സന്തോഷ് ട്രോഫി ഫുടബോളിൽ കിരീടം നേടി കേരളം; ബംഗാളിനെ മുട്ടുകുത്തിച്ചത് പെനാൽറ്റി ഷൂട്ടൗട്ടിൽ

295

സ്വന്തം നാട്ടിൽ സന്തോഷ് ട്രോഫി വിജയവുമായി കേരളം. ഇന്നലെ നടന്ന ഫൈനലിൽ ബംഗാളിനെ പെനാൽട്ടി ഷൂട്ടൗട്ടിൽ പരാജയപ്പെടുത്തിയാണ് കേരളം തങ്ങളുടെ ഏഴാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോളുകൾ നേടാൻ കഴിയാതെ വന്നതിനെ തുടർന്ന മത്സരം അധികസമയത്തേക്ക് കടക്കുകയായിരുന്നു. അധിക സമയത്ത് ഓരോ ഗോളുകൾ വീതം കേരളവും ബംഗാളും നേടിയതിനെ തുടർന്ന് മത്സരം പെനാൽട്ടി ഷൂട്ടൗട്ടിലേക്ക് നീങ്ങി. 97ാം മിനിട്ടിൽ ബംഗാളിന് വേണ്ടി ദിലിപ് ഒർവാനും 117ാം മിനിട്ടിൽ കേരളത്തിന് വേണ്ടി സഫ്നാദും ഗോളുകൾ നേടി. പെനാൽട്ടി ഷൂട്ടൗട്ടിൽ ബംഗാൾ ഒരു കിക്ക് പാഴാക്കിയപ്പോൾ കേരളം തങ്ങളുടെ എല്ലാ കിക്കുകളും ഗോളാക്കി മാറ്റി. ഷൂട്ടൗട്ടിനിടയ്ക്ക വച്ച് ഇരുടീമുകളും തങ്ങളുടെ ഗോൾകീപ്പർമാരെ മാറ്റിയതും കൗതുകമായി. കേരളത്തിന് വേണ്ടി മിഥുൻ ആദ്യത്തെ മൂന്ന് കിക്കുകളിലും പോസ്റ്റിന് കീഴിൽ നിലയുറപ്പിച്ചപ്പോൾ അവസാനത്തെ രണ്ട് കിക്കുകൾക്ക് വേണ്ടി ഹജ്മൽ എത്തി. മറുവശത്ത് അവസാന കിക്കിന് തൊട്ടുമുമ്പായിട്ടാണ് ബംഗാൾ തങ്ങളുടെ ഗോൾക്കീപ്പർ പ്രിയന്ത് സിംഗിനെ മാറ്റി രാജാ ബർമനെ ഇറക്കുന്നത്.