HomeWorld NewsGulfപ്രതീക്ഷകൾ തകർന്നു; മർത്തമ്മയും നാസ് ജമീലും നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

പ്രതീക്ഷകൾ തകർന്നു; മർത്തമ്മയും നാസ് ജമീലും നവയുഗത്തിന്റെ സഹായത്തോടെ നാട്ടിലേയ്ക്ക് മടങ്ങി

ദമ്മാം: ഒരുപാടു പ്രതീക്ഷകളുമായി പ്രവാസജീവിതത്തിൽ എത്തിയ രണ്ടു ഇന്ത്യക്കാരികൾ, മോശം ജോലിസാഹചര്യങ്ങൾ മൂലം, വനിതാഅഭയകേന്ദ്രം വഴി നവയുഗം സംസ്‌കാരികവേദി ജീവകാരുണ്യപ്രവർത്തകരുടെ സഹായത്തോടെ, നിയമനടപടികൾ പൂർത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി.

ആന്ധ്രപ്രദേശ് സ്വദേശിനികളായ മർത്തമ്മയും, നാസ് ജമീലുമാണ് തകർന്ന പ്രതീക്ഷകളുമായി നാട്ടിലേയ്ക്ക് മടങ്ങിയത്. ആറു മാസങ്ങൾക്ക് മുൻപാണ് രണ്ടുപേരും സൗദി അറേബ്യയിലെ ഖഫ്ജിയിൽ വീട്ടുജോലിയ്ക്കായി എത്തിയത്. പാവപ്പെട്ട സ്വന്തം കുടുംബത്തിന്റെ സാമ്പത്തികപരാധീനതകൾ കാരണമാണ് മർത്തമ്മ പ്രവാസജോലിയ്ക്കായി എത്തിയത്. നാസിന്റെ ഭർത്താവ് റിയാദിൽ ജോലി ചെയ്യുകയായിരുന്നു.നാട്ടിൽ സ്വന്തമായി ഒരു വീട് ഉണ്ടാക്കുക എന്ന ആഗ്രഹത്തിന്റെ പുറത്താണ് ഭാര്യയെക്കൂടി പ്രവാസജോലിയ്ക്കായി കൊണ്ടുവന്നത്.

എന്നാൽ ജോലി ചെയ്ത വീട്ടിലെ സാഹചര്യങ്ങൾ വളരെ മോശമായിരുന്നു. രാപകൽ ജോലിയും, വിശ്രമമില്ലായ്മയും, വീട്ടുകാരുടെ മനുഷ്യത്വമില്ലാത്ത പെരുമാറ്റവും കാരണം രണ്ടുപേരും വലഞ്ഞു. ഒരു റിയാൽ പോലും ശമ്പളം കിട്ടാത്ത കൂടിയായപ്പോൾ, ഗത്യന്തരമില്ലാതെ അവർ വീടുവിട്ടോടി, സൗദി പോലീസിന്റെ സഹായത്തോടെ, വനിതാ അഭയകേന്ദ്രത്തിൽ എത്തപ്പെടുകയായിരുന്നു.

നാസിന്റെ ഭർത്താവ് അറിയിച്ചതനുസരിച്ച്, നവയുഗം ജീവകാരുണ്യപ്രവർത്തക മഞ്ജു മണിക്കുട്ടൻ വനിതാ അഭയകേന്ദ്രത്തിൽ എത്തി, ഇവരുടെ പരാതികൾ കേട്ട്, കേസ് ഏറ്റെടുക്കുകയായിരുന്നു. തുടർന്ന് നവയുഗം ജീവകാരുണ്യപ്രവർത്തകർ സ്‌പോൺസറെ ബന്ധപ്പെട്ട് ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയെങ്കിലും സ്പോൺസർ സഹകരിയ്ക്കാൻ തയ്യാറായില്ല. തുടർന്ന് മഞ്ജു മണിക്കുട്ടൻ ഇന്ത്യൻ എംബസ്സി വഴി രണ്ടുപേർക്കും ഔട്പാസ്സ് എടുത്തു കൊടുക്കുകയും, വനിതാ അഭയകേന്ദ്രം അധികാരികളുടെ സഹായത്തോടെ ഫൈനൽ എക്സിറ്റ് അടിച്ചു കൊടുക്കുകയും ചെയ്തു. ബന്ധുക്കൾ രണ്ടുപേർക്കും വിമാനടിക്കറ്റ് നൽകി. എല്ലാവർക്കും നന്ദി പറഞ്ഞു രണ്ടുപേരും നാട്ടിലേയ്ക്ക് മടങ്ങി.

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments