ഏഷ്യാ കപ്പില്‍ യുഎഇയെ തളയ്ക്കാന്‍ ഇന്ത്യ ഇന്നിറങ്ങുന്നു; ആരാധകര്‍ ആവേശത്തിൽ

7

ഏഷ്യാ കപ്പില്‍ വീണ്ടും കരുത്ത് കാട്ടാന്‍ ഇന്ത്യ ഇന്നിറങ്ങും. എ ഗ്രൂപ്പിലെ കരുത്തരെന്ന് വിശേഷിപ്പിക്കപ്പെടുന്ന യുഎഇയിലാണ് ഇന്ത്യയുടെ എതിരാളികള്‍. ആതിഥേയര്‍ക്കെതിരെ സമനില പിടിച്ചാല്‍ പോലും ഇന്ത്യയ്ക്ക് ഗ്രൂപ്പ് ഘട്ടം പിന്നിടുന്നതിനുള്ള സാധ്യതകള്‍ സജീവമാക്കാം. സുനില്‍ ഛേത്രിയാകും ഇന്നത്തെ കളിയില്‍ ഇന്ത്യയെ നയിക്കുക.

ആദ്യ മത്സരത്തില്‍ തായ്‌ലാന്‍ഡിനെ ഒന്നിനെതിരെ നാല് ഗോളുകള്‍ക്ക് തകര്‍ത്ത് കടുത്ത ഇന്ത്യന്‍ ആരാധകരെ പോലും ഇന്ത്യ ഞെട്ടിച്ചിരുന്നു. ഇന്ത്യന്‍ ആരാധകര്‍ സ്‌റ്റേഡിയം നിറയ്ക്കുമെന്ന് വ്യക്തമായതോടെ, ഹോം ഗ്രൗണ്ടിന്റെ സാധ്യതകള്‍ ടീമിന് ലഭ്യമാക്കാന്‍ 5000 ടിക്കറ്റുകളാണ് യുഎഇ സൗജന്യമായി വിതരണം ചെയ്യുന്നത്. മധ്യനിരയില്‍ ഛേത്രിയും ആഷിഖ് കുരുണിയനും ചേര്‍ന്ന് തീര്‍ത്ത സാങ്കേതിക മികവായിരുന്നു റാങ്കിങ്ങില്‍ ഇന്ത്യയേക്കാള്‍ മുന്നിലുള്ള തായ്‌ലാന്‍ഡിനെ തറപറ്റിക്കാന്‍ നീലക്കടുവകള്‍ക്ക് കരുത്ത് പകര്‍ന്നത്.

ഏഷ്യാ കപ്പിലെ രണ്ടാം മത്സരത്തിന് ഇറങ്ങുമ്ബോള്‍, തങ്ങളേക്കാള്‍ റാങ്കിങ്ങില്‍ 18 സ്ഥാനം മുന്നിലുള്ള, 1990ല്‍ ലോക കപ്പിന് യോഗ്യത നേടിയിട്ടുള്ള യുഎഇയെയാണ് ഇന്ത്യയ്ക്ക് നേരിടേണ്ടത്.