വ്രതപുണ്യത്തിന്‍റെ ഐശ്വര്യം ആവോളം പരത്തി ഇന്ന് ചെറിയ പെരുന്നാൾ; പെരുന്നാൾ ആശംസകൾ നേർന്നു മുഖ്യമന്ത്രി

61

കൊവിഡ് മൂലം ഒത്തു ചേരലുകള്‍ നഷ്ടപ്പെട്ട രണ്ട് വര്‍ഷത്തിന് ശേഷം ഇത്തവണ വിശ്വാസികള്‍ ചെറിയ പെരുന്നാള്‍ വിപുലമായി ആഘോഷിക്കുന്നു . പുത്തന്‍ ഉടുപ്പണിഞ്ഞും മൈലാഞ്ചിയിട്ടും ആഘോഷത്തിന് മാറ്റ് കൂട്ടി, കൈത്താളമിട്ടുള്ള പാട്ടുകള്‍ വ്രതപുണ്യത്തിന്‍റെ ഐശ്വര്യം ആവോളം പരത്തുന്നതാണ് പെരുന്നാള്‍ ദിനം. പെരുന്നാള്‍ ദിനത്തിലെ മറ്റൊരാകര്‍ഷണം പെരുന്നാള്‍ പൈസയാണ്. കുടുബത്തിലെ കാരണവരുടെ കൈകളില്‍ നിന്നാണ് ഐശ്വര്യത്തിന്‍റെ പെരുന്നാള്‍ പൈസ കിട്ടുന്നത്. വിഭവസമൃദ്ധമായ ഭക്ഷണം ഒരുക്കുന്നതും പെരുന്നാള്‍ ദിനത്തിന് സവിശേഷത. ചെറിയ പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കരുതെന്ന് മതം അനുശാസിക്കുന്നതിനാല്‍ ഫിത്തര്‍ സക്കാത്തും നല്‍കുന്നു.
മുഖ്യമന്ത്രി പിണറായി വിജയൻ ചെറിയ പെരുന്നാൾ ആശംസകൾ നേർന്നു. സ്നേഹത്തിന്റെയും സാഹോദര്യത്തിൻ്റേയും സന്ദേശം പകരുന്ന ചെറിയ പെരുന്നാൾ ആഘോഷങ്ങൾക്കായി നാടൊരുങ്ങുകയാണ്. ഒരു മാസം നീണ്ടു നിന്ന വ്രതാനുഷ്ഠാനത്തിലൂടെയും ദാന കർമ്മങ്ങളിലൂടെയും ഉയർത്തിപ്പിടിച്ച സഹാനുഭൂതിയുടേയും മാനവികതയുടേയും മൂല്യങ്ങൾ നെഞ്ചോടു ചേർത്തു മുന്നോട്ടു പോകാൻ ഈ സന്ദർഭം ഏവർക്കും പ്രചോദനമാകണമെന്ന് പെരുന്നാൾ സന്ദേശത്തിൽ അദ്ദേഹം പറഞ്ഞു.