ഐ പി എൽ; ചെന്നൈ സൂപ്പര്‍ കിങ്‌സിന് ആദ്യ ജയം; ബാംഗ്ളൂരിനെ തകർത്തത് 23 റൺസിന്‌; ശിവം ദുബെ കളിയിലെ താരം

65

ഐപിഎല്‍ 15-ാം സീസണില്‍ ആദ്യ ജയം സ്വന്തമാക്കി ചെന്നൈ സൂപ്പര്‍ കിങ്‌സ്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തില്‍ 23 റണ്‍സിനാണ് ചെന്നൈ ജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ചെന്നൈ സൂപ്പര്‍ കിങ്‌സ് നിശ്ചിത 20 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 216 റണ്‍സെടുത്തപ്പോള്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ഇന്നിങ്‌സ് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 193 ല്‍ അവസാനിച്ചു. മുന്‍ ആര്‍സിബി താരങ്ങളായ ശിവം ദുബെയും റോബിന്‍ ഉത്തപ്പയുമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി തകര്‍ത്തടിച്ചത്. ശിവം ദുബെ 46 പന്തില്‍ എട്ട് സിക്‌സും അഞ്ച് ഫോറും സഹിതം 95 റണ്‍സുമായി പുറത്താകാതെ നിന്നു. റോബിന്‍ ഉത്തപ്പ 50 പന്തില്‍ ഒന്‍പത് സിക്‌സും നാല് ഫോറും സഹിതം 88 റണ്‍സ് നേടി പുറത്തായി. ആര്‍സിബിയുടെ തുടക്കം തന്നെ പിഴച്ചു. കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ആര്‍സിബിക്ക് ആദ്യം നഷ്ടമായത് നായകന്‍ ഫാഫ് ഡു പ്ലെസിസിന്റെ വിക്കറ്റ്. ഒന്‍പത് പന്തില്‍ എട്ട് റണ്‍സ് മാത്രമാണ് ഡുപ്ലെസിസ് നേടിയത്. അനുജ് റാവത്ത് (12), വിരാട് കോലി (1) എന്നിവരും പിന്നാലെ മടങ്ങി. ഗ്ലെന്‍ മാക്‌സ്വെല്‍ (11 പന്തില്‍ 26), ഷഹബാസ് അഹമ്മദ് (27 പന്തില്‍ 41), സുയൂഷ് പ്രഭുദേശായി (18 പന്തില്‍ 34), ദിനേശ് കാര്‍ത്തിക് (14 പന്തില്‍ 34) എന്നിവര്‍ പൊരുതി നോക്കിയെങ്കിലും വിജയം കണ്ടില്ല.