീടുകൾക്കോ യൂക്കോ ബാങ്കിന്റെ ശാഖയ്ക്കോ പൊലീസ് സ്റ്റേഷനോ പോലും വാതിലുകളോ പൂട്ടുകളോ ഇല്ലെന്നതും കൗതുകകരമാണ്.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments