സന്തോഷ് ട്രോഫി ഫുട്ബോൾ: തെലുങ്കാനയ്‌ക്കെതിരെ കേരളത്തിന് ഗോളില്ലാ സമനില

7

കേരളത്തിന‌് സന്തോഷ‌് ട്രോഫി ഫുട‌്ബോളില്‍ ഗോളില്ലാ സമനില. ഗ്രൂപ്പ‌് ബി യിലെ ആദ്യമത്സരത്തില്‍ തെലങ്കാനയാണ‌് കേരളത്തെ തളച്ചത‌്. ചുരുങ്ങിയത‌് ഒരു ഡസന്‍ അവസരങ്ങളെങ്കിലും ചാമ്ബ്യന്‍മാര്‍ തുലച്ചു. പോണ്ടിച്ചേരിയെ മറുപടിയില്ലാത്ത മൂന്ന‌ു ഗോളിന‌് തോല്‍പ്പിച്ച‌് സര്‍വീസസ‌് കനത്ത വെല്ലുവിളി ഉയര്‍ത്തുന്നു.

ഗ്രൂപ്പില്‍ മൂന്ന‌ു പോയിന്റുമായി സര്‍വീസസ‌് മുന്നിലെത്തി. കേരളത്തിനും തെലങ്കാനയ‌്ക്കും ഓരോ പോയിന്റ‌് ലഭിച്ചു. ഗ്രൂപ്പ‌് ജേതാക്കള്‍ക്കു മാത്രമേ അവസാന റൗണ്ടിലേക്ക‌് യോഗ്യത നേടാനാകൂ. കേരളം ആറിന‌് പോണ്ടിച്ചേരിയെയും എട്ടിന‌് സര്‍വീസസിനെയും നേരിടും. യോഗ്യതയ‌്ക്ക‌് രണ്ട‌ു കളിയും ജയിക്കണം.

യുവനിരയ‌്ക്ക‌് മുന്‍തൂക്കമുള്ള ടീം ഒത്തിണക്കത്തോടെ കളിച്ചു. എതിരാളിയെ പ്രതിരോധിക്കുന്നതിനൊപ്പം വേഗമേറിയ ആക്രമണം നടത്താനും ടീമിനായി. മുഹമ്മദ‌് സല, മുഹമ്മദ‌് പാറക്കോട്ടില്‍, മുഹമ്മദ‌് ഇനായത്ത‌് എന്നിവര്‍ ഗോള്‍മുഖത്ത‌് പന്തെത്തിക്കുന്നതില്‍ മിടുക്ക‌ുകാട്ടി. എന്നാല്‍, മുന്നേറ്റക്കാര്‍ക്ക‌്‌ അവസരം മുതലാക്കാനായില്ല. തെലങ്കാനയുടെ വലയില്‍ പന്തെത്തിക്കുകയെന്ന ലക്ഷ്യം നിറവേറിയില്ല.തെലങ്കാന പ്രതിരോധത്തെ നിഷ‌്പ്രഭമാക്കാന്‍ കേരളത്തിനായി. സമ്മര്‍ദം അതിജീവിക്കാനാകാതെ 16 കോര്‍ണര്‍ കിക്കുകളാണ‌് തെലങ്കാന വഴങ്ങിയത‌്. എന്നാല്‍, അവയൊന്നും ഗോളിലേക്കുള്ള വഴിതുറന്നില്ല.