HomeUncategorizedസിനിമയിലെ വിവാഹ മോചനങ്ങൾക്ക് അവസാനമില്ല: ഒടുവിലായി ബാലയും അമൃതയും

സിനിമയിലെ വിവാഹ മോചനങ്ങൾക്ക് അവസാനമില്ല: ഒടുവിലായി ബാലയും അമൃതയും

വെളിച്ചത്തെടുത്ത് ഇരുട്ടത്ത് കാണിക്കുന്ന സിനിമയുടെ സ്ഥിതിപോലെയാണ് ചില താര ദമ്പതികളുടെ കുടുംബജീവിതം. കൊട്ടിഘോഷിച്ച് നടത്തുന്ന താരവിവാഹങ്ങള്‍ ഇരുളിലാകുന്നത് സിനിമ അവസാനിക്കുന്ന വേഗതയിലാണ്.
ഒരു മലയാളം ചാനലില്‍ സംഗീത പരിപാടിയുടെ ഗസ്റ്റ് ജഡ്ജായി പങ്കെടുത്ത തമിഴ് നായകന്‍ ബാലയ്ക്ക് അതില്‍ പങ്കെടുത്ത ഗായിക അമൃതയുടെ പാട്ട് ‘ക്ഷ’ പിടിച്ചു. ഗായികയുടെ സൗന്ദര്യത്തെക്കാള്‍ ശാരീരത്തെ കൂടുതല്‍ ഇഷ്ടപ്പെട്ട നടന് ഉള്ളില്‍ പ്രണയം പൊട്ടി. കണ്ണും കണ്ണും കഥപറഞ്ഞ് കരളില്‍ അമൃത് നേദിച്ച് കൊടുംമ്പിരികൊണ്ട പ്രേമം അവസാനം മിന്നുകെട്ടിലെത്തി ഉത്സവച്ഛായയില്‍ പൊടിപൂരമായി കല്യാണം. പത്രക്കാര്‍ക്കും സിനിമാരംഗത്തുള്ളവര്‍ക്കും ഈ വിവാഹം ഒരു അത്ഭുതമായി തോന്നി അത്രയ്ക്കു കലക്കനായിരുന്നു അമൃതവിവാഹത്തിന്റെ ചടങ്ങുകള്‍.

അതെങ്ങനെ മോശം വരും? സാധാരണ കുടുംബാംഗമായ അമൃതയുടെ കഴുത്തില്‍ താലി കെട്ടിയത് ചില്ലറക്കാരനൊന്നുമല്ലല്ലോ തമിഴ്‌നാട്ടിലെ കോടീശ്വരനടന്‍. പ്രശസ്തമായ അരുണാചലം ഫിലിം സ്റ്റുഡിയോ ഉടമയുടെ കൊച്ചുമകന്‍. അച്ഛന്‍ സംവിധായകന്‍ വിജയകുമാറാകട്ടെ 40 ല്‍ അധികം സിനിമ സംവിധാനം ചെയ്ത പ്രശസ്തന്‍. അങ്ങനെയൊരാളെ മരുമകനായി കിട്ടിയതില്‍ അമൃതയുടെ അച്ഛനും അമ്മയ്ക്കും പെരുത്ത സന്തോഷം. അമൃതയാണെങ്കില്‍ മഴമുകില്‍ കണ്ട മയില്‍പേടയെപ്പോലെയായി. വിവാഹചടങ്ങുകള്‍ ശുഭം. തുടര്‍ന്ന് അമൃതയ്ക്കുണ്ടായ സൗഭാഗ്യങ്ങള്‍ ചെറുതൊന്നുമല്ല. പ്രശസ്തി, വീട്, ആഡംബരകാര്‍ അങ്ങനെ എല്ലാമെല്ലാം.
വര്‍ഷം രണ്ടുമൂന്നു പിന്നിട്ടു. താരത്തിന്റെ ജീവിത തിരക്കഥയില്‍ ചെറുതായ മാറ്റങ്ങള്‍ പ്രകടമായി. മലയാളി സുന്ദരികളുടെയും ചില കൊച്ചമ്മമാരുടേയും ഇടയില്‍ മിന്നും താരമായി വിലസിതുടങ്ങിയ ‘ബാല’ നടന്റെ അതിരുകവിഞ്ഞുള്ള ബന്ധങ്ങള്‍ അമൃതയും വീട്ടുകാരും കേട്ടറിഞ്ഞു. പക്ഷേ സിനിമയല്ലേ. പോരാഞ്ഞിട്ട് നായകനടനും. കേട്ടതൊക്കെ കേട്ടില്ല എന്ന മട്ടില്‍ അവര്‍ തള്ളിക്കളഞ്ഞു.
പൊട്ടലും ചീറ്റലും ഉള്ളിലൊതുക്കി. ജീവിതം മുന്നോട്ട് നീങ്ങി. ഇതിനിടെ അമൃതയ്ക്കും ബാലയ്ക്കും കണ്ണിനു കുളിരായി, കരളിന് തേനായി ഒരു പൊന്നോമന പിറന്നു അവാന്തിക. എല്ലാ ഓളങ്ങളേയും തിരകളേയും മറികടന്ന് തോണി മെല്ലെ നീങ്ങി. ഒരു സുപ്രഭാതത്തില്‍ ഇരുവരും തമ്മില്‍ അല്ലറചില്ലറ പിണക്കവും വഴക്കും ഒക്കെ നടന്നതായി വാര്‍ത്തകള്‍ പുറത്തു വന്നു. ചെറിയ പൊട്ടലും ചീറ്റലും. കുടുംബജീവിതമല്ലേ ചട്ടിയും കലവുമായാല്‍ തട്ടിയും മുട്ടിയും കിടക്കും എന്ന് മറ്റുള്ളവര്‍ വിചാരിച്ചു. അല്ലെങ്കിലെന്ത് സിനിമാക്കാരുടെ ജീവിതത്തില്‍ ഇതൊക്കെ ഒരു സംഭവമല്ലേേല്ലാ. പക്ഷേ സംഗതിയുടെ ക്ലൈമാക്‌സ് അത്ര ശുഭകരമല്ലായെന്നാണ് ഇപ്പോഴത്തെ അറിവ്. ബാല തമിഴ്‌നാട്ടില്‍ സ്വന്തം വീട്ടിലേക്ക് മടങ്ങിയിരിക്കുകയാണ്. ‘കുഞ്ഞുമൊയ്തീതീനില്‍’ അഭിനയിക്കാന്‍ കേരളത്തില്‍ വന്നപ്പോള്‍ പോലും ബാല കൊച്ചിയിലെത്തി അമൃതയേയും അവാന്തികയേയും കണ്ടില്ല എന്നാണ് സിനിമാരംഗത്തുള്ളവര്‍ പറയുന്നത്.

അമൃത സ്വന്തമായി ‘അമൃതംഗമയ’ എന്ന മ്യൂസിക് ബാന്‍ഡ് തുടങ്ങിയതും മകളെ കാണാന്‍ ബാലയെ അമൃതയുടെ വീട്ടുകാര്‍ അനുവദിക്കാതിരിക്കുന്നതുമാണു ഇപ്പോള്‍ നടനെ ചൊടിപ്പിച്ചിരിക്കുന്നത്. ബാലയുമായി പൊരുത്തപ്പെട്ടു മുന്നോട്ട് പോകാന്‍ തങ്ങള്‍ക്കാവില്ലെന്ന നിലപാടിലാണ് അമൃതയുടെ കുടുംബം. പക്ഷേ അമൃതയോടും ചോദിച്ചാല്‍ ‘ഞങ്ങള്‍ തമ്മില്‍ യാതൊരു പ്രശ്‌നവും ഇല്ലാ’ എന്നായിരിക്കും മറുപടി. അമൃത അല്പമൊന്നയഞ്ഞാലും ബന്ധമൊഴിയുന്ന കാര്യത്തില്‍ അമ്മ ഒരുതരിപോലും വിട്ടുകൊടുക്കുവാന്‍ തയ്യാറല്ല എന്നും കേള്‍ക്കുന്നു. മകള്‍ അവാന്തികയുടെ കാര്യത്തില്‍ തീരുമാനമുണ്ടായാല്‍ ഇലയ്ക്കും മുള്ളിനും കേടില്ലാതെ ബന്ധം ഒഴിഞ്ഞേക്കാം എന്ന നിലപാടിലാണ് ബാല.

യോജിക്കാനാവുമെങ്കില്‍ ഒന്നിച്ചു പോകും ഇല്ലെങ്കില്‍ ചെന്നൈയില്‍ ഇപ്പോള്‍ നടക്കുന്ന ട്രീറ്റ്‌മെന്റ് കഴിഞ്ഞ് മടങ്ങുമ്പോള്‍ കോടതി മുഖാന്തിരം നിയമനടപടികളുമായി മുന്നോട്ട് പോകുവാനാണ് ബാലയുടെ പുതിയ തീരുമാനം. മലയാളത്തില്‍ അടുത്ത കാലത്ത് നടന്ന കാവ്യമാധവന്‍-നിഷാല്‍, ഉര്‍വ്വശി-മനോജ്, കല്പന-അനില്‍, ഗണേഷ്‌കുമാര്‍-യാമിനി, മുകേഷ്-സരിത, ജ്യോതിര്‍മയി-നിഷാന്ത്, ദീലീപ്-മഞ്ചുവാര്യര്‍ തുടങ്ങിയ താരങ്ങളുടെ വേര്‍പിരിയല്‍ ലിസ്റ്റില്‍ ഏറ്റവും ഒടുവില്‍ എഴുതിച്ചേര്‍ക്കേണ്ട പേരുകളായി മാറുന്നു ബാല-അമൃത.

 

മുരളീകൃഷ്ണ

RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

Most Popular

Recent Comments