HomeWorld NewsGulfനഴ്സിംഗ് റിക്രൂട്ട്മെന്റ്: മലയാളി നേഴ്‌സുമാരെ വേണ്ട; വിദേശ ആരോഗ്യ മന്ത്രാലയങ്ങൾ ഫിലിപ്പീന്‍സിലേക്ക്

നഴ്സിംഗ് റിക്രൂട്ട്മെന്റ്: മലയാളി നേഴ്‌സുമാരെ വേണ്ട; വിദേശ ആരോഗ്യ മന്ത്രാലയങ്ങൾ ഫിലിപ്പീന്‍സിലേക്ക്

കൊച്ചി: റിക്രൂട്ട്‌മെന്റിനു കമ്മീഷന്‍ ഏര്‍പ്പെടുത്തിയതോടെ ഇന്ത്യന്‍ നഴ്‌സുമാരെ ഒഴിവാക്കുമെന്നു കുവൈത്ത്‌- സൗദി ആരോഗ്യമന്ത്രാലയങ്ങളുടെ മുന്നറിയിപ്പ്‌. റിക്രൂട്ട്‌മെന്റ്‌ കമ്മീഷന്‍ വിദേശ രാജ്യങ്ങളിലെ ആശുപത്രി അധികൃതരില്‍നിന്നും വാങ്ങണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമാണ്‌ ഈ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരിക്കുന്നത്‌. ഇതോടെ, പൊതുവെ താറുമാറായ ഇന്ത്യയിലെ വിദേശ നഴ്‌സ്‌ റിക്രൂട്ട്‌മെന്റ്‌ മേഖലയ്‌ക്കു കൂടുതൽ പ്രഹരമേകി കുവൈത്ത്‌ ആരോഗ്യ മന്ത്രാലയം (എം.ഒ.എച്ച്‌.) അധികൃതര്‍ നഴ്‌സുമാരെത്തേടി ഫിലിപ്പീന്‍സിലേക്ക് പോവുകയാണ്. ജനറല്‍ നഴ്‌സ്‌ അടക്കം 1800 ഒഴിവുകളിലേക്ക്‌ ഉദ്യോഗാര്‍ഥികളെ കണ്ടെത്തുകയാണു ലക്ഷ്യം. കുവൈത്ത്‌ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളില്‍ നിലവില്‍ നാലായിരത്തിലധികം ഒഴിവുകളുണ്ട്‌.

 

 

സ്വകാര്യറിക്രൂട്ടിങ്‌ ഏജന്‍സികളില്‍ നിന്നുള്ള ചൂഷണത്തിനു പരിഹാരം തേടിയാണു പുതിയ നയം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നതെങ്കിലും ഫലത്തിൽ അത്‌ നഴ്‌സുമാര്‍ക്കു തിരിച്ചടിയായി. കഴിഞ്ഞവര്‍ഷം മേയ്‌ 30 നാണു പുതിയ നയം സര്‍ക്കാര്‍ നടപ്പിലാക്കിയത്‌. അതുപ്രകാരം റിക്രൂട്ട്‌മെന്റ്‌ എംബസികള്‍ വഴിയാക്കുകയും 18 രാജ്യങ്ങളില്‍ നഴ്‌സുമാരായി ജോലി ലഭിക്കുന്നതിന്‌ എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ കേന്ദ്രം നിര്‍ബന്ധമാക്കുകയും ചെയ്‌തിരുന്നു. പുതിയ നിയമം വന്നശേഷം വിദേശത്തെ സ്വകാര്യ ആശുപത്രികളിലേക്കു മാത്രമാണ്‌ റിക്രൂട്ട്‌മെന്റുകള്‍ നടന്നത്‌. സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു കീഴില്‍ ആകെ ആയിരത്തോളം നഴ്‌സുമാര്‍ മാത്രമാണു വിദേശത്തേക്കു പോയത്‌. വിദേശ ആരോഗ്യമന്ത്രാലയങ്ങളിലേക്കു റിക്രൂട്ട്‌മെന്റുകള്‍ നടന്നിട്ടില്ല. മാസം ആയിരത്തോളം പേര്‍ നഴ്‌സുമാരായി കടല്‍ കടന്നിരുന്ന സാഹചര്യത്തില്‍ നിന്നുമാണ്‌ ഇപ്പോഴത്തെ അവസ്‌ഥയിലേക്ക്‌ കൂപ്പുകുത്തിയിരിക്കുന്നത്‌.

 

 

പഴയ നയപ്രകാരം ഈ കാലയളവില്‍ 18000 പേര്‍ക്കു വിദേശത്ത്‌ തൊഴില്‍ ലഭിക്കേണ്ടിയിരുന്നു. അതേസമയം, വിദേശത്ത്‌ വളരെയേറെ ജോലിസാധ്യതകളുണ്ടാവുകയും അതിനനുസരിച്ച്‌ റിക്രൂട്ട്‌മെന്റ്‌ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു സാധിച്ചില്ല. വിദേശജോലിക്കു ശ്രമിക്കുന്ന കേരളത്തിലെ ഉദ്യോഗാര്‍ഥികളെയാണു നിയമം വലയ്‌ക്കുന്നത്‌. വിദേശ ആരോഗ്യ മന്ത്രാലയങ്ങളിലേക്കു റിക്രൂട്ട്‌മെന്റ്‌ നടന്നിട്ട്‌ ഒന്നര വര്‍ഷത്തിലേറെയായി. നോര്‍ക്ക, ഒഡേപെക്‌ (കേരളം) ഒ.എം.സി. (തമിഴ്‌നാട്‌) എന്നീ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രം റിക്രൂട്ട്‌മെന്റുകള്‍ നിജപ്പെടുത്തിയതും വേണ്ടത്ര സജ്‌ജീകരണങ്ങള്‍ ഒരുക്കാത്തതുമാണ്‌ റിക്രൂട്ട്‌മെന്റുകള്‍ താറുമാറാകാന്‍ കാരണം.

 

 

നിലവിലെ നിയമമനുസരിച്ച്‌ 18 ഇ.സി.ആര്‍. രാജ്യങ്ങളില്‍ നഴ്‌സുമാരുടെ നിയമനത്തിനു പ്രട്ടക്‌ടര്‍ ഓഫ്‌ എമിഗ്രന്റ്‌സ്‌ ഓഫീസുകളില്‍നിന്നുള്ള എമിഗ്രേഷന്‍ ക്ലിയറന്‍സ്‌ വേണം. യു.എ.ഇ, സൗദി അറേബ്യ, ഖത്തര്‍, ഒമാന്‍, കുവൈത്ത്‌, ബഹ്‌റൈന്‍, മലേഷ്യ, ലിബിയ, ജോര്‍ദാന്‍, യെമന്‍, സുഡാന്‍, അഫ്‌ഗാന്‍, ഇന്തോനീഷ്യ, സിറിയ, ലബനന്‍, തായ്‌ലന്‍ഡ്‌, ഇറാഖ്‌ എന്നിവയാണ്‌ ഇ.സി.ആര്‍. രാജ്യങ്ങള്‍. വിദേശത്തു നഴ്‌സുമാരെ ആവശ്യമുള്ള തൊഴില്‍ സ്‌ഥാപനം ഇന്ത്യന്‍ എംബസികളില്‍ രജിസ്‌റ്റര്‍ ചെയ്യണം. എമിഗ്രേറ്റ്‌ സംവിധാനത്തിലൂടെ എത്ര നഴ്‌സുമാരെയാണ്‌ വേണ്ടതെന്നും അറിയിക്കാം. ഇങ്ങനെ ചെയ്യുമ്പോള്‍ പിന്നീട്‌ ഇന്ത്യന്‍ എംബസിയില്‍നിന്ന്‌ സാക്ഷ്യപ്പെടുത്തലിന്റെ ആവശ്യമില്ല. ഇന്ത്യയിലെ മറ്റേതെങ്കിലും റിക്രൂട്ട്‌മെന്റ്‌ ഏജന്‍സിക്കു വിദേശത്തുനിന്നു നഴ്‌സുമാരെ റിക്രൂട്ട്‌ ചെയ്യാന്‍ അവസരം ലഭിച്ചാല്‍ അവര്‍ പ്രവാസികാര്യമന്ത്രാലയത്തില്‍നിന്നു പ്രത്യേക അനുമതി തേടണം. ഓരോ രാജ്യത്തിന്റെ കാര്യത്തിലും വെവ്വേറെ അനുമതി വാങ്ങിയിരിക്കണം.

 

 

നഴ്‌സ്‌ നിയമന ഏജന്‍സികളായി കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച കേരളത്തിലെ ഒഡെപെകിന്റെയും നോര്‍ക്ക റൂട്ട്‌സിന്റെയും പ്രതിനിധികള്‍ കുവൈത്ത്‌ ആരോഗ്യമന്ത്രാലയവുമായി ഏപ്രില്‍ അവസാന വാരം കമ്മീഷന്‍ സംബന്ധിച്ചു ചര്‍ച്ച നടത്തിയിരുന്നു. റിക്രൂട്ട്‌മെന്റുകള്‍ക്ക്‌ കമ്മീഷന്‍ ഏര്‍പ്പെടുത്തിയ തീരുമാനത്തില്‍ കുവൈത്ത്‌ ആരോഗ്യമന്ത്രാലയം അന്നേ അതൃപ്‌തി അറിയിച്ചിരുന്നു. ഇതേ തുടര്‍ന്ന്‌ കുവൈത്ത്‌ പ്രതിനിധികള്‍ മേയ്‌ 10 മുതല്‍ നടത്താനിരുന്ന ഇന്ത്യ സന്ദര്‍ശനവും റദ്ദാക്കി. നിലവില്‍ നഴ്‌സിങ്ങ്‌ റിക്രൂട്ട്‌മെന്റ്‌ സംബന്ധിച്ച്‌ വിദേശ രാജ്യങ്ങള്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക്‌ അനുകൂലമായി യാതൊരുനടപടിയും സ്വീകരിക്കാത്ത സാഹചര്യമാണ്‌.

 

 

സര്‍ക്കാര്‍ ഗ്രാന്റുകളോ സാമ്പത്തിക സഹായങ്ങളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്‌ഥാപനമാണ്‌ ഒഡേപെക്‌. മാസംതോറും നാലു ലക്ഷം രൂപ ശമ്പള ഇനത്തില്‍ ജീവനക്കാര്‍ക്കു നല്‍കണം. ഒരു മാസമായി സംസ്‌ഥാനത്തു റിക്രൂട്ട്‌മെന്റുകള്‍ നടക്കുന്നില്ല. നിയമപരമായി ഉദ്യോഗാര്‍ഥികളില്‍നിന്നും വാങ്ങാവുന്ന കമ്മീഷന്‍ തുകയില്‍നിന്നുമാണ്‌ ഒഡേപെക്‌ ജീവനക്കാര്‍ക്ക്‌ ശമ്പളം നല്‍കുന്നത്‌. റിക്രൂട്ട്‌മെന്റിന്‌ അനുവദനീയമായ കമ്മീഷന്‍പോലും വാങ്ങരുതെന്ന സര്‍ക്കാര്‍ ഉത്തരവ്‌ വന്നതോടെ ഒഡേപെക്‌ രണ്ടു മാസത്തിനകം അടച്ചുപൂട്ടേണ്ടിവരുമെന്ന്‌ ജീവനക്കാര്‍ പറയുന്നു. റിക്രൂട്ട്‌മെന്റ്‌ കമ്മീഷന്‍ വിദേശ രാജ്യങ്ങളിലെ ആശുപത്രി അധികൃതരില്‍നിന്നും വാങ്ങണമെന്ന സര്‍ക്കാര്‍ നിര്‍ദേശം മണ്ടത്തരമാണെന്നും ഒഡേപെക്‌ ജീവനക്കാര്‍ പറയുന്നു. ഇത്തരത്തിലുള്ള പരിഷ്‌കാരം വരുന്നതോടെ വിദേശ ആശുപത്രികള്‍ ഇന്ത്യയില്‍നിന്നുള്ള റിക്രൂട്ട്‌മെന്റുകള്‍ നിര്‍ത്താനും സാധ്യതയുണ്ട്‌.

ശരീരത്തിന്റെ ഈ 9 സ്ഥലങ്ങളിൽ അമർത്തൂ…. നിങ്ങൾക്കുണ്ടാകുന്ന അത്ഭുതാവഹമായ മാറ്റം അനുഭവിച്ചറിയൂ

കുട്ടികൾ ഇല്ലാത്ത ദമ്പതികൾക്ക് ആശ്വാസമായി ഇതാ ആറു കാര്യങ്ങൾ !

കൂടുതൽ വാർത്തകൾക്കായി സന്ദർശിക്കൂ:

                  www.v4vartha.com

fb

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments