ന്യൂസിലണ്ടിനെതിരായ ആദ്യ ട്വന്റി 20 ; അടിമുടി അടിതെറ്റി ഇന്ത്യ; വൻ തോൽവി

33

ന്യൂസിലന്‍ഡുമായുള്ള ടി20 പരമ്ബരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് അടിതെറ്റി. ഇന്നലെ നടന്ന മത്സരത്തില്‍ കനത്ത തോല്‍വിയാണ് ഇന്ത്യക്ക് ന്യൂസിലന്‍ഡിനോട് നേരിടേണ്ടി വന്നത്. 80 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി. ഇന്ത്യന്‍ വനിതാ ടീമും കിവികളുടെ ബാറ്റിന്റെ ചൂടറിഞ്ഞ ദിവസമായിരുന്നു ഇന്നലെ. വനിതാ വിഭാഗത്തില്‍ 23 റണ്‍സിനായിരുന്നു ഇന്ത്യയുടെ തോല്‍വി.

പുരുഷവിഭാഗത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ആറു വിക്കറ്റിന് 219 റണ്‍സെടുത്തപ്പോള്‍ തന്നെ കളി ഇന്ത്യ കൈവിട്ടിരുന്നു. മറുപടി ബാറ്റിങില്‍ പൊരുതാന്‍ പോലും ശ്രമിക്കാതെയാണ് ഇന്ത്യ കീഴടങ്ങിയത്. നാലു പന്ത് ബാക്കിനില്‍ക്കെ 139 റണ്‍സിന് ഇന്ത്യ ഇന്നിങ്‌സ് അവസാനിപ്പിച്ചു. 39 റണ്‍സെടുത്ത എം.എസ് ധോണിയാണ് ഇന്ത്യന്‍ നിരയില്‍ കൂടുതല്‍ റണ്‍സ് നേടിയ താരം. ടിം സൗത്തിയാണ് ഇന്ത്യന്‍ ബാറ്റിങ് നിരയുടെ അടിവേരറുത്തത്. മികച്ച ബൗളിങ് പുറത്തെടുത്ത സൗത്തി മൂന്ന് വിക്കറ്റെടുത്തു. ഫെര്‍ഗൂസന്‍, മിച്ചെല്‍ സാന്റ്‌നര്‍, ഇഷ് സോധി എന്നിവര്‍ രണ്ടണ്ടു വിക്കറ്റ് വീതവും വീഴ്ത്തി. ശിഖര്‍ ധവാന്‍ (29), വിജയ് ശങ്കര്‍ (27), ക്രുനാല്‍ പാണ്ഡ്യ (20) എന്നിവര്‍ മാത്രമാണ് ഇന്ത്യന്‍ നിരയില്‍ രണ്ടക്കം കണ്ടത്. ഇതോടെ മൂന്ന് മത്സരങ്ങളുള്ള പരമ്ബരയില്‍ ന്യൂസിലന്‍ഡ് 1-0 ന് മുന്നിലെത്തി.