ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു; ക്രിക്കറ്റ് താരം ക്രിസ് ഗെയിൽ ഉൾപ്പെടെ സമ്പർക്ക പട്ടികയിൽ

28

ട്രാക്കിലെ വേഗരാജാവ് ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു . ബോള്‍ട്ടിന്റെ ജന്മദിനാഘോഷത്തില്‍ പങ്കെടുത്ത ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലും, ഫുട്‌ബോള്‍ താരം റഹീം സ്‌റ്റെര്‍ലിങ്ങും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സമ്ബര്‍ക്ക പട്ടികയിലുണ്ട്. ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോയിലൂടെ ബോള്‍ട്ട് തന്നെയാണ് തനിക്ക് കോവിഡ് സ്ഥിരീകരിച്ച വിവരം പങ്കുവെച്ചത്. ശനിയാഴ്ച പരിശോധനയ്ക്ക് വിധേയനായ തനിക്ക് കോവിഡ് സ്ഥിരീകരിച്ചു എന്നാണ് ബോള്‍ട്ട് വീഡിയോയില്‍ പറയുന്നത്. രോഗലക്ഷണങ്ങള്‍ ഇല്ലെന്നും, കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനില്‍ പോവുകയാണെന്നും താരം വീഡിയോയില്‍ പറയുന്നു. എല്ലാ സുഹൃത്തുക്കളില്‍ നിന്നും തത്കാലത്തേക്ക് മാറി നില്‍ക്കുകയാണ്. കോവിഡ് സ്ഥിരീകരിച്ചതോടെ പാലിക്കേണ്ട മാനദണ്ഡങ്ങള്‍ എന്തെന്നും, എങ്ങനെയാണ് ക്വാറന്റൈനില്‍ കഴിയേണ്ടത് എന്നും ആരോഗ്യ മന്ത്രാലയവുമായി ബന്ധപ്പെട്ട് മനസിലാക്കാന്‍ ശ്രമിക്കുകയാണ്. എല്ലാവരും സുരക്ഷിതരായിരിക്കുക. പേടിക്കാനൊന്നുമില്ല. എന്നാല്‍ എല്ലാവരും സുരക്ഷിതരായിരിക്കുക, ബോള്‍ട്ട് പറയുന്നു.

1977 ന് ശേഷം 100 മീറ്ററിലേയും 200 മീറ്ററിലേയും ലോകറെക്കോര്‍ഡുകള്‍ക്ക് ഉടമയായ ആദ്യ കായികതാരമാണ് ഉസൈന്‍ ബോള്‍ട്ട്. സ്പ്രിന്റില്‍ 8 ഒളിംപിക് സ്വര്‍ണ മെഡലുകളും 11 ലോക ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണ മെഡലുകളും നേടുന്ന ആദ്യ കായിക താരം കൂടിയാണ് ബോള്‍ട്ട്. തുടര്‍ച്ചയായ മൂന്നു ഒളിമ്പിക്‌സ് മത്സരങ്ങളില്‍ 100 മീറ്ററിലും 200 മീറ്ററിലും സ്വര്‍ണം നേടിയ ആദ്യ താരമായ ബോള്‍ട്ട് തുടര്‍ച്ചയായി മൂന്നു ഒളിമ്പിക്‌സ് സ്വര്‍ണം നേടി കൊണ്ട് ട്രിപ്പിള്‍ ട്രിപ്പിള്‍ എന്ന നേട്ടവും കൈവരിച്ചു. ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇദ്ദേഹത്തെ ‘ലൈറ്റ്‌നിങ് ബോള്‍ട്ട്’ എന്നും വിശേഷിപ്പിക്കുന്നു. 2014 ലോകചാമ്പ്യന്‍ഷിപ്പിലൂടെ തന്റെ ഓട്ടം തുടങ്ങിയ ഉസൈന്‍ ബോള്‍ട്ട് 2016 ല്‍ ബ്രസീലിലെ റിയോ ഡി ജനീറോയില്‍ വെച്ച് നടന്ന ഒളിമ്പിക്‌സിനു ശേഷം വിരമിച്ചു.