HomeWorld NewsGulfഎംബസ്സിയുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂട്ടായ ശ്രമത്തിനൊടുവിൽ റസിയ നാട്ടിലേയ്ക്ക് മടങ്ങി

എംബസ്സിയുടെയും സാമൂഹ്യപ്രവർത്തകരുടെയും കൂട്ടായ ശ്രമത്തിനൊടുവിൽ റസിയ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: സ്പോൺസർ ഹുറൂബിൽ ആക്കി, കള്ളക്കേസിൽ കുടുക്കിയ വീട്ടുജോലിക്കാരി, ഇന്ത്യൻ എംബസ്സിയുടെയും, നവയുഗം സാംസ്ക്കാരികവേദിയുടെയും, നല്ലവരായ സൗദി അധികാരികളുടെയും സഹായത്തോടെ നിയമക്കുരുക്കുകൾ അഴിച്ച് നാട്ടിലേയ്ക്ക് മടങ്ങി.

ഹൈദരാബാദ് സ്വദേശിനി റസിയയുടെ കഥ വിചിത്രമാണ്. റസിയയും, ഭർത്താവ് ഹമീദും റിയാദിൽ ഒരു സൗദിയുടെ വീട്ടിൽ വീട്ടുജോലിക്കാരിയും, ഹൌസ് ഡ്രൈവറുമായി ജോലി ചെയ്യാനാണ് നാട്ടിൽ നിന്നും എത്തിയത്. എന്നാൽ ഒരേ വീട്ടിൽ ജോലി ചെയ്തിട്ടും, ഇവരെ പരസ്പരം കാണനോ സംസാരിയ്ക്കാനോ സ്പോൺസർ സമ്മതിച്ചില്ല. മൂന്നു മാസം കഴിഞ്ഞപ്പോൾ, സഹികെട്ട ഇവർ രണ്ടുപേരും ഒരുമിച്ച് ആ വീട്ടിൽ നിന്നും പുറത്തു ചാടി, ഇന്ത്യൻ എംബസ്സിയിൽ അഭയം തേടി. റിയാദ് എംബസ്സിയുടെ കീഴിൽ ഉള്ള പെണ്ണുങ്ങൾക്ക് മാത്രമുള്ള ഷെൽറ്ററിൽ റസിയയെ പാർപ്പിച്ചു.

എന്നാൽ സ്പോൺസർ റസിയയെ ഹുറൂബ് ആക്കുകയും, സ്വർണ്ണാഭരണങ്ങൾ മോഷ്ടിച്ചു എന്ന പേരിൽ കള്ളക്കേസ് നൽകുകയും ചെയ്തു. അതിനെത്തുടർന്ന് റസിയയെ റിയാദ് സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി. അവിടെ മൂന്നു മാസം കിടന്ന റസിയയെ, പിന്നീട് ദമ്മാം സെൻട്രൽ ജയിലിലേയ്ക്ക് മാറ്റി.

ഇന്ത്യൻ എംബസ്സി അറിയിച്ചതനുസരിച്ച് നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ ജയിലിലെത്തി റസിയയെ കണ്ട് വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു. മഞ്ജു മണിക്കുട്ടൻ റസിയയുടെ സ്‌പോൺസറെ ഫോണിൽ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും, സ്പോൺസർ വലിയൊരു തുക നഷ്ടപരിഹാരം ആയി ആവശ്യപ്പെട്ടതോടെ ചർച്ച പരാജയപ്പെട്ടു.

ജയിലിൽ നിന്നും കേസ് വിചാരണയ്ക്കായി കോടതിയിലെത്തിയ റസിയയുടെ നിരപരാധിത്വം ജഡ്ജിയെ ബോധ്യപ്പെടുത്താൻ നവയുഗം ജീവകാരുണ്യപ്രവർത്തകർക്ക് കഴിഞ്ഞു. തുടർന്ന് റസിയയ്ക്ക് ഫൈനൽ എക്സിറ്റ് നൽകാൻ കോടതി ഉത്തരവിട്ടു. അങ്ങനെ ജയിലിൽ നിന്നും റസിയയെ ദമ്മാം വനിതാ അഭയകേന്ദ്രത്തിലേയ്ക്ക് മാറ്റി.

മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി റസിയയ്ക്ക് ഔട്പാസ്സ് എടുത്തു നൽകുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു വാങ്ങുകയും ചെയ്തു. ദമ്മാം എംബസ്സി ഹെൽപ്പ്‌ഡെസ്‌ക്ക് വോളന്റീർ ടീം തലവൻ ഡോ: മിർസ ബൈഗ്, റസിയയ്ക്ക് വിമാനടിക്കറ്റും മറ്റു സഹായങ്ങളും നൽകി. അങ്ങനെ നിയമനടപടികൾ പൂർത്തിയാക്കി, സഹായിച്ചവർക്കെല്ലാം നന്ദി പറഞ്ഞ്, റസിയ ഒറ്റയ്ക്ക് നാട്ടിലേയ്ക്ക് മടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments