
അവസാന ഓവര്‍ വരെ നീണ്ട ഏഷ്യാ കപ്പിലെ തങ്ങളുടെ ആദ്യ പോരാട്ടത്തില്‍ പാകിസ്ഥാനെ അഞ്ചു വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കി. പാകിസ്ഥാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയ ലക്ഷ്യം രണ്ട് പന്തുകള്‍ ശേഷിക്കേ ഇന്ത്യ മറികടന്നു. ബൗളിങിലും ബാറ്റിങിലും തിളങ്ങി ഹര്‍ദിക് പാണ്ഡ്യ ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായക സാന്നിധ്യമായി.
ടോസ് നേടി ഇന്ത്യ ആദ്യം ബൗളിങിന് ഇറങ്ങുകയായിരുന്നു. നിശ്ചിത 19.5 ഓവറില്‍ പാക് പോരാട്ടം 147 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ ബാറ്റെടുത്തത്. അവസാന ഓവറില്‍ നാലാം പന്ത് സിക്‌സറിന് തൂക്കി ഹര്‍ദിക്കാണ് ഇന്ത്യയ്ക്ക് ജയമൊരുക്കിയത്. ദിനേഷ് കാര്‍ത്തിക് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.
തുടക്ക ഓവറുകളിലും മധ്യ ഓവറുകളിലു പതറിയ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒന്നിച്ച രവീന്ദ്ര ജഡേജ – ഹര്‍ദിക് പാണ്ഡ്യ സഖ്യമാണ് വിജയത്തിലേക്ക് നയിച്ചത്. 18-ാം ഓവറില്‍ 11 റണ്‍സും 19ാം ഓവറില്‍ 14 റണ്‍സും അടിച്ചെടുത്ത ഈ സഖ്യം പാകിസ്ഥാനില്‍ നിന്നു വിജയം തട്ടിയെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്നെടുത്ത 52 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 17 പന്തുകള്‍ നേരിട്ട ഹര്‍ദിക് ഒരു സിക്‌സും നാല് ഫോറുമടക്കം 33 റണ്‍സോടെ പുറത്താകാതെ നിന്നു.