സൗദിയിൽ സ്വദേശിവൽക്കരണം പുനഃപരിശോധിക്കുന്നു; പ്രവാസികൾക്ക് ആശ്വാസം

8

സൗദി തൊഴില്‍ മേഖലയിലെ സ്വദേശിവത്കരണതോത് ചില മേഖലകളില്‍ പുനഃപരിശോധനയ്ക്ക് വിധേയമാക്കുമെന്ന് തൊഴില്‍ മന്ത്രി. എന്നാല്‍ എല്ലാ മേഖലയിലും സ്വദേശിവത്കരണതോത് കുറയ്ക്കാനാവില്ലെന്നും മന്ത്രി പറഞ്ഞു. വ്യാപാരികളുടെ ആവശ്യത്തോട് പ്രതികരിക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സൗദിയിലെ പന്ത്രണ്ട് തൊഴില്‍ മേഖലയില്‍ 70 ശതമാനം സ്വദേശിവത്കരണം കൊണ്ടുവന്നിരുന്നു.

ഈ മേഖലകളിലുള്ള സ്വദേശിവത്കരണ തോതില്‍ മാറ്റം വരുത്തണമെന്ന് സൗദിയില വ്യാപാരികള്‍ നിരന്തരമായി ആവശ്യമുന്നയിക്കുകയായിരുന്നു. ഈ മേഖലകളില്‍ സ്വദേശിവത്കരണം നടപ്പാക്കിയതോടെ വിദേശികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കാന്‍ വ്യാപാരികള്‍ നിര്‍ബന്ധിതരായി. എന്നാല്‍ കഴിവുറ്റതും അനുയോജ്യവുമായ സ്വദേശികളെ കിട്ടാത്തത് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചു.

പല സ്ഥാപനങ്ങളും പൂട്ടി. ചിലത് പൂട്ടലിന്‍റെ വക്കിലുമാണ്. ഈ പശ്ചാത്തലത്തിലാണ് വ്യാപാരികള്‍ മന്ത്രിക്ക് മുമ്ബില്‍ തങ്ങളുടെ ആവശ്യം ആവര്‍ത്തിച്ചത്. സ്വകാര്യമേഖലാ സ്ഥാപനങ്ങള്‍ക്ക് നിര്‍ബന്ധമാക്കിയ സ്വദേശിവത്കരണാനുപാതം തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം സമഗ്രമായി പുനഃപരിശോധിക്കുമെന്ന ഉറപ്പാണ് മന്ത്രി എന്‍ജിനീയര്‍ അഹമ്മദ് അല്‍റാജ്ഹിയില്‍ നിന്നും വ്യാപാരികള്‍ക്ക് ലഭിച്ചത്. സ്വദേശി-വിദേശി അനുപാതം 50 ശതമാനമായി കുറയ്ക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.